
തിരുവമ്പാടിയുടെ വെല്ലുവിളിക്ക് കണക്കിന് മറുപടി കൊടുത്ത് പാറമേക്കാവ്…തേക്കിൻകാടിന്റെ തെക്കേചരുവിൽ വര്‍ണ്ണങ്ങളുടെയും വിസ്മയക്കാഴ്ചകളുടെയും മത്സരമായിരുന്നു… ഏറ്റവുമൊടുവില്‍ പൂരം ആശംസിച്ചുളള തിരുവമ്പാടിയുടെ മെസി കുടകളുമുയര്‍ന്നതോടെ ആർപ്പുവിളിച്ചും കൈകൾ വീശിയും പൂരപ്രേമികള്‍ കുടമാറ്റം ഹൃദയത്തിലേറ്റി. ഇലഞ്ഞിത്തറ മേളത്തിന് ശേഷം അഞ്ചോടെയാണ് പാറമേക്കാവ് വിഭാഗവും തിരുവമ്പാടിയും തെക്കോട്ടിറങ്ങിയത്. തുടര്‍ന്ന് ഇരു വിഭാഗവും അഭിമുഖമായി നിലയുറപ്പിച്ചു. ചുവപ്പ് പട്ടുകുടയുയർത്തി പാറമേക്കാവ് രാജാവിനെ വണങ്ങാനുള്ള യാത്രക്കിടയിൽ കുടമാറ്റത്തിൻറെ സൂചനയിട്ടു. ചുവപ്പും പച്ചയും മഞ്ഞയും നിറങ്ങൾ മാറി മറഞ്ഞു. പിന്നീടങ്ങ് വിവിധവർണ്ണത്തിലുളള പട്ടുക്കുടകൾ ഉയർത്തി ഇരു വിഭാഗവും മൽസരിച്ചു. കുടമാറ്റത്തിന്‍റെ ആവേശത്തില്‍ തേക്കിൻകാട്ടിലെ ആൾക്കടൽ ഇരമ്പിയാർത്തു. 50 സെറ്റ് കുടകളാണ് ഇരുവിഭാഗങ്ങളും അണിനിരത്തിയത്. നിലക്കുടകള്‍ക്കൊപ്പം രൂപക്കുടകളും നിരന്നു. പിന്നാലെ സസ്‌പെന്‍സ് കുടകള്‍ പുറത്ത് വന്നതോടെ പൂരം കാണാന്‍ എത്തിയവര്‍ ആവേശത്തിലായി. തെയ്യവും ഓടക്കുഴല്‍ വിളിക്കുന്ന ഉണ്ണിക്കണ്ണനും മുരുകനും, തൃശൂരിന്റെ പുലിക്കളിയും, രാജ്യത്തെ ആദ്യത്തെ ഏറ്റവും ഉയരമുള്ള ഹനുമാൻ പ്രതിമയുടെ പ്രതീകവും കരിങ്കാളിയും മഹാദേവനും രാമച്ചം ഗണപതിയും സർവാഭരണ വിഭൂഷിതനായ സുബ്രഹ്മണ്യ സ്വാമിയുടെ പീലിവിരിച്ച മയിലും വേറിട്ടതായി. പിന്നാലെ സസ്‌പെന്‍സ് ഒളിപ്പിച്ചുവെച്ച അഞ്ച് സെറ്റ് കുടകള്‍ പുറത്ത് വന്നതോടെ പൂരം കാണാന്‍ എത്തിയവര്‍ ആവേശത്തിലായി. ലോകകപ്പ് ഉയർത്തിയ മെസിക്കുടയുമായി തിരുവമ്പാടി മനം കവർന്നപ്പോൾ എൽ.ഇ.ഡി ഉണ്ണിക്കണ്ണനുമായി പാറമേക്കാവും വിസ്മയം തീർത്തു. ആള്‍പെരുമഴയിലേക്ക് വര്‍ണക്കുടകള്‍ നിവർന്ന് മാറിയപ്പോൾ തേക്കെ ചെരുവിന്റെ സായന്തനത്തിന് വര്‍ണപ്പകിട്ട്. താളമേളങ്ങളുടെ ഓരോ കലാശത്തിലും പുരുഷാരത്തിന്റെ ഹൃദയതാളം മുറുകി അണമുറിയാത്ത ആവേശമായി കുടമാറ്റം മാറി. ഒരു മണിക്കൂറിലധികം സമയം വർണങ്ങളുടെ നീരാട്ട് പൂർത്തിയാക്കി ഇരുവിഭാഗവും പിരിഞ്ഞപ്പോൾ പുരുഷാരം ആഹ്ലാദത്തിന്റെ കൊടുമുടി കയറിയിരുന്നു.