ഈശ്വരനല്ല, മനുഷ്യനായാൽ മതിയെന്ന് പറഞ്ഞതാണ് ഒളപ്പമണ്ണ കവിതകളുടെ രാഷ്ട്രീയമെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്

148

ചാതുർവർണ്യത്തിന്റെയും യാഗ – യജ്ഞ സംസ്കാരത്തിന്റെയും അടിസ്ഥാനത്തിൽ മതത്തിന്റെ സർവ്വാധിപത്യത്തിലുള്ള രാഷ്ട്രമായി ഇന്ത്യയെ മാറ്റാൻ ഒരു വർഗം ശ്രമിക്കുമ്പോൾ, അതിൽ വിജയിക്കുമ്പോൾ അതിനെതിരെയുള്ള രാഷ്ട്രീയ പ്രതിരോധമായി ഒളപ്പമണ്ണക്കവിതയെ സ്വീകരിക്കണമെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. അയനം സാംസ്കാരികവേദി സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച ഒളപ്പമണ്ണ ജന്മശതാബ്ദി പ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദികസംസ്കാര ജീർണ്ണതകൾ തിരിച്ചു കൊണ്ടുവരുന്നതാണ് ആദർശം എന്ന് വാദിക്കുന്നവരോട് നമുക്ക് ഈശ്വരനാവണ്ട, മനുഷ്യനായാൽ മതി, മനുഷ്യനാണ് ഏറ്റവും ആരാധ്യൻ എന്നാണ് ഒളപ്പമണ്ണക്കവിത പറഞ്ഞുവെച്ചത്. നാടുവാഴിത്തത്തിന്റെ നാറുന്ന മേടകളായി ഒളപ്പമണ്ണ ‘ഇല്ല’ങ്ങളെ കണ്ടു.ഐക്യകേരളം രാജാക്കൻമാരുടെ ഔദാര്യത്താൽ അല്ല, ജനങ്ങളുടെ സമരശക്തിയിലൂടെയാണ് നിർമ്മിക്കപ്പെടേണ്ടതെന്നും ആ കവിതകൾ സാക്ഷ്യപ്പെടുത്തുന്നു. രാജഭരണകാലത്ത് എഴുതിത്തുടങ്ങിയ ഒളപ്പമണ്ണയ്ക്ക്, കേരളത്തെ ഒരു രാഷ്ട്രമായി വിഭാവനം ചെയ്യാൻ ആദ്യകാലത്തു തന്നെ സാധിച്ചു. നമ്മുടെ കാലത്തെ ഏതൊരെഴുത്തുകാരനെക്കാൾ ശക്തിയായി കാലത്തിന്റെ വെല്ലുവിളികളെ ഒളപ്പമണ്ണ ചെറുത്തുനിന്നു എന്നും ബാലചന്ദ്രൻ ചുള്ളിക്കാട് അഭിപ്രായപ്പെട്ടു.
പി.ബാലചന്ദ്രൻ എം.എൽ.എ, ഡോ.എൻ.ആർ.ഗ്രാമപ്രകാശ്, ഡോ.കെ.കെ.പി.സംഗീത,അയനം ചെയർമാൻ വിജേഷ് എടക്കുന്നി, പി.വി.ഉണ്ണികൃഷ്ണൻ, യു.എസ്.ശ്രീശോഭ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement