തൃശൂരിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞു

55

തൃശൂരിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞതിൽ പുതിയ വിവാദം. കഴിഞ്ഞ തവണത്തെക്കാൾ നാല് ശതമാനത്തിലധികം പോളിങ് തൃശൂരിൽ കുറഞ്ഞു. ഇത് ആരെ ബാധിക്കുമെന്ന ആശങ്ക അവസാന കണക്കുകൂട്ടലിലും മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നുണ്ട്. തെരഞ്ഞെടുപ്പിന് രണ്ടു നാൾ മുൻപ് വലിയ കണക്ക് പ്രതീക്ഷകൾ പങ്കു വെച്ച നേതാക്കൾ പോളിംഗ് ദിവസം പ്രതീക്ഷയിൽ കുറവ് പ്രകടിപ്പിച്ചു. ബൂത്തിൽ ഇരിക്കാൻ ആളില്ലായിരുന്നുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. രാവിലെ ബൂത്തുകൾ സന്ദർശിക്കാൻ ഇറങ്ങിയ സുരേഷ്‌ഗോപിക്ക് സംശയം തോന്നിയതോടെ സന്ദർശനം മതിയാക്കി തിരുവനന്തപുരത്തേക്ക് മടങ്ങി.

സ്ഥാനാർഥിയുടെ പത്രിക തള്ളിയ ഗുരുവായൂരിൽ വോട്ടിങ് ശതമാനം 68.46 മാത്രമാണ്. ശക്തികേന്ദ്രങ്ങളായ പുന്നയൂർകുളം, ഏങ്ങണ്ടിയൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ വോട്ട് കുറഞ്ഞു. താമര ചിഹ്നം മാറി പുതിയ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്താൻ തങ്ങളുടെ അനുഭാവികൾ എത്തിയില്ലെന്നാണ് ബി.ജെ.പി വിലയിരുത്തൽ. 25000 വോട്ടുകളാണ് കഴിഞ്ഞ തവണ ഇവിടെ ബി.ജെ.പിക്ക് ലഭിച്ചത്. നാമനിർദേശ പത്രിക തള്ളിയ സംഭവത്തിന്‌ പിന്നാലെ ഗുരുവായൂരിലെ ആർ.എസ്.എസ് നേതൃത്വം വിമർശനവുമായി രംഗത്തെത്തിയിരുന്നു. മണ്ഡലം കമ്മിറ്റി ഓഫീസ് അടച്ചു പൂട്ടണമെന്നും ഭാരവാഹികളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് സമൂഹ മാധ്യമത്തിലും പ്രതികരണം നടത്തിയത് വലിയ ചർച്ചക്കിടയാക്കിയിരുന്നു. ഇവിടെ എൻ.എസ്.എസിന് താല്പര്യമില്ലാത്ത ഡി.എസ്.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തിനെതിരെയും എതിർപ്പുയർന്നിരുന്നു. പിന്നാലെ കെ.എൻ.എ ഖാദറിന് വിജയിപ്പിക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയും വന്നതോടെ നേതാക്കൾ പ്രതിസന്ധിയിലായിരുന്നു. ജില്ലാ പ്രസിഡന്റ് അടക്കമുള്ളവർ മത്സരിക്കാൻ ഇറങ്ങിയതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ആളുണ്ടായില്ലെന്നും വിമർശനമുണ്ട്. ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്‌കുമാർ മത്സരിച്ച കുന്നംകുളത്ത് ബി.ജെ.പി ജനപ്രതിനിധികളെ പ്രചാരണത്തിൽ ഇറക്കാൻ കഴിഞ്ഞില്ലെന്നും പറയുന്നു. ബി.ജെ.പി വോട്ടുകൾ കുറഞ്ഞതാണ് പോളിങ് കുറയാൻ കാരണമെന്ന് എൽ.ഡി.എഫും യു.ഡി.എഫും പറയുന്നു.

തങ്ങളുടെ വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ടെന്ന് ഇരു മുന്നണികളും അവകാശപ്പെടുന്നു. ബൂത്ത് കണക്കുകൾ ലഭിച്ചെങ്കിലും പല മണ്ഡലങ്ങളിലെയും വിജയ സാധ്യത സംബന്ധിച്ച് കൃത്യമായ വിലയിരുത്തലിലെത്താൻ മുന്നണികൾക്ക് സാധിച്ചിട്ടില്ല.