
പൂരത്തിന്റെ ആവേശം മുഴുവന്‍ വാരി വിതറിയ തിരുവമ്പാടിയുടെ മഠത്തില്‍വരവ് പൂരപ്രേമികളെ കൊണ്ടെത്തിച്ചത് മേളവിസ്മയത്തിന്റെ മറുതീരത്തേക്ക്. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പെടുത്ത് രണ്ട് പറ്റാനകളുടെ അകമ്പടിയോടെ ആരംഭിച്ച മഠത്തില്‍ വരവിന് പഞ്ചവാദ്യപ്പെരുമഴ തീര്‍ത്തത് കോങ്ങാട് മധുവിന്റെയും കോട്ടക്കൽ രവിയുടെയും നേതൃത്വത്തിലുള്ള എഴുപതില്‍പ്പരം വാദ്യകലാകാരന്മാര്‍.
പഞ്ചവാദ്യത്തിന്റെ താളഗരിമയ്‌ക്കൊപ്പം ആകാശക്കൈകളുയര്‍ത്തി താളമിട്ടത് പതിനായിരങ്ങള്‍. മഠത്തില്‍ വരവ് പുറപ്പെടുന്ന നടുവില്‍ മഠത്തിനടുത്ത് രാവിലെ മുതല്‍ക്കുതന്നെ പ്രഗത്ഭരും പ്രശസ്തരുമടക്കം എണ്ണിയാല്‍ തീരാത്തത്ര ജനങ്ങളാണ് തടിച്ചു കൂടിയിരുന്നത്. രാവിലെ പത്തേകാലോടെ തിരുവമ്പാടി ഭഗവതി നടുവില്‍ മഠത്തിലെത്തിയിരുന്നു.
മഠത്തിലെ ഉപചാരങ്ങള്‍ കഴിഞ്ഞ് ചന്ദ്രശേഖരന്റെ പുറത്തേറി ഭഗവതി പുറത്തിറങ്ങിയപ്പോള്‍ മനസ്സുനിറഞ്ഞ ആഹ്ളാദത്തോടെയും ഹര്‍ഷാരവങ്ങളോടെയുമാണ് പൂരപ്രേമികള്‍ വരവേറ്റത്. മഠത്തില്‍ വരവിന്റെ തുടക്കമറിയിച്ചുകൊണ്ട് കൊമ്പുനാദം ഉയര്‍ന്നപ്പോഴേക്കും ആവേശം പരകോടിയിലെത്തിയിരുന്നു. 11.30ന് തന്നെ മഠത്തില്‍വരവ് ആരംഭിച്ചു.