
ഒല്ലൂരിൽ രണ്ട് വയസുകാരിയും മുത്തശ്ശിയും 10 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിൽ വീണു. ഒല്ലൂർ കമ്പനിപ്പടി അരിമ്പൂർ വീട്ടിൽ റീന സെബാസ്റ്റ്യൻ(58), കെസിയ ഡെനിഷ് (രണ്ട്) എന്നിവരാണ് വീണത്. രാവിലെ
ഒല്ലൂർ – കമ്പനിപ്പടിക്ക് സമീപം ഫാത്തിമ നഗറിലാണ് അപകടം.വീടിനു പിറകുവശത്തുള്ള ഉപയോഗിക്കാത്ത ബലക്ഷയമുള്ള സെപ്റ്റിക് ടാങ്കിന് മുകളിലൂടെ നടക്കുമ്പോഴായിരുന്നു അപകടം. കൊച്ചുമകളായ സിയയെ എടുത്ത് നടക്കുകയായിരുന്നു റീമ. ഈ സമയം സ്ലാബ് ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. സെപ്റ്റിക് ടാങ്കിനകത്തേക്ക് വീണ റീമയുടെ കാൽ സ്ലാബിന് അടിയിൽ കുടുങ്ങി. ഇതോടെ കുട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു അവർ. തുടർന്ന് തൃശൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. ടാങ്കിന് അകത്ത് ഇറങ്ങി ആദ്യം സുരക്ഷിതമായി കുട്ടിയെ പുറത്തെത്തിച്ചു. തുടർന്ന് കാലിൽ പരുക്ക് പറ്റിയ സ്ത്രീയെ മറ്റ് പരുക്കുകൾ കൂടാതെ സുരക്ഷിതമായി പുറത്ത് എത്തുകയും ചെയ്തു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ ദിനേശ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നവനീത കണ്ണൻ, ദിനേശ്, സജിൻ, ജിമോദ്, അനിൽകുമാർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഇരുവരെയും തൃശൂർ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ഒല്ലൂർ ആകട്സ് പ്രവർത്തകർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.