ആറാട്ടോടെ ഗുരുവായൂർ ഉത്സവത്തിന് കൊടിയിറങ്ങി; പുണ്യതീർത്ഥത്തിൽ മുങ്ങി നിവർന്ന് ഭക്തർ

8

ആറാട്ടോടെ ഗുരുവായൂർ ഉത്സവത്തിന് കൊടിയിറങ്ങി. ഭഗവാന്‍ ആറാടിയ പുണ്യതീർഥത്തില്‍ മുങ്ങി നിവര്‍ന്നു സായൂജ്യമടയാൻ ആയിരങ്ങളാണ് എത്തിയിരുന്നത്. ഞായറാഴ്ച വൈകീട്ട് പഞ്ചലോഹ വിഗ്രഹം കൊടിമരച്ചുവട്ടില്‍ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവച്ചു. കീഴ്ശാന്തി കൊടക്കാട് കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന ദീപാരാധനക്കു ശേഷം ഗ്രാമപ്രദക്ഷിണം തുടങ്ങി. കൊമ്പൻ നന്ദൻ തിടമ്പ് സ്വര്‍ണക്കോലത്തിൽ ശിരസ്സിലേറ്റി. ചോറ്റാനിക്കര വിജയന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യമായിരുന്നു അകമ്പടി. തീർഥക്കുളത്തിനു വടക്കു ഭാഗത്ത് പഞ്ചവാദ്യം അവസാനിച്ചു. തുടർന്ന് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളമായിരുന്നു. കരിങ്കല്ലത്താണിക്കടുത്ത് മേളം നിർത്തി സങ്കടനിവൃത്തിച്ചടങ്ങ് നടത്തി. പ്രദക്ഷിണം കഴിഞ്ഞ് ആറാട്ട് ദിവസം മാത്രം പുറത്തെടുക്കുന്ന പഞ്ചലോഹ തിടമ്പുമായി ഭഗവതി ക്ഷേത്രത്തിലൂടെ ആറാട്ട് കടവിലെത്തി. പുണ്യാഹത്തിനു ശേഷം ആദ്യം മഞ്ഞളിലും രണ്ടാമത് ഇളനീരിലും അഭിഷേകം ചെയ്തു. തുടര്‍ന്ന് തന്ത്രി തിടമ്പുമായി തീര്‍ഥക്കുളത്തില്‍ മുങ്ങി നിവർന്ന് ആറാട്ട് നടത്തി. ഓതിക്കന്‍മാര്‍, കീഴ്ശാന്തിമാര്‍ എന്നിവരും ഇതോടൊപ്പം കുളത്തിലിറങ്ങി ആറാട്ട് നടത്തി. ഇതിനു ശേഷം കടവിൽ കാത്തിരുന്ന ആയിരക്കണക്കിന് ഭക്തരുടെ ഊഴമായിരുന്നു. നാരായണനാമമന്ത്രത്തോടെ ആയിരങ്ങൾ കുളത്തിലിറങ്ങി ആറാട്ടിൽ പങ്കാളികളായി. ക്ഷേത്രത്തിലെ ഇടത്തരികത്തുകാവിലെ വാതില്‍ മാടത്തില്‍ ഉച്ചപ്പൂജ നിവേദ്യത്തിന് ശേഷം വിഗ്രഹവുമായി ആനപ്പുറത്ത് കയറി 11 ഓട്ടപ്രദിക്ഷണം നടത്തി. ഓട്ടപ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം ഉത്സവ കൊടിയിറക്കി. ആറാട്ടിന് അഭിഷേകം ചെയ്ത തൃച്ഛന്ദനപ്പൊടി ഭക്തര്‍ക്ക് പ്രസാദമായി നല്‍കി.

Advertisement
Advertisement