ചാവക്കാട് ബ്ലാങ്ങാട്‌ ബീച്ചിലും ഫ്ലോട്ടിങ് ബ്രിഡ്ജ് വരുന്നു; ഇനി തിരമാലകൾക്ക് മുകളിലൂടെ നടന്നും കടൽക്കാറ്റ് ആസ്വദിക്കാം

23

ചാവക്കാട് ബ്ലാങ്ങാട്‌ ബീച്ചിലും ഫ്ലോട്ടിങ് ബ്രിഡ്ജ് വരുന്നു. ഇനി തീരത്തിരുന്നു മാത്രമല്ല, തിരമാലകൾക്ക്‌ മുകളിലൂടെ നടന്നും കടൽക്കാറ്റിൻ കുളിരിൽ കാഴ്‌ചകൾ ആസ്വദിക്കാം. ഫ്ലോട്ടിങ് ബ്രിഡ്‌ജോടുകു‌ടി ബീച്ചിന്റെ വികസന സാധ്യതകൾ വൻതോതിൽ വർധിക്കും. സാഹസിക വിനോദങ്ങൾക്ക് ഇഷ്ടപ്പെടുന്നവർ ഉൾപ്പടെ ചാവക്കാട്ടേയ്ക്ക് കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നത്‌ കൂടുതൽ തൊഴിലവസരങ്ങൾക്കും പൊതുവികസനത്തിനും മുതൽക്കൂട്ടാകും. സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിൽ കേരളത്തിൽ ഏഴ്‌ ജില്ലയിൽ ഫ്ലോട്ടിങ് ബ്രിഡ്‌ജുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്‌. ഇതിൽ ഉൾപ്പെടുത്തിയാണ്‌ ചാവക്കാട്‌ ബ്ലാങ്ങാട്‌ ബീച്ചിലും സ്ഥാപിക്കുന്നത്‌.
ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ബീച്ചാണിത്‌. എംഎൽഎ ആയിരുന്ന കെ വി അബ്ദുള്‍ഖാദർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ നിലവിലെ എംഎൽഎ എൻ കെ അക്ബർ മുന്നോട്ട് കൊണ്ടുപോകുകയാണ്. ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസും ഇതിനു പിന്തുണയേകി. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഹൈഡെൻസിറ്റി പോളി എത്തിലിൻ (എച്ച്‌ഡിപിഇ) ബ്ലോക്കുകൾ കൊണ്ടാണ്‌ പാലം നിർമിക്കുക. 700 കിലോ ഭാരമുള്ള നങ്കൂരങ്ങൾ ഉപയോഗിച്ച്‌ ഉറപ്പിക്കും. മൂന്നുമീറ്റർ വീതിയിൽ നടപ്പാതയും അവസാന ഭാഗത്ത്‌ 11 മീറ്റർ നീളവും 7 മീറ്റർ വീതിയിലും കടൽക്കാഴ്‌ചകൾ കാണാൻ പ്ലാറ്റ്‌ഫോം ഉണ്ടാവും. ഒരേ സമയം നൂറുപേർക്ക്‌ കാണാനാണ്‌ അവസരം. ഒരു വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കാനാണ്‌ ലക്ഷ്യമെന്ന്‌ എൻ കെ അക്‌ബർ എംഎൽഎ പറഞ്ഞു. ഡിടിപിസി വഴി ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്‌. ബ്ലാങ്ങാട്‌ ബീച്ചിൽ അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കുന്നതിന്‌ വിദഗ്‌ധരും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചതായും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement