വ്യാപാരിയെ ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ നാലു യുവാക്കൾ ചാലക്കുടി പോലീസിൻ്റെ പിടിയിലായി

5

വ്യാപാരിയെ ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ നാലു യുവാക്കൾ ചാലക്കുടി പോലീസിൻ്റെ പിടിയിലായി.
തിരുവനന്തപുരം സ്വദേശികളായ നെല്ലിമൂട് ആദിയന്നൂർ പൂതംകോട് സ്വദേശികളായ അരുൺരാജ് (25), പുളിമൂട് മഞ്‌ജു നിവാസിൽ അനന്തു ജയകുമാർ (24), കാട്ടാക്കട കൊളത്തുമ്മൽ കിഴക്കേക്കര വീട്ടിൽ ഗോകുൽ ജി നായർ (23), തിരുമല ലക്ഷ്മിനഗർ ജികെ നിവാസിൽ വിശ്വലാൽ ( 23) എന്നിവരാണ് പിടിയിലായത്.

ലോക് ഡൗണിനിടയിൽ വ്യാപാരിയുടെ ഫോണിലേക്ക് വന്ന ഫോൺ വിളിയിലാണ് തട്ടിപ്പിന് തുടക്കമായത്. വ്യാപാരിയുടെയും കുടുംബാംഗങ്ങളുടേയും സ്വകാര്യ ചിത്രങ്ങൾ തന്റെ പക്കലുണ്ടെന്നും അവ പുറത്ത് വിടാതിരിക്കാൻ ഒന്നരക്കോടി രൂപ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫോൺ വിളി. ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച ഫോണിൽ നിന്നുമാണ് ചിത്രങ്ങൾ ലഭിച്ചതെന്നും ഫോണിൽ വിളിച്ചയാൾ അറിയിച്ചതോടെ അങ്കലാപ്പിലായ വ്യാപാരി ഇയാൾ പറഞ്ഞ അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ട കാൽ ലക്ഷത്തോളം രൂപ അയക്കുകയായിരുന്നു.

കുറച്ച് നാൾ ശല്യമില്ലാതിരുന്നെങ്കിലും ഏതാനും ആഴ്ച കഴിഞ്ഞ്  വിളിച്ച് ഒന്നര കോടി രൂപ തരണമെന്നും ഇല്ലെങ്കിൽ വൻ ഭവിഷ്യത്ത് അനുഭവിക്കേവരുമെന്നും ഇനി മുതൽ ഇൻസ്റ്റാഗ്രാമിലൂടെ മാത്രം ആശയ വിനിമയം മതിയെന്നും ഭീഷണി വിളി എത്തിയതിനെ തുടർന്ന് മാനസിക സംഘർഷത്തിലായ വ്യാപാരി സുഹൃത്തിന്റെ നിർദ്ദേശപ്രകാരം പോലീസിൽ പരാതിപ്പെടുകയായിരുന്നു. സംസ്ഥാന അതിർത്തിയിലെ ലഹരി മാഫിയ സംഘത്തെ നിരീക്ഷിച്ചാണ് തട്ടിപ്പ് സംഘത്തെ കുടുക്കിയത്.