കൊടും കുറ്റവാളി അഞ്ചേരി ദേവമണി അറസ്റ്റിൽ

48

വിവിധ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ പതിനൊന്ന് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഒല്ലൂർ അഞ്ചേരി കരുവന്നുർക്കാരൻ ദേവൻ എന്ന ദേവമണി(27)യെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് തൃശൂർ ജില്ല കളക്ടർ ഉത്തരവിട്ടത്. നിരവധി കേസ്സുകളിൽ ഉൾപ്പെട്ട് ജാമ്യത്തിൽ കഴിഞ്ഞിരുന്ന ഇയാൾ തുടർന്നും അക്രമ സംഭവങ്ങളിൽ ഏർപ്പെട്ടു വരുന്നു എന്ന പോലീസ് റിപ്പോർട്ട് പ്രകരം കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാളെ അറസ്റ്റുചെയ്ത് ജയിലിലടച്ചിരുന്നു.
ഒല്ലുർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബെന്നി ജേക്കബ്, ഒല്ലൂർ അസിസ്റ്റൻറ് കമ്മീഷർ കെ.സി സേതു എന്നിവരുടെ റിപ്പോർട്ട് പ്രകാരമാണ് ഇയാളെ കാപ്പ നിയമപ്രകാരം അറസ്റ്റുചെയ്യാൻ ഉത്തരവായത്. വിയ്യുർ ജയിലിൽ റിമാന്റിൽ കഴിഞ്ഞു വരുന്ന ദേവമണിയുടെ അറസ്റ്റ് കഴിഞ്ഞദിവസം പോലീസ് രേഖപ്പെടുത്തി. ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മറ്റൊരു ക്രിമിനൽ സാജൻ എന്ന തീക്കാറ്റ് സാജനെയും വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രാജീവിനെയും (തക്കാളി രാജീവ്) കഴിഞ്ഞ ദിവസം കാപ്പ നിയമ പ്രകാരം തൃശൂർ സിറ്റി പോലീസ് അറസ്റ്റുചെയ്തിരുന്നു.

Advertisement
Advertisement