‘മറ്റൊന്നും നോക്കിയില്ല, വാരിയെടുത്ത് പാഞ്ഞു’: കൈ മുറിഞ്ഞ് ചോരവാർന്ന് അവശനിലയിലായ വയോധികയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി പോലീസ്; എ.എസ്.ഐ ബിനു ഡേവിസിനും സിവിൽ പോലീസ് ഓഫീസർ സുഭാഷിനും നന്ദിയും അഭിനന്ദനങ്ങളുമായി നാട്

23

കൈ മുറിഞ്ഞ് ചോരവാർന്ന് അവശനിലയിലായ വയോധികയെ ജീവൻ രക്ഷിച്ച ആത്മസംതൃപ്തിയിലാണ് തൃശൂർ സിറ്റി പോലീസിലെ എ.എസ്.ഐ ബിനു ഡേവിസും സിവിൽ പോലീസ് ഓഫിസർ സുഭാഷും.കണ്ട് നിന്നവർ പരിഭ്രമിച്ച് നിൽക്കെ, മറ്റൊന്നും ആലോചിക്കാതെ ബിനു ഡേവിസും പി.എസ്.സുഭാഷും ഓടിയെത്തി ആശുപത്രിയിലെത്തിച്ചു. അപകടനില തരണം ചെയ്തുവെന്ന വിവരം വന്നതിന് ശേഷമേ ഇവർ മടങ്ങിയുള്ളൂ. പൊലീസിന്റെ ഹെൽപ്പ് ലൈനിലേക്ക് വന്ന ഫോൺ വിളിയിലാണ് അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ ഒരു വയോധിക കൈ മുറിഞ്ഞ് രക്തം വാർന്ന് അവശനിലയിൽ കിടക്കുന്നുവെന്ന്. വിവരമറിഞ്ഞ ഉടനെ ബിനു ഡേവിഡും സുഭാഷും ജീപ്പിൽ അവിടേക്കെത്തുകയായിരുന്നു. അവിടെ വയോധികയുടെ മകൾ അടക്കം എല്ലാവരും ആംബുലൻസിനായി കാത്തിരിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കോവിഡ് മുക്തയായ വയോധികക്കാണ് അപകടമുണ്ടായത്. അതിൻറെ ആശങ്കയിലായിരുന്നു മറ്റുള്ളവരും. ഇടതു കൈ ഞരമ്പിൽ രണ്ടിടത്ത് മുറിവേറ്റ് രക്തം വാർന്ന് അവശനിലയിൽ അർധബോധാവസ്ഥയിലായിരുന്നു വയോധിക. കൈയിൽനിന്ന് രക്തംവാർന്ന് നിലത്ത് തളം കെട്ടിയിട്ടുണ്ട്. കൂടി നിന്നവർ ആംബുലൻസിന് വിളിച്ചിട്ടുണ്ടെന്നും കോവിഡ് ആശങ്കയുണ്ടെന്നും അറിയിച്ചുവെങ്കിലും ബിനു ഡേവിഡും സുഭാഷും മറ്റൊന്നിനും കാത്ത് നിന്നില്ല. ഉടൻ തന്നെ കൈയിലെ മുറിവ് തുണിവെച്ച് ചുറ്റിക്കെട്ടി, വയോധികയെ വാരിയെടുത്ത് ജീപ്പിൽ തന്നെ ഇരുവരും ആശുപത്രിയിലെത്തി. സമയത്തിന് എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായെന്ന് ഡോക്ടർ പറഞ്ഞു. കോവിഡിന് ചികിത്സ തേടിയ അതേ ആശുപത്രിയിൽ തന്നെയാണ് ഇവരെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചോരവാർന്ന് അവശനിലയിലായതിനാൽ ആംബുലൻസിന് കാത്തുനിൽക്കാനോ, പി.പി.ഇ കിറ്റ് ധരിച്ച് തിരിച്ചെത്താനോ സമയമില്ലെന്നു മനസിലാക്കിയായിരുന്നു പൊലീസ് സേനാംഗങ്ങളുടെ രക്ഷാപ്രവർത്തനം. എറണാകുളത്തുള്ള മകൾ വീട്ടിലേക്ക് വിളിച്ചിട്ട് ഫോൺ എടുത്തിരുന്നില്ല. സമീപത്തെ വീട്ടിലേക്ക് വിളിച്ച് പറയുകയായിരുന്നു. വിവരം തിരക്കിയെത്തിയ അയൽവാസികളാണ് ചോര വാർന്ന് കിടക്കുന്ന വിവരം അറിയിച്ചത്. വിവരമറിഞ്ഞ് മറ്റൊരു മകൾ എത്തിയാണ് പോലീസിനെ വിവരമറിയിച്ചത്.