ഗവ.മെഡിക്കല്‍ കോളെജില്‍ മരുന്നുമാറി നല്‍കിയ ചാലക്കുടി സ്വദേശി അമലിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടു; വെന്റിലേറ്ററിൽ നിന്നും മാറ്റി

17

ഗവ.മെഡിക്കല്‍ കോളെജില്‍ മരുന്നുമാറി നല്‍കിയ ചാലക്കുടി സ്വദേശി അമലിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നു. വെന്‍റിലേറ്ററില്‍ നിന്ന് ഇന്നലെ മാറ്റി. എന്നാല്‍ അത്യാഹിത വിഭാഗത്തിലെ നിരീക്ഷണം തുടരുകയാണ്. കഴിഞ്ഞ ആറിനാണ്  ഹെല്‍ത്ത് ടോണിക്കിന് പകരം അലര്‍ജിക്കും ചുമയ്ക്കുമുള്ള മരുന്ന് യുവാവിന് നല്‍കിയത്. അലര്‍ജിക്ക് പിന്നാലെ അപസ്മാരവും വന്ന യുവാവിന്‍റെ നില വഷളായിരുന്നു. അമലിൻ്റെ ആരോഗ്യസ്ഥിതി പരിശോധിച്ച മെഡിക്കല്‍ കോളേജിലെ ആഭ്യന്തര സമിതി ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.   തുണ്ടു കടലാസിലായിരുന്നു അമലിന് ഡോക്ടര്‍ മരുന്നു കുറിച്ച് നൽകിയത്. മെച്ചപ്പെട്ട ചികിത്സയ്ക്കായി ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് നടക്കുന്ന സ്ഥലത്ത് എത്തി 3500 രൂപ കൈക്കൂലി നല്‍കിയെന്നും രോഗിയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു.  അതിനിടെ ഇന്നലെ വൈകിട്ട് ചാലക്കുടി എംഎല്‍എ  സനീഷ് കുമാര്‍ ജോസഫ്  അത്യാഹിത വിഭാഗത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിയ എംഎല്‍എയ്ക്ക്  അമലിന്‍റെ രോഗവിവരങ്ങള്‍ കൈമാറിയില്ലെന്നാരോപിച്ചായിരുന്നു സമരം. സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരെത്തി വിവരങ്ങള്‍ കൈമാറിയശേഷമാണ് സമരം അവസാനിപ്പിച്ചത്.

Advertisement
Advertisement