
കേരളത്തിൽ ആദ്യമായി കുരങ്ങിലെ സിസേറിയൻ വിജയം. ചൊവ്വാഴ്ച മണ്ണുത്തി വെറ്ററിനറി കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലാണ് ശസ്ത്രക്രിയ നടന്നത്.പോക്കറ്റ് മങ്കി എന്നറിയപ്പെടുന്ന മാര്‍മോസെറ്റ് ഇനത്തിലെ കുരങ്ങിനാണ് ശസ്ത്രക്രിയ നടത്തിയത്. കുന്നംകുളം സ്വദേശി ഹിഷാവിന്റെ വളർത്തു കുരങ്ങാണ് ഇത്. ഗർഭിണിയായിരുന്ന കുരങ് വേദനയിൽ പുളഞാണ് ആശുപത്രിയിൽ എത്തിയത്. അൾട്രാസൗണ്ട് സ്കാനിങ്ങില്‍, ഉള്ളിലുള്ള മൂന്നു കുട്ടികൾക്കും ജീവനില്ലെന്ന് കണ്ടെത്തി. ഇത് കുരങ്ങിന്റെ ജീവനെയും അപകടത്തിലാക്കുന്നതാണെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാലങ്ങനെ വിട്ടുകൊടുക്കാൻ അനിമൽ റീപ്രൊഡക്ഷൻ വിഭാഗം മേധാവി സി ജയകുമാറും സംഘവും തയ്യാറായില്ല. ഇത്തരം കുരങ്ങുകളിൽ അപൂർവമായി നടത്തുന്ന സിസേറിയൻ ചെയ്യാൻ തീരുമാനിച്ചു. ഐസേഫ്ലൂറേഷൻ ഗ്യാസ് ഉപയോഗിച്ച് അനസ്തേഷ്യ നൽകി. ശസ്ത്രക്രിയ ഒന്നര മണിക്കൂർ നീണ്ടു. മരിച്ച കുഞ്ഞുങ്ങളെ നീക്കം ചെയ്‌ത് പോക്കറ്റ് മങ്കിയുടെ ജീവൻ രക്ഷിച്ചു.
അസി. പ്രൊഫസർമാരായ ഹിരൺ എം ഹർഷൻ, മാഗ്നസ് പോൾ, ഡോക്ടർമാരായ ലക്ഷ്മി, സ്നേഹ, പിജി വിദ്യാർഥികളായ ഊർമിള, ആര്യ കൃഷ്ണൻ, സ്വാതീഷ്, എസ് രാഹുൽ റാം, വി സുന്ദർ എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. ലൈസൻസോടുകൂടി വീട്ടിൽ വളർത്താവുന്ന ഇനമാണ് പോക്കറ്റ് മങ്കി. രണ്ടുലക്ഷം രൂപ വരെയാണ് ഇതിന്റെ വില. മണ്ണുത്തി വെറ്ററിനറി കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയിൽ ജീവൻ വീണ്ടെടുത്ത് സുഖത്തിലാണ് പോക്കറ്റ് മങ്കി.