ആറാട്ടുപുഴ പൂരം: പങ്കാളി ക്ഷേത്രങ്ങളിൽ മകീര്യം പുറപ്പാടും കൊടിയേറ്റവും ഇന്ന്

7

ആറാട്ടുപുഴ ദേവമേളയിലെ പങ്കാളി ക്ഷേത്രങ്ങളിൽ ശനിയാഴ്ച മകീര്യം പുറപ്പാടും കൊടിയേറ്റവും നടക്കും. പ്രധാന പങ്കാളികളായ തൃപ്രയാർ, ഊരകം, ചേർപ്പ്, അയ്‌കുന്ന് തുടങ്ങീ ക്ഷേത്രങ്ങളിൽ പുറപ്പാട് ആണ്. ആറാട്ടുപുഴ, ചാത്തക്കുടം തുടങ്ങീ ക്ഷേത്രങ്ങളിൽ കൊടിയേറ്റവും. ആറാട്ടുപുഴ ക്ഷേത്രത്തിൽ രാത്രി 8.30ന് കൊടിയേറ്റം നടക്കും. തന്ത്രി, ക്ഷേത്ര ഊരാളൻ കുടുംബാംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് കൊടിയേറ്റം.ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ മകീര്യം പുറപ്പാട് ശനിയാഴ്ച രാത്രി 9.30- ന് നടക്കും. പുറപ്പാടിന് മുന്നോടിയായി താത്‌കാലിക കൊടിമരം ഉയർത്തും. വൈകീട്ട് പിഷാരിക്കൽ ഭഗവതി ഊരകം ക്ഷേത്രത്തിലെത്തി പ്രദക്ഷിണം വെച്ച് നിറപറകൾ സ്വീകരിച്ചു തിരിച്ചെഴുന്നള്ളുന്നതോടെ ക്ഷേത്രം തന്ത്രി കൊടിമരം പൂജ നടത്തും. ഊരകം മൈമ്പിള്ളി ക്ഷേത്രക്കുളത്തിൽ പിഷാരിക്കൽ ഭഗവതിയുടെ ആറാട്ട് നടക്കും. രാത്രി 8.30- ന് ചുറ്റമ്പലത്തിനകത്ത് കൊട്ടിപ്പുറപ്പാട് നടക്കും. പൂർണ കനകാലങ്കാരഭൂഷിതയായി എഴുന്നള്ളുന്ന ഊരകത്തമ്മ പടിഞ്ഞാറേ ഗോപുരത്തിലൂടെ പുറത്തേക്ക് എഴുന്നള്ളും. കേരളാ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകും. കൊച്ചി -ഷൊർണൂർ റെയിൽവേ ലൈനിനുവേണ്ടി തന്റെ സ്വത്തുക്കൾ ദാനം ചെയ്തു ദേശസ്നേഹത്തിന് മാതൃക കാണിച്ച ക്ഷേത്രമായതിനാലാണ് കൊല്ലങ്ങളായി മുടങ്ങാതെ സർക്കാർ ഊരകത്തമ്മയെ ആദരിക്കുന്നത്. പുറത്തേക്ക് എഴുന്നള്ളുന്ന ദേവി ക്ഷേത്രം ഊരാളന്മാരായ പൂമുള്ളി മനയ്ക്കലെത്തി നിറപറകൾ സ്വീകരിച്ചതിനുശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് എഴുന്നള്ളും. നാണയം, അരി, നെല്ല്, പഞ്ചസാര,ശർക്കര, മഞ്ഞൾ, അവിൽ, മലർ, നാളികേരം, പൂക്കൾ എന്നീ ദ്രവ്യങ്ങളാൽ നിറപറകൾ സമർപ്പിച്ചു ദേവിയെ സ്വീകരിക്കും. അതോടെ പാണ്ടിമേളത്തിന് തുടക്കമാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ വടക്കുഭാഗത്തേക്ക് എത്തുന്നതോടെ കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. കിഴക്കെ ഗോപുരസമീപം എത്തുന്നതോടെ മേളം അവസാനിക്കും. കേളി, കുഴൽപറ്റ്, കൊമ്പുപറ്റിനുശേഷം മൈമ്പിള്ളി ക്ഷേത്രക്കുളത്തിൽ ആറാട്ട് നടക്കും. ഇറക്കിപൂജയ്ക്ക് ശേഷം ഊരകം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളും.ചേർപ്പ് ഭഗവതി ക്ഷേത്രത്തിൽ വൈകീട്ട് ആറിനാണ് പുറപ്പാട്. ആനകളോടും പാണ്ടിമേളത്തോടും ഭഗവതി എഴുന്നള്ളും.പെരുവനം കുട്ടൻ മാരാർ പ്രമാണിയാകും.

