തൃശൂർ ജില്ലയിലെ നെൽകർഷകർക്ക് നെല്ല് സംഭരിച്ച വകയിൽ നൽകാനുള്ളത് 79.41 കോടിയെന്ന് നിയമസഭയിൽ ഭക്ഷ്യമന്ത്രി. കോൾ കർഷക സംഘം ജനറൽ സെക്രട്ടറി കൂടിയായ മുരളി പെരുന്നെല്ലി എം.എൽ.എയുടെ സബ്മിഷന് നൽകിയ മറുപടിയിലാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ മറുപടി നൽകിയത്. രണ്ടാം വിളയുടെ ഭാഗമായി തൃശൂർ ജില്ലയിൽ നിന്നും 30290 മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. ഇതിനായി കർഷകർക്ക് നൽകേണ്ട 85.41 കോടിയിൽ ആറ് കോടി വിതരണം നടത്തി. ഇനി 79.41 കോടി രൂപ കൊടുത്തു തീർക്കാൻ ബാക്കിയുണ്ട്. നെല്ലിന്റെ വില നൽകുന്നതിനായി കേന്ദ്ര സർക്കാരിലേക്ക് 400 കോടിയുടെ ക്ലെയിം സമർപ്പിച്ചിട്ടുണ്ട്. തുക മാർച്ച് അവസാനത്തോടെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുക കിട്ടുന്ന മുറക്ക് നെല്ലിന്റെ വില കർഷകർക്ക് നൽകാൻ കഴിയും. കൂടാതെ നെല്ലിന്റെ വില കർഷകർക്ക് സമയസന്ധിതമായി നൽകുന്നതിന് കേരള ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്നും വായ്പ സ്വീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നാല്‍ വായ്പ അനുവദിക്കുന്ന കാര്യത്തില്‍ കേരളത്തിലെ ബാങ്കുകള്‍ അനുകൂല നിലപാടല്ല സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിയോഗിച്ച ഏജൻസി എന്ന നിലയ്ക്കാണ് ‘വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതി’ എന്ന കേന്ദ്ര സർക്കാർ പദ്ധതി 2005 മുതൽ സപ്ലൈകോ നടപ്പിലാക്കി വരുന്നത്. ഇത് കേന്ദ്ര സർക്കാരിന്റെ പദ്ധതി ആണെങ്കിലും കേരളത്തിലെ കർഷകരെ സഹായിക്കുന്നതിന്, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി, സംസ്ഥാന സർക്കാരും വിഹിതം നൽകുന്നുണ്ട്. ഓരോ വർഷവും കൂടുതൽ കർഷകരിൽ നിന്നും നെല്ല് സംഭരണം നടത്തികൊണ്ട് മെച്ചപ്പെട്ടരീതിയിൽ ഇക്കാര്യത്തില്‍ സപ്ലൈകോ പ്രവർത്തിച്ചുവരുന്നു. പദ്ധതി പ്രകാരം 2021 – 22 സീസണിൽ 2,54,072 കർഷകരില്‍ നിന്നും 7.48 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കുകയും ആയതിന് 2095.52 കോടി രൂപ കർഷകർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. 2021-22 സീസണിൽ പി.ആർ.എസ് വായ്പാ പദ്ധതി പ്രകാരം 11 ബാങ്കുകളിലൂടെയാണ് നെല്ലിന്റെ വില കർഷകർക്ക് വിതരണം ചെയ്തിട്ടുള്ളത്. പി.ആർ.എസ് പദ്ധതി പ്രകാരം നെല്ലിന്റെ വില കർഷകരുടെ പേരിൽ വായ്പയായി നൽകുകയും ഈ വായ്പ പലിശ സഹിതം സപ്ലൈകോ ബാങ്കുകളിലേക്ക് തിരിച്ചടയ്ക്കുകയുമാണ് ചെയ്തു വന്നിരുന്നത്. എന്നാൽ പ്രസ്തുത പദ്ധതിയ്ക്കുളള കേന്ദ്ര-സംസ്ഥാന വിഹിതം ലഭ്യമാകുന്നതിന് കാലതാമസം നേരിടുന്നതിനാൽ വായ്പ തിരിച്ചടവിന് കാലതാമസം ഉണ്ടാകുമായിരുന്നു. പി.ആർ.എസ് വായ്പയുടെ തിരിച്ചടവ് വൈകുന്നതു കാരണം കർഷകരുടെ സിബിൽ സ്കോർ (CIBIL SCORE) കുറയുന്നതിനാൽ കർഷകർക്ക് മറ്റ് ആവശ്യങ്ങൾക്കുള്ള വായ്പകൾ എടുക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. പ്രസ്തുത പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നരവധി കർഷകർ പരാതികൾ സമർപിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിലാണ് എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നീ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നും 2500/-കോടി രൂപയുടെ വായ്പ സ്വീകരിക്കുവാൻ സപ്ലൈകോ നിർബന്ധിതമാവുകയും പ്രസ്തുത തുകയിൽ നിന്നും 2100 കോടി രൂപ നിലവിലുണ്ടായിരുന്ന പി.ആർ.എസ് വായ്പകൾ അടച്ചു തീർക്കാൻ വിനിയോഗിക്കുകയും ചെയ്തത്.
സപ്ലൈകോയ്ക്ക് ബാങ്കുകളിൽ നിന്നും സ്വീകരിക്കുവാൻ കഴിയുന്ന പരമാവധി വായ്പ 2500 കോടി രൂപയായി നിജപ്പെടുത്തിയിട്ടുള്ളതിനാൽ ബാങ്കുകളിൽ നിന്നും കൂടുതൽ വായ്പ സ്വീകരിക്കുവാൻ സപ്ലൈകോയ്ക്ക് കഴിയുന്നില്ല. സപ്ലൈകാേയുടെ വായ്പ പരിധി 3500 കോടി രൂപയായി വർദ്ധിപ്പിക്കണമെന്ന ആവശ്യം ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് കർഷകർക്ക് 2023 ജനുവരി 31 വരെയുള്ള ഒന്നാം വിള കുടിശ്ശിക തീർക്കുന്നതിനായി കേരള ബാങ്കിൽ നിന്നും 200 കോടി രൂപയുടെ പി.ആർ.എസ്. വായ്പ സ്വീകരിച്ചത്. പ്രസ്തുത തുക കർഷകർക്ക് നൽകിവരുന്നു. 2022-23 സീസണിലെ നെല്ല് സംഭരണം 2022 സെപ്തംബറിൽ ആരംഭിച്ച് 2023 ജൂണിൽ അവസാനിക്കും. 2022-23 സീസണിൽ നാളിതുവരെ 96500 കർഷകരിൽ നിന്നും 2.79 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കുകയും 72314 കർഷകർക്കായി 570 കോടി രൂപ നൽകുകയും ചെയ്തിട്ടുണ്ട്. 24186 കർഷകർക്ക് 240 കോടി രൂപ നൽകാൻ ബാക്കിയുണ്ട്. തൃശൂർ ജില്ലയിൽ നിന്നും നാളിതുവരെ 33804 മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. ഒന്നാം വിളയുടെ ഭാഗമായി സംഭരിച്ച 3513 മെട്രിക് ടൺ നെല്ലിന്റെ വിലയായ 9.90 കോടി രൂപ വിതരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
തൃശൂർ ജില്ലയിലെ നെൽകർഷകർക്ക് നെല്ല് സംഭരിച്ച വകയിൽ നൽകാനുള്ളത് 79.41 കോടി
Advertisement
Advertisement