സമത കളക്ടീവ് ഫോർ ജൻഡർ ജസ്റ്റിസിന്റെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സാവിത്രി നാരായണനും കബനിക്കും അപർണക്കും പുരസ്‌കാരങ്ങൾ

6

സമത കളക്ടീവ് ഫോർ ജൻഡർ ജസ്റ്റിസിന്റെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാഗര, ജൈവസമൃദ്ധി, തൂലിക, ജ്വാല എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ. 20,000 രൂപയാണ് പുരസ്‌കാരത്തുക.ശാസ്ത്രജ്ഞൻ കെ.എസ്. മണിലാലിന്റെ പേരിലുള്ള സാഗര പുരസ്‌കാരം സമുദ്രശാസ്ത്രജ്ഞ സാവിത്രി നാരായണന് സമ്മാനിക്കും. തൃശൂർ കോളങ്ങാട്ടുകര സ്വദേശിയാണ്.

Advertisement

നൊബേൽസമ്മാനജേതാവ് വംഗാരി മാതായിയുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ ജൈവസമൃദ്ധി പുരസ്‌കാരം കാസർകോട്‌ ബേദഡുക്ക പഞ്ചായത്തിലെ ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്ക് ലഭിച്ചു. തൂലിക പുരസ്‌കാരത്തിന് സി. കബനി അർഹയായി. വിവർത്തനത്തിനുള്ള സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം. തിരുവനന്തപുരം ലാൻഡ്‌ റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കളക്ടറാണ്.

ലഹരിമാഫിയയുടെ അക്രമം നേരിട്ട് ചികിത്സയിൽ കഴിയുന്ന അപർണ ഗൗരിക്ക് ജ്വാല പുരസ്‌കാരം നൽകും. വയനാട് മേപ്പാടി സ്വദേശിയാണ്. 22ന് വൈകീട്ട് അഞ്ചിന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ സാവിത്രി നാരായണന് കെ.എഫ്.ആർ.ഐ. മുൻ ഡയറക്ടർ കെ.വി. ശങ്കരൻ സാഗര പുരസ്‌കാരം സമ്മാനിക്കും. മറ്റ് പുരസ്‌കാരങ്ങൾ പിന്നീട് സമ്മാനിക്കുമെന്ന് സമത ഭാരവാഹികളായ ടി.എ. ഉഷാകുമാരി, ടി.ജി. അജിത, എ. കൃഷ്ണകുമാരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Advertisement