ബംഗളൂരുവിലെ വാഹനാപകടത്തിൽ മലയാളി യുവതി അടക്കം ഏഴ് മരണം: മരിച്ചവരിൽ തൃശൂർ സ്വദേശിനിയും

200

ബംഗളൂരുവിലെ കൊറമംഗലത്തുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി അടക്കം ഏഴുപേർ മരിച്ചു. തൃശൂർ പൂങ്കുന്നം ഹരിനഗർ നാലാംസ്ട്രീറ്റ് ശ്രേയസിൽ മുരളീദാസൻ പടിക്കലയുടെ മകൾ ഡോ. ധനുഷ (28), തമിഴ്‌നാട് ഡി.എം.കെ. എം.എൽ.എ.പ്രകാശിന്റെ മകൻ കരുണാസാഗർ അടക്കമുള്ളവരാണ് മരിച്ചതെന്നാണ് വിവരം. കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലേക്കു ഇടിച്ചുകയറുകയായിരുന്നു. കരുണാസാഗറാണ് കാർ ഓടിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. ധനുഷയുടെ മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വീട്ടുകാർക്ക് കൈമാറും. സംസ്‌കാരം പിന്നീട്.
സംഘം സഞ്ചരിച്ച ഓഡി കാർ തൊട്ടടുത്ത കെട്ടിടത്തിലേക്കു ഇടിച്ചു കയറിയ നിലയിലാണ്. ബംഗളൂരു മംഗള കല്യാണമണ്ഡപത്തിനടുത്താണ് പുലർച്ചെ രണ്ടരയോടെ അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു ടയർ വേർപ്പെട്ടു തെറിച്ചു പോയി. കാർ പൂർണമായും തകർന്നു. ഒരാൾ ആശുപത്രിയിലും മറ്റുള്ളവർ സംഭവസ്ഥലത്തും മരിച്ചു.