വായ്പയാവശ്യവുമായെത്തിയ സംഘം അരിമ്പൂർ സഹകരണ ബാങ്ക് അക്രമിച്ചു: മാനേജർക്ക് പരിക്ക്, വനിതാ ജീവനക്കാർക്ക് നേരെ ഭീഷണി; അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ്

37

വായ്പയാവശ്യവുമായെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ അരിമ്പൂർ സഹകരണ ബാങ്ക്‌ മാനേജർക്ക് പരിക്ക്. വൈകീട്ട് 5.30 യോടെയാണ് സംഭവം. ലോണിന്റെ കാര്യം സംസാരിക്കാനെന്ന പേരിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. മാനേജറെ മർദ്ദിച്ച സംഘം ബാങ്കിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും വനിത ജീവനക്കാരോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിനിടെ പൊട്ടിയ ഗ്ലാസ് ശരീരത്തിൽ തുളച്ചു കയറി ബാങ്ക് മാനേജർ കൂർക്കഞ്ചേരി സ്വദേശി ജിതേന്ദ്രൻ(49) പരിക്കേറ്റു. ഇയാളെ ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിത ജീവനക്കാരുടെ നിലവിളി കേട്ട് സമീപത്തെ വൈദ്യുതി ഓഫീസിലെ ജീവനക്കാർ എത്തിയെങ്കിലും അക്രമി സംഘം ബൈക്കിൽ രക്ഷപ്പെട്ടു. അന്വേഷണം തുടങ്ങിയതായി അന്തിക്കാട് പോലീസ് അറിയിച്ചു.അക്രമികളെ ഉടൻ പിടികൂടണമെന്ന് തൃശൂർ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.