പെരുവനം ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിന് ശനിയാഴ്ച കൊടിയേറ്റും. ഉച്ചതിരിഞ്ഞ് നാലിന് ദേശത്തെ ആശാരി ഭാസ്കരൻ തെക്കൂട്ടിന്റെ നേതൃത്വത്തിൽ നാട്ടുകാർ തലയോടുകൂടിയ കവുങ്ങ് മുറിച്ചു ആർപ്പു വിളിയോടെ ക്ഷേത്രത്തിലെത്തിക്കും.

ഇവ ചെത്തി മിനുക്കി. പഞ്ചഭൂതങ്ങളെ സങ്കൽപ്പിച്ച് അഞ്ചു സ്ഥലത്ത് ആലിലയും മാവിലയും കൂട്ടികെട്ടി ഒരു നാഴിവട്ടം ദർഭ പുല്ലു കടയ്ക്കൽ കെട്ടി വെക്കും. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രം കഴകം വാരിയർ കൊടിക്കൽ പറ നിറയ്ക്കുന്നതോടുകൂടി കൊടികയറ്റും. കൊടിയേറ്റത്തിന് ശേഷം മാരാർ ശംഖ് വിളിച്ചു വലംതലയിൽ കൊട്ടിവെക്കും. ശേഷം ചമയ ദ്രവ്യസമർപ്പണവും എണ്ണ സമർപ്പണവും. അയ്‌കുന്ന് പാണ്ഡവഗിരി ദേവീയുടെ മകീര്യം പുറപ്പാട് ചടങ്ങുകൾ വൈകീട്ട് 5.30- ന് തുടങ്ങും. കൊടിയേറ്റം, വലിയ പാണി എന്നിവയ്ക്ക് ശേഷം ദേവി ശങ്കരമംഗലം തീർഥക്കുളത്തിലേക്ക്‌ ആറാട്ടിനായി എഴുന്നള്ളും. 8.30-ന് ശങ്കരമംഗലം തീർഥക്കുളത്തിൽ ആറാട്ട് നടക്കും. തിരിച്ചെത്തി നവകം, ശ്രീഭൂതബലി എന്നിവ നടക്കും. ഞായറാഴ്ച പയങ്കൽ ക്ഷേത്രത്തിലേക്കും 22ന് കോടന്നൂർ ശാസ്താ ക്ഷേത്രത്തിലേക്കും 23ന് പെരുവനം പൂരത്തിനും എഴുന്നള്ളും 24ന് ചേർപ്പ് ഭഗവതിയോടൊപ്പം പെരുവനം തൊടുകുളത്തിൽ ആറാട്ട്, മംഗല്യസിദ്ധിപൂജ, 26ന് ആറാട്ടുപുഴ പൂരത്തിന് എഴുന്നള്ളത്ത്, 27ന് ആറാട്ടുപുഴ മന്ദാരം കടവിൽ ആറാട്ട്,വൈകീട്ട് ബ്രാഹ്മണിപ്പാട്ട് എന്നിവ നടക്കും.