കുടിവെള്ളം മുട്ടി ചെമ്മാപ്പിള്ളി നവീന കോളനി നിവാസികൾ: തിരിഞ്ഞു നോക്കാതെ ജനപ്രതിനിധികളും രാഷ്ട്രീയക്കാരും

8

കുടിവെള്ളമില്ലാതെ താന്ന്യം പഞ്ചായത്തിലെ ചെമ്മാപ്പിള്ളി നവീന കോളനിയിൽ മുപ്പതിലേറെ കുടുംബങ്ങൾ ദുരിതത്തിൽ. പെരിങ്ങോട്ടുകരപ്പാടത്തിനോട് ചേർന്നുള്ള ഈ ജനവാസകേന്ദ്രത്തിൽ ശ്രീരാമൻചിറ തോട്ടിലെ വെള്ളം വറ്റിത്തുടങ്ങിയാൽ പിന്നെ പരിസരത്തെ കിണറുകളിലും വെള്ളമില്ലാതാകും. ആകെ ആശ്രയം ജലഅതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനാണ്. ഇതിലാകട്ടെ കൃത്യമായി വെള്ളമെത്തിയിട്ട് ഒരു മാസത്തോളമായി. പാതിരാവിൽ വല്ലപ്പോഴും വരുന്ന കുടിവെള്ളവും കാത്ത് ഉറക്കമൊഴിച്ചിരിക്കേണ്ട ഗതികേടിലാണ് കൂലിപ്പണിക്കാരുൾപ്പെടെയുള്ള ഇവിടത്തുകാർ.പ്രദേശത്തെ പഞ്ചായത്ത് കിണറ്റിൽനിന്നുള്ള കലങ്ങിയ ലവണാംശം കൂടുതലുള്ള വെള്ളമുപയോഗിച്ചാണ് പ്രദേശത്തുള്ളവർ ദിവസങ്ങൾ തള്ളി നീക്കുന്നത്. ജലഅതോറിറ്റി ഓഫീസിലും താന്ന്യം പഞ്ചായത്തിലും നിരവധി തവണ പരാതി നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്ന് സമീപവാസികൾ പറയുന്നു. എന്ന് പ്രാബല്യത്തിൽ വരുമെന്ന് ഉറപ്പില്ലാത്ത കുടിവെള്ള പദ്ധതികളെ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായെന്നും അടിയന്തരമായി ടാങ്കറുകളിൽ വെള്ളമെത്തിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.