സ്വർണക്കടത്തും ലൈഫ് മിഷനും ആരോപണങ്ങളുന്നയിച്ചും മോദിയുടെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും അമിത്ഷാ തൃശൂരിൽ; നിലവിട്ട വാക്കുമായി ‘തൃശൂരിനെ എനിക്ക് വേണമെന്ന്’ സുരേഷ്ഗോപി, കണ്ണൂരിലായാലും മൽസരിക്കാൻ തയ്യാർ

136

2024ലെ ലോകസഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ ബി.ജെ.പിയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തൃശൂരിൽ തുടക്കമിട്ടു. തൃശൂരിൽ സംഘടിപ്പിച്ച ജനശക്തി റാലിയെ അമിത്ഷാ അഭിസംബോധന ചെയ്തു. സ്വർണക്കടത്തും ലൈഫ് മിഷനും ആരോപണങ്ങളുന്നയിച്ച അമിത് ഷാ നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു പ്രസംഗം. ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ അറസ്റ്റിലായി. ഇനിയെങ്കിലും ഇത് സംബന്ധിച്ച് മുഖ്യമന്ത്രി തുറന്ന് പറയണമെന്ന് അമിത് ഷാ പറഞ്ഞു. സ്വർണക്കടത്ത് കേസ് അങ്ങനെ വിട്ടു പോകില്ല. 2024ലെ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ചോദ്യമുയരും അതിന് ഉത്തരം നൽകേണ്ടി വരുമെന്നും അമിത് ഷാ ഓർമിപ്പിച്ചു. തൃശൂരിൽ നടക്കുന്ന ജനശക്തി റാലി 2024 ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥ ലോകത്ത് അഞ്ചാംസ്ഥാനത്തെത്തി. കമ്മ്യൂണിസം ലോകം തന്നെ നിരാകരിച്ച ആശയമാണ്. കോൺഗ്രസിനെ രാജ്യവും പുറം തള്ളി. കേരളത്തിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും വൈരികളാണ്, പക്ഷേ, ത്രിപുരയിൽ ഒറ്റക്കെട്ടാണ്. നിലനിൽപ്പിനായി ആദർശം വരെ ബലികഴിച്ചാണ് അവർ ത്രിപുരയിൽ ഒന്നിച്ചത്. എന്നിട്ടും തകർന്നടിഞ്ഞത്. ഒമ്പത് വർഷമായി മോദി ജനങ്ങളെ സേവിക്കുന്നു. എഴുപത് വർഷമായി നടക്കാത്ത വികസനം നാട്ടിൽ നടന്നു. ലോകത്തിലെ സാമ്പത്തീക നിലവാരത്തിൽ രാജ്യം പതിനൊന്നിൽ നിന്നും അഞ്ചാമതായി. ഒമ്പത് വർഷം കൊണ്ട് രാജ്യത്തെ സുരക്ഷിതമാക്കി. പണ്ട് യു.പി.എ ഭരിക്കുമ്പോൾ പാക്കിസ്ഥാൻ നമ്മുടെ സൈനീകരുടെ തലയറുക്കുമായിരുന്നു. എന്നാൽ സർജിക്കൽ സ്ട്രൈക്കിലൂടെ അവരുടെ വീട്ടിൽ കയറി തിരിച്ചടിച്ചു. കേരളത്തിലെ ജനങ്ങളോട് മോദിക്ക് അവസരം നൽകൂ എന്നാണ് ആവശ്യപ്പെടാനുള്ളത്. ആശയാദർശങ്ങൾ വെടിഞ്ഞ് ഒന്നിച്ചെത്തിയ ത്രിപുരയിലെ ജനങ്ങൾ തള്ളിയെന്നും അമിത് ഷാ പരിഹസിച്ചു. തൊഴിലുറപ്പ് പദ്ധതി വിഹിതം ഏറ്റവുമധികം ലഭിച്ച സംസ്ഥാനം കേരളമാണ്. യു.പി.എ കാലത്ത് 45000 കോടി മാത്രമാണ് കേരളത്തിന് ലഭിച്ചത്. എന്നാൽ മോദിയുടെ കാലത്ത് ഒരു ലക്ഷത്തിലധികം കോടി നൽകി. ഗുരുവായൂരിൽ മുന്നൂറ് കോടിയുടെ വികസനം നടപ്പിലാക്കി. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതും നേട്ടമായി അമിത്ഷാ ചൂണ്ടിക്കാണിച്ചു.അമിത് ഷാക്ക് മുമ്പ് പ്രസംഗിച്ച സുരേഷ് ഗോപി കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ ചർച്ചയായി മാറിയ അതേ വാചകങ്ങളാണ് ഉപയോഗിച്ചത്.
ഈ തൃശൂർ എനിക്ക് വേണം, ഞാനിങ്ങെടുവാ,നിങ്ങൾ എനിക്കീ തൃശൂർ തരണം എന്ന് തുടങ്ങിയ പ്രസംഗത്തിൽ നേരത്തെ 365 ദിവസവും സുരേഷ്ഗോപി ചാരിറ്റി ചെയ്താലും തൃശൂരിൽ ജയിക്കാനാവില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നേരെയും പരിഹാസ വിമർശനമുന്നയിച്ചു. ഏത് ഗോവിന്ദൻ വന്നാലും ഞാനിങ്ങെടുക്കുവാ എന്നായിരുന്നു അധിക്ഷേപം. തൻറെ വാക്കുകളെ ട്രോളാൻ സർക്കാർ ലക്ഷങ്ങൾ ചിലവിട്ട് അന്തം കമ്മികളെ ചൊറിയൻ മാക്രിക്കൂട്ടങ്ങളെ നിറുത്തിയിരിക്കുകയാണെന്നും ട്രോൾ ചെയ്യൂവെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ മൽസരിക്കാൻ തയ്യാറാണെന്നും മോദിയും അമിത്ഷായുമാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ സുരേഷ്ഗോപി കണ്ണൂരിലായാലും മൽസരിക്കാൻ തയ്യാറാണെന്നും 2024ൽ ജനങ്ങൾ തന്നെ ജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. വിഷുവിന് തൃശൂരിലെത്തി സജീവമാകുമെന്നും സുരേഷ് ഗോപി അറിയിച്ചു.

Advertisement
Advertisement