കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് വിട്ടു നൽകാതെ രോഗി മരിച്ചുവെന്ന് ആക്ഷേപം. ഇക്കഴിഞ്ഞ 11ന് കുന്നംകുളം ഇന്ദിര നഗർ സ്വദേശി കാണിപ്പയ്യൂർ വീട്ടിൽ സുധീഷ് (48) മരിച്ചതാണ് വിവാദം. പുലർച്ചെ രണ്ടുമണിയോടെ കടുത്ത നെഞ്ച് വേദനയെ തുടർന്ന് സുധീഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ രക്തത്തിലെ ഓക്സിജൻ നില നാല്പത്തിയഞ്ചായി കുറഞ്ഞത് കണ്ടെത്തി ആശുപത്രി ജീവനക്കാർ സി.പി.ആർ നൽകി ഓക്സിജൻ നില തൊണ്ണൂറ് എന്ന നിലയിലെത്തിച്ചു. വിദഗ്ധ ചികിത്സക്കായി സ്വകാര്യാശുപത്രിയിലേക്ക് മാറ്റാനായി കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ആമ്പുലൻസും നൂറ്റിയെട്ട് ആമ്പുലൻസും ആശുപത്രി വളപ്പിൽ തന്നെയുണ്ടെന്നിരിക്കെ അവയുടെ സേവനം നൽകാതെ മറ്റൊരാശുപത്രിയിൽ നിന്നും രോഗിയുമായി വന്ന ഓക്സിജൻ സൗകര്യമില്ലാത്ത ആമ്പുലൻസിൽ സുധീഷിനെയും ഭാര്യയേയും ആശുപത്രി ജീവനക്കാർ കയറ്റിവിടുകയായിരുന്നു. സ്വകാര്യാശുപത്രിയിൽ നഴ്‌സായ ഭാര്യ മാത്രമാണ് ആമ്പുലൻസിൽ സുധീഷിന്റെ ഒപ്പം ഉണ്ടായിരുന്നത്. ഭാര്യ സി.പി.ആർ നൽകുകയും മൗത്ത് ഓക്സിജൻ നൽകുകയും ചെയ്‌തെങ്കിലും സുധീഷ് മരണത്തിന് കീഴടങ്ങി.
എല്ലാ സൗകര്യങ്ങളുമുള്ള രണ്ട ആംബുലൻസുകൾ ആശുപത്രി കോംബൗണ്ടിൽ ഉണ്ടായിട്ടും അവ വിട്ടു നൽകാതെ ഓക്സിജൻ പോലുമില്ലാത്ത ആമ്പുലൻസിൽ ആരോഗ്യ പ്രവർത്തകരെയും കൂടെ ഒരാളെ പോലും വിട്ട് നൽകാതെയാണ് താലൂക്ക് ആശുപത്രിയിൽ നിന്നും സുധീഷിനെ കൊണ്ട് പോയതത്രെ. വിഷയം കോൺഗ്രസ് കൗൺസിലർ ഷാജി ആലിക്കൽ മുനിസിപ്പൽ കൗൺസിലിൽ ഉന്നയിച്ചപ്പോൾ നഗരസഭാ ചെയർപേഴ്‌സൺ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് എന്ന മറുപടിയാണ് ലഭിച്ചത്.
ആംബുലൻസും ആരോഗ്യപ്രവർത്തകരെയും വിട്ടു നൽകിയില്ല: ഗുരുതരാവസ്ഥയിലുള്ള രോഗി മരിച്ചു; കുന്നംകുളം താലൂക്ക് ആശുപത്രിക്കെതിരെ
Advertisement
Advertisement