അന്തർ ജില്ലാ ബാറ്ററി മോഷണ സംഘം തൃശൂരിൽ അറസ്റ്റിൽ

25

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ബാറ്ററി മോഷണം പതിവാക്കിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ആറ്റുകാൽ വഞ്ചിക്കോട് പുതുവേൽ വീട്ടിൽ ഡാനി, മണ്ണാർക്കാട് പൊമ്പറ ചാട്ടുപോക്കിൽ വീട്ടിൽ അൻസാർ, സേലം കമ്പംപെട്ടി ആത്തൂർ മുത്തു എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മിഷൻ ക്വാർട്ടേഴ്സിന് സമീപം ബി.എസ്.എൻ.എൽ ഓഫീസിൽ നിന്നും എട്ട് ബാറ്ററികൾ മോഷ്ടിച്ചതായി എക്സിക്യൂട്ടീവ് എൻജിനിയർ പരാതി നൽകിയിരുന്നു. ഗുരുവായൂരിൽ നിന്നുമാണ് പ്രതികളെയും ബാറ്ററി കടത്താൻ ഉപയോഗിക്കുന്ന ഓട്ടോറിക്ഷയും പൊലീസ് പിടികൂടിയത്. ഈസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടർമാരായ അൻഷാദ്, ജയചന്ദ്രൻ, എ.എസ്.ഐ ബെന്നി, ജി.എസ്.സി.പി.ഒ മോൻഷ, സി.പി.ഒ അരുൺ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയിൽ കറങ്ങി നടന്നാണ് ഇവരുടെ ബാറ്ററി മോഷണം. മുത്തുവിന് പേരാമംഗലം, എരുമപ്പെട്ടി സ്റ്റേഷനുകളിലും ഡാനിക്ക് തൃശൂർ, ഈസ്റ്റ്, വിയ്യൂർ, അങ്കമാലി, ഗുരുവായൂർ എന്നീ സ്റ്റേഷനുകളിലും കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.