വിഷരഹിത ഉല്‍പ്പന്നങ്ങള്‍ അരികില്‍: വനിതാ സംരംഭകര്‍ക്കായി വെജിറ്റബിള്‍ കിയോസ്‌ക്കും ഷോപ്പിയുമായി ചാവക്കാട് നഗരസഭ

19

വനിതാ സംരംഭകര്‍ക്ക് ആശ്രയമാകാന്‍ വെജിറ്റബിള്‍ കിയോസ്‌ക്കും ഷോപ്പിയും. ജില്ലയില്‍ വെജിറ്റബിള്‍ കിയോസ്‌ക് സ്ഥാപിക്കുന്ന കുടുംബശ്രീ പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ ചാവക്കാട് നഗരസഭയുമുണ്ട്. ചാവക്കാട് നഗരസഭയിലെ 32 വാര്‍ഡുകളില്‍ നിന്നായി ജെ എല്‍ ജി ഗ്രൂപ്പിലെ വനിതകള്‍ ഉണ്ടാക്കുന്ന പച്ചക്കറികള്‍ വിറ്റഴിക്കാനുള്ള സ്ഥിരമായുള്ള വിപണന കേന്ദ്രമാണ് അര്‍ബന്‍ വെജിറ്റബിള്‍ കിയോസ്‌ക്. പച്ചക്കറികള്‍ക്ക് പുറമേ അരി, പാല്‍, മുട്ട, തൈര് തുടങ്ങി വീടുകളില്‍ ഉല്‍പാദിപ്പിക്കുന്ന സാധനങ്ങളും വില്‍ക്കാം. സ്ത്രീകളെ കൂടുതല്‍ സ്വയംതൊഴില്‍ സംരംഭങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും വിഷരഹിതമായ ഓര്‍ഗാനിക് ഭക്ഷ്യവസ്തുക്കള്‍ ആളുകളിലേക്ക് എത്തിക്കുന്നതിനുമാണ് വെജിറ്റബിള്‍ കിയോസ്‌ക് ലക്ഷ്യമിടുന്നത്. ചാവക്കാട് ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിനകത്ത് മറ്റ് കടകള്‍ക്ക് ഒപ്പമാണ് കിയോസ്‌ക് സ്ഥാപിച്ചിട്ടുള്ളത്. അര്‍ബന്‍ വെജിറ്റബിള്‍ കിയോസ്‌ക്കിനായി നഗരസഭയ്ക്ക് 2,86,000 രൂപ ജില്ലാ മിഷന്‍ അനുവദിച്ചിട്ടുണ്ട്. കിയോസ്‌ക്കിന്റെ നിര്‍മാണത്തിന് 2 ലക്ഷവും 86,000 രൂപ കിയോസ്‌ക് നടത്തിപ്പിനായി ജെഎല്‍ജി അംഗങ്ങള്‍ക്കുമുള്ളതാണ്.

നഗരസഭയുടെ സ്ഥലത്ത് ആരംഭിച്ച കിയോസ്‌ക് നടത്തിപ്പിനായി അഞ്ചംഗ ജെ എല്‍ ജി ഗ്രൂപ്പിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ അവരുടെ ഉന്നമനത്തിനും കലര്‍പ്പില്ലാത്ത നാടന്‍ വിഭവങ്ങള്‍ വിറ്റഴിക്കുന്നതിനും വേണ്ടിയുള്ള മിനി സൂപ്പര്‍ മാര്‍ക്കറ്റ് മോഡലായാണ് ‘കുടുംബശ്രീ ഷോപ്പി’ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി 1,50,000 രൂപ അനുവദിച്ചിട്ടുണ്ട്. ചാവക്കാട് ബ്ലോക്കിന് കീഴിലുള്ള കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വന്തമായി വിപണനം ചെയ്യാനുള്ള അവസരമാണ് ഷോപ്പി നല്‍കുന്നത്.ഇതുവഴി സംരംഭകരായ സ്ത്രീകള്‍ക്ക് കൃത്യമായ വരുമാനം ലഭിക്കും. ഷോപ്പി നടത്തിപ്പിനും നിയന്ത്രിക്കുന്നതിനും അഞ്ചംഗ സമിതിയുണ്ട്. സംരംഭകര്‍ നിര്‍മിക്കുന്ന അരിപ്പൊടി, കൂവപ്പൊടി മുതലായ പൊടികള്‍, അച്ചാറുകള്‍ മുതലായ ഇനങ്ങള്‍ ഷോപ്പിയില്‍ വിപണനം ചെയ്യാം. ചാവക്കാട് നഗരസഭയിലെ വഞ്ചിക്കടവ് റോഡിലാണ് വെജിറ്റബിള്‍ ഷോപ്പിയുടെ പ്രവര്‍ത്തനം.ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ചാവക്കാട് നഗരസഭാ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക്ക് എന്നിവരുടെ നേതൃത്വത്തില്‍ കിയോസ്‌ക്കിന്റെയും വെജിറ്റബിള്‍ ഷോപ്പിയുടെയും ഉദ്ഘാടനം എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാനവ്യാപകമായി സി ഡി എസ് പ്രവര്‍ത്തകര്‍ നടത്തുന്ന ഓണചന്തയിലും നാടന്‍ വിഭവങ്ങളുമായി ചാവക്കാട് കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കാളികളാകുന്നുണ്ട്.