ജില്ലയിൽ വിരിക്കുന്നത് 12 കോടിയുടെ കയർ ഭൂവസ്ത്രം: സെമിനാറുകൾക്ക് തുടക്കമായി

30

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൃഷി, മണ്ണ് ജലസംരക്ഷണം, റോഡ് നിർമ്മാണം എന്നിവയ്ക്കായി ജില്ലയിൽ ഈ വർഷം 12 കോടി രൂപയുടെ കയർഭൂവസ്ത്രം വിരിക്കും. ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കുന്നത്തിനായി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളുടെ യോഗവും സെമിനാറും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 16ന് ആലപ്പുഴയിൽ നടക്കുന്ന കയർ കേരള – 2021നോട് അനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ജില്ലയിലെ 86 ഗ്രാമ പഞ്ചായത്തുകളിൽ നിന്ന് 12 കോടി രൂപയുടെ കയർ ഭൂവസ്ത്ര ഓർഡറുകൾ സ്വീകരിക്കുക എന്നതാണ് ഈ സെമിനാറുകളിലൂടെ ലക്ഷ്യമിടുന്നത്.

അന്തര്‍ദേശീയ മേളയായ കയര്‍ കേരള 2021 കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വെര്‍ച്ച്വല്‍ ആയിട്ടാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, എം ജി എന്‍ ആര്‍ ഇ ജി എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായിട്ടാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇത്തവണ 125 കോടി രൂപയുടെ കയർഭൂവസ്ത്രമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിതാനിക്കുന്നത്. കയര്‍ മേഖലയില്‍ കയറിന്റെയും കയര്‍ ഉല്‍പന്നങ്ങളുടെയും വിപണി വിപുലീകരിക്കുന്നതിനും തൊഴിലാളികള്‍ക്ക് വര്‍ധിച്ച തോതില്‍ തൊഴില്‍ ദിനങ്ങളും കൂലിയും ഉറപ്പാക്കുന്നതിനും ഭൂവസ്ത്ര പദ്ധതിയിലൂടെ സാധിച്ചു. തൊഴിലുറപ്പു പദ്ധതിയില്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതോടെ ആസ്തി സംരക്ഷിക്കുന്ന പ്രോജക്ടുകള്‍ നടപ്പാക്കുന്നതിനും മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും സാധിക്കും.

തൃശൂർ ടൗൺ ഹാളിൽ ചേർന്ന ജില്ലയിലെ ആദ്യത്തെ സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കയർ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ 10 ബ്ലോക്ക് പഞ്ചായത്തുകൾ ഉൾപ്പെട്ട 47 ഗ്രാമപഞ്ചായത്തുകളാണ് ആദ്യത്തെ സെമിനാറിൽ പങ്കെടുത്തത്. അഞ്ച് കോടി രൂപയുടെ കയർഭൂവസ്ത്രം ധാരണാപത്രം 47 ഗ്രാമപഞ്ചായത്തുകൾ ചേർന്ന് സെമിനാറിൽ ഒപ്പുവച്ചു.

രണ്ടാമത്തെ സെമിനാർ ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടിന് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലയിലെ 34 പഞ്ചായത്തുകൾ സെമിനാറിൽ പങ്കെടുക്കും. അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കയർ പ്രോജക്ട് ഓഫീസർ സോജൻ സി ആർ, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിക്കും. സംസ്ഥാന കയർ വികസന വകുപ്പ് ഡയറക്ടർ വി ആർ വിനോദ്, അഡീഷണൽ ഡയറക്ടർ പ്രദീപ് കുമാർ കെ എസ് എന്നിവർ പങ്കെടുക്കും. ബാലഗോപാൽ പി സി, അരുൺ ചന്ദ്രൻ എന്നിവർ ക്ലാസുകൾ നയിക്കും. 34 പഞ്ചായത്തുകൾ കൂടി ധാരണാ പത്രം ഒപ്പു വയ്ക്കുന്നതോടെ 12 കോടി രൂപയുടെ കയർ ഭൂവസ്ത്രമാണ് ജില്ലയിലെ വിവിധ തോടുകൾ അണിയുക.