
ഇനിയൊരാൾക്കും ഈ അവസ്ഥയുണ്ടാവാതിരിക്കാനുള്ള നടപടി വേണമെന്ന് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മരിച്ച കുട്ടിയുടെ അച്ഛൻ അശോക് കുമാർ. 2017 ൽ പാലക്കാട് ചെന്നെ മൊബൈൽസിൽ നിന്ന് സഹോദരൻ വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. ഈ ഫോൺ 2022 ൽ ബാറ്ററി മാറാൻ പാലക്കാട്ടെ റെഡ്മി/എംഐ സർവ്വീസ് സെന്ററിൽ നൽകുകയും ചെയ്തു. ഒരു മാസത്തിന് ശേഷമാണ് തിരികെ കിട്ടിയത്. കമ്പനി ബാറ്ററിയെന്നു പറഞ്ഞാണ് മാറി നൽകിയതെന്നും അശോക് കുമാർ പറഞ്ഞു. സംഭവം നടക്കുന്ന ദിവസം അഞ്ചുമണിക്കാണ് ഫോൺ ചാർജിലിട്ടത്. അതിന് ശേഷമാണ് മകൾ ഫോൺ കളിക്കാനായി എടുത്തത്. വെറും നാലോ അഞ്ചോ മിനിറ്റാണ് കളിച്ചത്. എനിക്ക് ദുരന്തം പറ്റി. എന്റെ മകൾ രക്തസാക്ഷിയായി. ഇനിയാർക്കും ഇതു വരരുതെന്നാണ് പറയുന്നത്. സമൂഹം ഇതിനെക്കുറിച്ച് ബോധവാൻമാരാകണമെന്നും അശോക് കുമാർ പറഞ്ഞു. എനിക്ക് നഷ്ടപ്പെട്ടത് എന്റെ മോളെയാണ്. എനിക്കുള്ളതെല്ലം നൽകാം എന്റെ മോളെ തിരിച്ചു നൽകുമോ. ഇനി ഒരാൾക്കും ഈ അവസ്ഥയുണ്ടാവാതിരിക്കാനുള്ള നടപടി വേണം. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കുഞ്ഞ് മരിച്ചുവെന്നത് ഉൾക്കൊള്ളാനാവാത്ത നെഞ്ച് പിടയുന്ന വേദനയിലാണ് നാട്. വീട്ടിൽനിന്ന് രാത്രി പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെങ്കിലും, വിഷുവിന് ബാക്കിവന്ന പടക്കം പൊട്ടിക്കുന്നുവെന്നാണെന്ന് ആദ്യം കരുതിയതെന്നാണ് അയൽക്കാർ പറഞ്ഞത്. പിന്നീട് വീട്ടിൽ നിന്നും നിലവിളി കേട്ട് ഓടിയെത്തുമ്പോഴാണ് ചോരയിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെ കാണുന്നത്. കുട്ടിയുടെ മുഖത്തും വലതു കയ്യിലും ഗുരുതരമായ പരുക്കുകളേറ്റിരുന്നു. അതേസമയം, ഇത്ര വലിയ അപകടത്തിനു കാരണമായെന്നു കരുതുന്ന മൊബൈൽ ഫോൺ ചിന്നിച്ചിതറി പോയിട്ടുമില്ലാത്തതിനാൽ എന്ത് സംഭവിച്ചുവെന്ന് സ്ഥിരീകരിക്കാനും കഴിയാത്ത വിധമായി. താൻ ഉപയോഗിക്കുന്നതാണ് ഫോൺ. സഹോദരൻ വിളിക്കുമെന്ന് അറിയിച്ചതിനാൽ അമ്മക്ക് സംസാരിക്കാനായി വീട്ടിൽ വെച്ചിരുന്നതാണ്. ഫോൺ പൊട്ടിത്തെറിച്ച് അപകടങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും മരണത്തെ കുറിച്ച് കേട്ടിട്ടില്ല. നാളെ മറ്റൊരാൾക്ക് ഇത് വരരുത്. എന്താണ് കാരണമെന്ന് കണ്ടെത്തി മറ്റുള്ളവരെ ബോധവൽക്കരിക്കാൻ ഉപയോഗിക്കണമെന്നും വിതുമ്പലോടെ അശോക് കുമാർ പറഞ്ഞു.