തൃശൂർ പൂരം ആഘോഷത്തിന് കേന്ദ്രത്തിന്റെ തിരിച്ചടി: വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം അനുവദിക്കാനാവില്ലെന്ന് കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം; സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന തള്ളി

369

സുരക്ഷ ചൂണ്ടിക്കാണിച്ച് പൂരം വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലേക്ക് കാണികൾക്ക് പ്രവേശനമില്ല. മന്ത്രിമാരായ കെ രാധാകൃഷ്ണനും കെ രാജനും  പെസോയുടെ അനുമതി തേടിയിരുന്നുവെങ്കിലും കാണികളെ റൗണ്ടിനകത്തേക്ക് പ്രവേശിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതർ. തൃശൂരിൽ വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ പരിശോധന നടത്തിയ കേന്ദ്ര എക്സ്പ്ലോസിവ് വിഭാഗം കേരള മേധാവി ഡോ. പി. കെ റാണ സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വ്യക്തമാക്കി. സുപ്രീംകോടതി നിർദേശം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സാമ്പിൾ വെടിക്കെട്ടിന് കാത്തിരിക്കുകയാണ് പൂരപ്രേമികൾ. പെസോയുടെ നിർദേശമനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്ന പൊലീസ് മാർഗനിർദേശം പുറപ്പെടുവിച്ചു. വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ ഫയര്‍ലൈനില്‍ നിന്നും 100 മീറ്റര്‍ അകലത്തില്‍ മാത്രമേ കാണികളെ അനുവദിക്കുകയുള്ളൂ. അതിനാല്‍ സ്വരാജ് റൗണ്ടില്‍ , നെഹ്‌റുപാര്‍ക്കിനു മുന്‍വശം, ആലുക്കാസ് ജ്വല്ലറി, പാറമേക്കാവ്, ആശുപത്രി ജംഗ്ഷന്‍, ഇന്ത്യന്‍ കോഫി ഹൌസ് വരെയുള്ള ഭാഗങ്ങളില്‍ മാത്രമേ, കാണികളെ അനുവദിക്കൂ. ബാക്കിയുള്ള സ്ഥലങ്ങളില്‍ സ്വരാജ് റൗണ്ടിലേക്ക്  പ്രവേശിക്കുന്ന റോഡുകള്‍ വരെ മാത്രമേ കാണികളെ അനുവദിക്കൂ എന്ന് പൊലീസ് അറിയിച്ചു. പൂരം വെടികെട്ടിന്റെ തീവ്രത മുൻ വർഷങ്ങളേക്കാൾ വളരെയധികം കുറച്ചിട്ടും കാണികളെ വെടിക്കെട്ട് കാണാന്‍ സ്വരാജ് റൗണ്ടിലേക്ക് കയറ്റി നിര്‍ത്താത്തതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. രണ്ട് വർഷത്തെ വീർപ്പുമുട്ടൽ കഴിഞ്ഞുള്ള പൂരത്തിന് സാധാരണയിൽ കവിഞ്ഞുള്ള ആളുകൾ എത്തുമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിൻറെ മുന്നറിയിപ്പ്. വെടിക്കെട്ട് കാണാൻ ഈ ജനക്കൂട്ടം ഇരമ്പിയെത്തുന്നത് തിരക്ക് അനിയന്ത്രിതമാകാനും സുരക്ഷ കൈവിട്ട് പോകാനും ഇടയാക്കുമെന്ന ആശങ്കയും പൂരപ്രേമികൾ പങ്കുവെക്കുന്നു. 

Advertisement
Advertisement