
തൃശൂരിന്റെ ആകാശത്ത് അഗ്നിമഴപെയ്യാൻ ഇനി നിമിഷങ്ങൾ മാത്രം. ജനസാഗരം അക്ഷമയോടെ കാത്തിരിക്കുകയാണ്. സാമ്പിള്‍ വെടിക്കെട്ടിന് ഇരു വിഭാഗവും തീ കൊളുത്തുന്നതോടെ തേക്കിന്‍കാടിന്റെ ആകാശവിതാനത്തില്‍ ഇന്ന് അഗ്നിക്കീറുകള്‍ പെയ്തിറങ്ങും. അണമുറിയാത്ത വിസ്മയക്കൂട്ടുകളൊരുക്കിയാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ കാത്തിരിക്കുന്നത്. ഇത്തവണ തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് വ്യത്യസ്തമായിരിക്കുമെന്നാണ് ദേവസ്വങ്ങളുടെയും വെടിക്കെട്ട് കരാറുകാരുടെയും അവകാശവാദം. ആകര്‍ഷകമായ വര്‍ണങ്ങളുമായി ആകാശത്ത് വിരിയുന്നത് സ്ഥിരം കാഴ്ചകളല്ല എന്നതു തന്നെയാണ് അതിന് കാരണം. കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലും പാളത്തിലോടിത്തുടങ്ങിയ വന്ദേ ഭാരതുമടക്കമുള്ള വിസ്മയങ്ങൾ വെടിക്കെട്ടിലുണ്ടാവുമെന്നാണ് പറഞ്ഞിരിക്കുന്നത്. തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സാംമ്പിള്‍ വെടിക്കെട്ടിലാണ് ആകാശത്ത് ഓടിക്കളിക്കുന്ന തീവണ്ടിയുമായി തിരുവമ്പാടിയെത്തുന്നത്. മാനത്തോടിക്കളിക്കുന്ന അമിട്ടിന് ഇത്തവണ ഇട്ടിരിക്കുന്ന പേരാണ് വന്ദേഭാരത്. പ്രഹരശേഷി കുറച്ച് നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇത്തവണ വെടിക്കെട്ട്. രണ്ടായിരം കിലോ വീതം പൊട്ടിക്കാനാണ് അനുമതി. ഇതിനായുള്ള തയാറെടുപ്പുകള്‍ നേരത്തെ തുടങ്ങി. വെടിമരുന്നുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് വെടിപുരകളിലെത്തിച്ച് പണികളാരംഭിച്ചത്. ഓരോ ദേവസ്വത്തിന്റെയും വെടിക്കെട്ട് പുരയിലും മുപ്പതില്‍ കുറയാത്ത തൊഴിലാളികളുണ്ട്. ശിവകാശിയില്‍ നിന്നു വരെ പണിക്കാരെത്തിയട്ടുണ്ട്. എന്തായാലും സംഭവം കളറായിരിക്കുമെന്നാണ് പൂരപ്രേമികള്‍ പറയുന്നത്. കെ. റെയിലും വന്ദേഭാരതും റെഡ്‌ലീഫും ഫ്‌ളാഗ്ഫ്‌ളാഷുമായി രംഗം കൊഴുപ്പിക്കാന്‍ എത്തുന്ന തിരുവമ്പാടിക്ക് സില്‍വര്‍ഫിഷും റെഡ്‌സ്‌നേക്കും സ്‌മോക് സ്‌ക്രീനുമായി പാറമേക്കാവ് മറുപടി നല്‍കും. അങ്ങനെ വിസ്മയങ്ങൾ എന്തൊക്കെയുണ്ടാവുമെന്ന ആകാംഷയിലാണ് പൂരപ്രേമികൾ. കര്‍ശന നിബന്ധനകളോടെയാണ് സാമ്പിള്‍ വെടിക്കെട്ട് ഒരുക്കുന്നതെന്ന് ദേവസ്വങ്ങള്‍ അറിയിച്ചു. പെസോ, പൊലീസ്, ജില്ലാഭരണകൂടം എന്നിവരുടെ മാറിമാറിയുള്ള പരിശോധനകള്‍ക്കൊടുവിലാണ് തീ കൊളുത്തുക. ഇന്നത്തെ സാമ്പിളില്‍ 2000 കിലോഗ്രാം വെടിക്കെട്ട് കത്തിക്കും. മുഖ്യവെടിക്കെട്ടിനും പകല്‍ പൂരത്തിന്റെ വെടിക്കെട്ടിനും 2000 കിലോ വീതം ഉപയോഗിക്കും. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് സതീശനാണ്. കണ്‍വീനര്‍ പി. ശശിധരന്‍. പാറമേക്കാവ് ലൈസന്‍സി പി.സി. വര്‍ഗീസ്. കണ്‍വീനര്‍ ജി. രാജേഷ്. ഊഴമനുസരിച്ച് ആദ്യം തിരുവമ്പാടിയാണ് രാത്രി ആദ്യം തീ കൊളുത്തുക. 30നാണ് തൃശൂര്‍പൂരം. നാളെ പൂരവിളംബരവുമായി നെയ്തലക്കാവ് ഭഗവതി രാവിലെ 11ന് എഴുന്നള്ളിയെത്തി വടക്കുംനാഥന്റെ തെക്കേഗോപുരനട തള്ളിത്തുറക്കുന്നതോടെ നഗരം പൂരാവേശത്തിലേക്ക്. നഗരത്തെ ആറുമേഖലകളായി തിരിച്ചാണ് പോലീസ് നിയന്ത്രണം. മുൻ വർഷത്തിൽ സ്വരാജ് റൗണ്ടിലേക്ക് ആളെ പ്രവേശിപ്പിക്കുന്നില്ലെന്ന പരാതിയിൽ ഇത്തവണ കാര്യമായി ഭേദഗതി വരുത്തിയിട്ടുള്ളത് ആശ്വാസമാണ്. കൂട്ടപ്പൊരിച്ചിൽ നടക്കുന്ന നടുവിലാൽ ഭാഗത്ത് നിന്നുള്ള ചെറിയ ഭാഗമൊഴികെയുള്ള പ്രദേശത്ത് ആളുകൾക്ക് പ്രവേശനമനുവദിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.