നാല് മാസം പിന്നിട്ടിട്ടും ചാലക്കുടി പുഴയിൽ വീണ കണ്ടെയ്നർ ലോറി കയറ്റാനായില്ല

19

നാല് മാസം പിന്നിട്ടിട്ടും ചാലക്കുടി പുഴയിൽ വീണ കണ്ടെയ്നർ ലോറി കയറ്റാനായില്ല. പാലത്തിന്റെ തൂണുകൾക്ക് സമീപത്ത് ഒഴുക്കിനു തടസ്സമായിക്കിടക്കുന്ന ലോറി കരക്കുകയറ്റാൻ ഒരു നടപടിയും നടക്കുന്നില്ല. മഴക്കാലമെത്തുന്നതോടെ ലോറി പുഴയിൽ കിടക്കുന്നത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി ചൂണ്ടിക്കാണിക്കുന്നു.

ശക്തമായ ഒഴുക്കിൽ ലോറി മറ്റിടങ്ങളിലേക്ക് നീങ്ങി അപടമുണ്ടാകുകയോ ഇന്ധന ടാങ്ക് ചോർന്ന് പുഴ മലിനമാകുകയോ തുടങ്ങിയ ഭീഷണികളുണ്ടെന്ന് ചാലക്കുടിപ്പുഴ സംരക്ഷണ സമിതി കൺവീനർ എസ്.പി. രവി പറഞ്ഞു. ലോറി നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പുഴ സംരക്ഷണസമിതി ജില്ലാകളക്ടറെ കണ്ട് നിവേദനം നൽകും.

കഴിഞ്ഞ ഡിസംബർ മൂന്നിന് വൈകീട്ടാണ് ലോറി പുഴയിലേക്കു മറിഞ്ഞത്. എറണാകുളത്ത് കാറുകളിറക്കി നാഗാലാൻഡിലേക്കു മടങ്ങുകയായിരുന്നു ലോറി. വീണതിന്റെ അടുത്ത ദിവസങ്ങളിൽ ഉടമകളുടെയും പോലീസിന്റെയും ഭാഗത്തുനിന്ന് ലോറി കയറ്റാൻ കാര്യമായ ശ്രമങ്ങൾ നടന്നിരുന്നു. ഉയർത്താനുള്ള ആദ്യശ്രമം പരാജയപ്പെട്ടപ്പോൾ മറ്റൊരു തീയതി നിശ്ചയിച്ചെങ്കിലും കൂടുതൽ മുന്നൊരുക്കങ്ങൾ വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.