അമ്മാടം സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെയ്ക്കാനെത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ

10

ചേർപ്പ് അമ്മാടം സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെയ്ക്കാനെത്തിയ രണ്ട് യുവാക്കളെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം കൂരിക്കുഴി തലാശ്ശേരി വീട്ടിൽ ജൂബിൻ (39), കോടന്നൂർ ചാക്യാർകടവ് കൊല്ലാറ വീട്ടിൽ ഷിനോജ് (35)എന്നിവരെയാണ് ചേർപ്പ് എസ്.എച്ച്.ഒ ടി.വി ഷിബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ വന്ന ഇന്നോവ കാറും സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ബാങ്കിൻ്റെ അമ്മാടത്തെ ഹെഡ് ഓഫീസിലാണ് സംഭവം.10 പവൻ തൂക്കമുള്ള ആറു വളകളാണ് കൊണ്ടു വന്നത്. 3.5 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. വ്യാജ സ്വർണ്ണമാണെന്ന് സംശയം തോന്നിയ ജീവനക്കാർ ബാങ്ക് പ്രസിഡണ്ട് വന്ന് സംസാരിച്ചതിന് ശേഷം പണം നൽകാമെന്ന് പറഞ്ഞ് തന്ത്രപൂർവ്വം യുവാക്കളെ ബാങ്കിലിരുത്തി. വിവരമറിഞ്ഞ പ്രസിഡണ്ട് സെബിജോസഫ് പോലീസിനെ വിവരമറിയിച്ചതിന് ശേഷം ബാങ്കിലെത്തി. ബാങ്കിൻ്റെ കോടന്നൂർ ശാഖയിൽ ജോലി ചെയ്യുന്ന തട്ടാനെ വിളിച്ചു വരുത്തി പരിശോധിച്ച് മുക്കുപണ്ടമാണെന്ന് ഉറപ്പ് വരുത്തി. പുറകെ പോലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളിലൊരാളായ ഷിനോജ് നേരത്തെ ബാങ്കിൽ മറ്റ് ഇടപാടുകളുള്ളയാളാണ്. മറ്റു സ്ഥലങ്ങളിൽ ഇതേ രീതിയിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.