തെരഞ്ഞെടുപ്പ് തോൽവിയിൽ ബി.ജെ.പിയിൽ കൂട്ട നടപടി; ബി. ഗോപാലകൃഷ്ണനെതിരെ പരാതി നൽകിയ ഹിന്ദു ഐക്യ വേദി നേതാവിനെയും കോർപറേഷൻ മുൻ കൗൺസിലറേയും അടക്കം ഒൻപത് പേരെ പുറത്താക്കി

152

തൃശൂർ ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ ബി.ജെ.പിയിൽ നടപടി. സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണനെതിരെ പരാതി നൽകിയ ഹിന്ദു ഐക്യ വേദി നേതാവിനെയും കോർപറേഷൻ കുട്ടൻകുളങ്ങര ഡിവിഷൻ മുൻ കൗൺസിലർ ഐ.ലളിതാംബിക ഉൾപ്പെടെ ഒൻപത് പേർക്കെതിരെ സസ്‌പെൻഡ് ചെയ്തു. കെ.കേശവദാസിന്റെ ഭാര്യ അരുണ, സഹോദരൻ മനീഷ് എന്നിവരെയും കൈപമംഗലത്ത് നിന്നുള്ള പോണത്ത് ബാബു, ഒല്ലൂർ നിയോജകമണ്ഡലത്തിലെ ചന്ദ്രൻ മാടക്കത്തറ, ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പ്രശോഭ് മോഹൻ, ജ്യോതി കൂളിയാട്ട്, ചേലക്കര നിയോജകമണ്ഡലത്തിലെ ഉഷ ദിവാകരൻ എന്നിവരെ ബി.ജെ.പിയുടെ പ്രാത്ഥമികാംഗത്വത്തിൽ നിന്നും സംസ്ഥാന അധ്യക്ഷൻ ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തതായി ജില്ലാ പ്രസിഡണ്ട് കെ.കെ. അനീഷ്കുമാർ അറിയിച്ചു. കുട്ടൻകുളങ്ങരയിലെ തോൽ‌വിയിൽ വോട്ട് മറിച്ചുവെന്ന ആരോപണമുയർന്നിരുന്നു. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് ശേഷം സമൂഹ മാധ്യമങ്ങളിൽ അപവാദം പ്രചരിപ്പിക്കുന്നതായി ആരോപിച്ച് ഗോപാലകൃഷ്ണനെതിരെ കേശവദാസ് പൊലീസിന് പരാതി നൽകിയിരുന്നു. നടപടിയുമായി ബന്ധപ്പെട്ട് പാർട്ടി അറിയിപ്പുകളൊന്നുമില്ലെന്ന് കെ. കേശവദാസ് പറഞ്ഞു.