പഠന മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുവായൂർ നഗരസഭ ചക്കംകണ്ടം വാർഡ് തല വികസന സമിതിയുടെ സ്വീകരണം ശനിയാഴ്ച

7

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുവായൂര്‍ നഗരസഭ ചക്കംകണ്ടം വാര്‍ഡ്തല വികസനസമിതി സ്വീകരണം നല്‍കും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചക്കംകണ്ടം കായല്‍ കടവില്‍ നടക്കുന്ന അനുമോദന ചടങ്ങ് റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രതിസന്ധികളും ഓണ്‍ലൈന്‍ പഠനത്തിന്റെ പരിമിതികളും തരണം ചെയ്ത് കൈവരിച്ച വിജയത്തിളക്കത്തിനാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം നല്‍കുന്നത്.

അറിവുകളുടെ പുതിയ ലോകത്തേക്കുള്ള കാല്‍വയ്പ്പിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് ഏതെല്ലാം കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ച് കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിക്കുന്നുണ്ട്. കൊടുങ്ങല്ലൂര്‍ ജി വി എച്ച് എസ് എസ് സ്‌കൂളിലെ അധ്യാപകനായ എന്‍ സി പ്രശാന്താണ് ക്ലാസ് നയിക്കുക. നഗരസഭാ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ എം ഷെഫീര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, വൈസ് ചെയര്‍പേഴ്‌സന്‍ എം പി അനീഷ്മ, മുന്‍ നഗരസഭാ ചെയര്‍മാന്‍ പി എസ് ജയന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.