കോർപ്പറേഷൻ ഇടത് ഭരണസമിതിക്ക് തിരിച്ചടി: കോവിലകത്തുംപാടത്തെ സ്വപ്നപദ്ധതി നിർമാണം നിയമലംഘനമെന്ന് കണ്ടെത്തൽ; നിലം പൂർവ സ്ഥിതിയിലാക്കാൻ കളക്ടറുടെ ഉത്തരവ്

63

കോർപ്പറേഷൻ ഇടത് ഭരണസമിതിക്ക് തിരിച്ചടിയായി കളക്ടറുടെ ഉത്തരവ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തുടങ്ങിവെച്ച കോവിലകത്തുംപാടത്തെ വ്യാപാരസമുച്ചയ നിർമ്മാണം ചട്ടംലംഘിച്ചുള്ളതാണെന്നും 15 ദിവസത്തിനകം നിലം പൂർവ്വസ്ഥിതിയിലാക്കാനും കളക്ടർ ഉത്തരവിട്ടു. ഇക്കാര്യങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ തൃശൂർ ആർ.ഡി.ഒക്കും തഹസിൽദാർക്കും കലക്ടർ നിർദ്ദേശം നൽകി. 15 കോടി ചിലവഴിച്ച് 72,000 ചതുരശ്ര അടി വിസ്തീർണത്തിൽ 80 വണ്ടികള്‍ക്ക് പാര്‍ക്കിംഗ് സൗകര്യങ്ങളോടുകൂടി ആധുനിക രീതിയിൽ ബേസ്‌മെന്റ് ഫ്‌ളോര്‍ അടക്കം അഞ്ചു നിലകളിലായാണ് കോവിലകത്തുംപാടത്ത് കോർപ്പറേഷൻ നിർമ്മിക്കുന്ന കെട്ടിടം. നിർമ്മാണ ഘട്ടത്തിൽ തന്നെ തണ്ണീർത്തടം നികത്തിയുള്ള നിർമ്മാണം നിയമം ലംഘിച്ചാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത് വന്നിരുന്നു. ആദ്യം നിർമ്മാണം നിറുത്തിവെച്ച കെട്ടിടം പിന്നീട് പുനരാരംഭിച്ചു. ഒരു വർഷത്തിനുള്ളിൽ വാണിജ്യ സമുച്ചയം നിർമ്മാണം പൂർത്തിയാക്കുന്ന വിധത്തിൽ കഴിഞ്ഞ വർഷം ജനുവരിയിലാണ് നിർമ്മാണം ആരംഭിച്ചത്. പിന്നീട് കോവിഡ് സാഹചര്യമെത്തിയതോടെ വീണ്ടും പ്രവൃത്തികൾ നിലക്കുകയായിരുന്നു. കോർപ്പറേഷൻ ഇടത് ഭരണസമിതിയുടെ സ്വപ്ന പദ്ധതിയായിട്ടായിരുന്നു ഇത് അവതരിപ്പിച്ചിരുന്നത്. 2019 സെപ്തംബറിൽ ശിലാസ്ഥാപനം തീരുമാനിച്ചപ്പോൾ നിർമ്മാണം വിവാദത്തിലായതോടെ മന്ത്രി സുനിൽകുമാർ വിട്ടു നിൽക്കുകയായിരുന്നു. ഇതേ തുടർന്ന് മേയർ തന്നെയാണ് ശിലാസ്ഥാനം നടത്തിയത്. പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ല് എടുത്ത് മാറ്റിയതും വിവാദത്തിലായിരുന്നു. നിയമം നിലവില്‍ വരുന്നതിനു മുമ്പേ ഇതേഭൂമിയില്‍ കെട്ടിടം നിര്‍മിക്കാന്‍ അനുമതിയുണ്ടെന്നാണ് കോര്‍പറേഷന്‍റെ നിലപാട്. 2003ല്‍ കെട്ടിടം നിര്‍മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് കോര്‍പറേഷന്‍റെ വാദം. മാത്രവുമല്ല, ഭൂമിയുടെ മൂന്നു അതിരുകളിലും നിലവില്‍ കെട്ടിടമുണ്ട്. മുന്നിലാകട്ടെ റോഡും. ഇതുവഴി കടന്നുപോകുന്ന കാന മണ്ണിട്ട് മൂടിയത് നീക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ് റവന്യൂ വകുപ്പില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. അല്ലാതെ, നിര്‍മാണം അനധികൃതമല്ലെന്നും വാണിജ്യ സമുച്ചയം യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്നുമായിരുന്നു അന്ന് കോർപ്പറേഷൻ വിശദീകരണം. തണ്ണീർത്തട നിയമലംഘനം ചൂണ്ടിക്കാണിച്ച് പൊതുപ്രവർത്തകൻ ടി.എൻ.മുകുന്ദൻ നൽകിയ പരാതിയിലാണ് കളക്ടറുടെ നടപടി. പരാതിയിൽ കളക്ടർ നടപടിയെടുക്കാതിരുന്നതിനെ തുടർന്ന് മുകുന്ദൻ ലോകായുക്തയെ സമീപിക്കുകയായിരുന്നു. ലോകായുക്ത കളക്ടറോട് റിപ്പോർട്ട് തേടിയതിനെ തുടർന്നാണ് ചട്ടലഘനം ചൂണ്ടിക്കാണിച്ച് നിർമ്മാണം നിറുത്തിവെക്കാനുള്ള ഉത്തരവ്. പരാതി സംബന്ധിച്ച് തൃശൂർ, പെരിങ്ങാവ് വില്ലേജ് ഓഫീസർമാരിൽ നിന്നും കൃഷിവകുപ്പ് എന്നിവരിൽ നിന്നും ലഭിച്ച റിപ്പോർട്ട് പരിശോധിച്ചാണ് ഉത്തരവ്. കൃഷി വകുപ്പ് ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയ ഭൂമിയാണ് ഇതെന്ന് കോർപ്പറേഷൻ സെക്രട്ടറിയും കൃഷിവകുപ്പും റിപ്പോർട്ട് നൽകി. ഇതേ തുടർന്നാണ് ചട്ടലംഘനമാണെന്ന കണ്ടെത്തൽ. തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനം അനുമതി നൽകാൻ പാടില്ലാത്തതാണെന്നും നിർമ്മാണ പ്രവർത്തനങ്ങൾ റദ്ദാക്കി നിലം പൂർവ്വ സ്ഥിതിയിലാക്കാനും കളക്ടർ നിർദ്ദേശിച്ചു. പ്രാദേശിക നിരീക്ഷണ സമിതിയോട് കൃഷിയിറക്കാൻ നടപടി സ്വീകരിക്കാനും കളക്ടർ ഉത്തരവിൽ വ്യക്തമാക്കുന്നു.