ആറാട്ടുപുഴ ക്ഷേത്രത്തിലെ പൂരം ചടങ്ങുകൾ ചൊവ്വാഴ്ച തുടങ്ങും. വെളുപ്പിന് ശാസ്താവിന് 108 കരിക്കഭിഷേകം, ചുറ്റുവിളക്ക്, സമർപ്പണം, കളഭാഭിഷേകം എന്നിവ നടക്കും. തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് കാർമികനാകും. പൂരക്കാലത്തെ 12 ദിവസങ്ങളിലായി 22 ചുറ്റുവിളക്കുകൾ തെളിയിക്കും. ഇതിൽ രണ്ടെണ്ണം സമ്പൂർണ്ണ നെയ് വിളക്കായാണ് നടത്തുന്നത്. ഗ്രാമബലി വരെയുള്ള പന്ത്രണ്ടുദിവസങ്ങളിൽ ശ്രീലകത്തും ചുറ്റിലുമുള്ള എല്ലാ വിളക്കുകളിലും നെയ്ത്തിരിയാണ് തെളിയുക. രാവിലെയും വൈകീട്ടും 5.15നാണ് ചുറ്റുവിളക്ക്. ഭക്തരുടെ സമർപ്പണമായാണ് ഇവ നടത്തുന്നത്. നെയ് സമർപ്പണം ചൊവ്വാഴ്ച രാവിലെ എട്ടിന് തുടങ്ങും. പൂരം വരെയുള്ള ദിവസങ്ങളിൽ ഭക്തർക്ക് നെയ്യ് സമർപ്പിക്കാനുള്ള സൗകര്യമുണ്ട്. മാർച്ച് 26നാണ് ആറാട്ടുപുഴ പൂരം. തേവർപന്തലുകൾക്കുള്ള കാൽനാട്ടി.
പൂരത്തിന് നായകത്വം വഹിക്കുന്ന തൃപ്രയാർ തേവർക്ക് നിലകൊള്ളാൻ നിർമിക്കുന്ന പന്തലിനും തേവരുടെ സ്വീകരണപ്പന്തലിനും കാൽനാട്ടി. നിലകൊള്ളാൻ ആറാട്ടുപുഴ കൈതവളപ്പിന് സമീപവും സ്വീകരണത്തിന് ക്ഷേത്ര പത്തായപ്പുരക്ക് സമീപവുമാണ് പന്തലൊരുക്കുന്നത്. മേൽശാന്തി ഏറന്നൂർ സംഗമേശ്വരൻ നമ്പൂതിരിയുടെ ഭൂമിപൂജയോടെ ചടങ്ങുകൾ തുടങ്ങി. മേളപ്രമാണി പെരുവനം കുട്ടൻ മാരാർ, കൃഷ്ണനുണ്ണി തൃപ്രയാർ, പ്രകാശൻ തൃപ്രയാർ, ദേശക്കാർ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ, ഭക്തർ എന്നിവർ പങ്കെടുത്തു. എം. കൃഷ്ണകുമാർ ആറാട്ടുപുഴയാണ് പന്തൽ നിർമാണം. പ്രസിഡൻറ് എം. മധു, സെക്രട്ടറി കെ. സുജേഷ്, എം.ശിവദാസൻ, എ.ജി. ഗോപി, സുനിൽ പി. മേനോൻ, പി. രാജേഷ് എന്നിവർ നേതൃത്വം നൽകി.