കൊടകര കുഴൽപ്പണക്കവർച്ച കേസ് ബന്ധമില്ലെന്ന് ജില്ലാ പ്രസിഡണ്ടിന്റെ ‘പ്രസ്താവന’: അറസ്റ്റിലായത് ബി.ജെ.പി ഭാരവാഹി, ടവർ ലൊക്കേഷനിൽ ജില്ലാ നേതാവിന്റെ ശിങ്കിടിയും

233

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ച മൂന്നരക്കോടി കവർന്ന കേസിൽ ബി.ജെ.പി ബന്ധം പുറത്തേക്ക്. നാട്ടിൽ എന്തെങ്കിലും സംഭവിച്ചാൽ ‘ഗ്രൂപ്പുകൾ’ മത്സരിച്ച് പ്രസ്താവന ഇറക്കാറുള്ള ബി.ജെ.പി നേതൃത്വം വാർത്ത മാധ്യമങ്ങൾ പുറത്തു വിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും മൗനത്തിലായിരുന്നു. ചോദ്യങ്ങളിൽ നിന്നും നേതാക്കൾ തന്ത്രപൂർവ്വം ഒഴിഞ്ഞു മാറുകയുമായിരുന്നു. ഇന്നാണ് ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്‌കുമാർ കുഴൽപ്പണ കവർച്ചയെന്ന ഗൗരവകരമായ വിഷയത്തിൽ പ്രസ്താവന പുറപ്പെടുവിച്ചത്. കുഴൽപ്പണക്കവർച്ച ബി.ജെ.പിക്ക് മേൽ കെട്ടി വെക്കുന്നത് സി.പി.എം ഗൂഡലോചനയാണെന്നും ബി.ജെ.പി ഫണ്ട്‌ വരുന്നത് സുതാര്യമായിട്ടാണെന്നുമായിരുന്നു അനീഷിന്റെ പ്രസ്താവന. ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവനക്ക് പിന്നാലെ പിടിയിലായ ഏഴു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അറസ്റ്റിലായവരിലെ മുഖ്യപ്രതി ബി.ജെ.പി വെള്ളിക്കുളങ്ങര മേഖലാ ഭാരവാഹിയാണെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങളും അവർക്കു സഹായം നൽകിയവരുമായവരുമാണ് അറസ്റ്റിലായത്. വെള്ളിക്കുളങ്ങര കിഴക്കേ കോടാലി വെട്ടിയാട്ടിൽ ദീപക് (ശങ്കരൻ–34),  വേളൂക്കര ആപ്പിൾ ബസാർ വട്ടപ്പറമ്പിൽ അരീഷ് (28), വടക്കുംക്കര വെളയനാട് കോക്കാടൻ മാർട്ടിൻ ദേവസി (23), വടക്കുംകര പട്ടേപ്പാടം തരുപ്പീടികയിൽ ലെബീബ് (30),  വടക്കുംകര വെളയനാട് കുട്ടിച്ചാൽപറമ്പിൽ അഭിജിത്ത് (അഭി–28), വെള്ളാങ്കല്ലൂർ വടക്കുംകര വെളയാനാട് തോപ്പിൽ ബാബു മുഹമദാലി (വട്ട് ബാബു–39), വേളൂക്കര ഹാഷിൻ നഗർ വേലംപ്പറമ്പിൽ അബു ഷാഹിദ് (25)  എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ദീപക് ആണ് ബി.ജെ.പി മേഖലാ ഭാരവാഹി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും  ദീപക് സജീവമായിരുന്നു. പാർട്ടിയിലെ ഔദ്യോഗിക വിഭാഗം നേതാക്കളുടെ അനുയായി ആണ് ദീപക്. ഇതിനിടെ സംഭവ സമയത്തെ മൊബൈൽ ടവർ ലൊക്കേഷൻ പരിധിയിൽ ബി.ജെ.പി ജില്ലാ നേതാവിന്റെ വിശ്വസ്ഥന്റെ മൊബൈൽ നമ്പറും ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് സൂചനകൾ ലഭിച്ചു. ജില്ലാ ഭാരവാഹി ഉൾപ്പെട്ട അയ്യന്തോൾ മേഖലയിലെ ചിലരുടെ ഫോൺ നമ്പരുകൾ സംശയ പരിധിയിലുണ്ട്. കൂടുതൽ അന്വേഷിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ മുഖ്യപ്രതികൾ പോലീസിന്റെ നിരീക്ഷണത്തിലായെന്നാണ് സൂചന. ഇവരെ ലഭിച്ചാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരും.