വാടാനപ്പള്ളി പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് കോൺഗ്രസ്‌

2

വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിലെ അപാകതകൾ പരിഹരിക്കുക എന്നാവശ്യപ്പെട്ട് വാടാനപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി.

Advertisement

കുടിവെള്ള ക്ഷാമം രൂക്ഷമായ വേനൽക്കാല സമയത്ത് 15 ദിവസമായി വാടാനപ്പള്ളിയിൽ വാട്ടർ അതോറിട്ടി ജലവിതരണം നിർത്തിയിട്ട്. കഴിഞ്ഞ ഇടതുപക്ഷ ഭരണസമിതി കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ നടുവിൽക്കരയിലും എങ്കൽസ് നഗറിലും പൊക്കാഞ്ചേരിയിലും 25 ലക്ഷം രൂപയിൽ അധികം ചിലവഴിച്ച് മൂന്ന് ജലസംഭരണികൾ നിർമിച്ച് ഗാർഹിക കണക്ഷൻ ഉൾപ്പടെ പദ്ധതി പൂർത്തീകരിച്ച്, നാളിതുവരെ ജലം സംഭരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാതെ ഗ്രാമപഞ്ചായത്ത് ജലവിതരണം സ്വകാര്വ്യക്തിക്ക് കരാറ് നൽകി കരാറുകാരനെകൊണ്ട് വിതരണം നടത്തുകയാണ് ചെയ്യുന്നത്.

പദ്ധതികൾ പൂർത്തീകരിച്ച് അവയൊന്നും ഉപയോഗപ്പെടുത്താതെ ഭീമമായ സംഖ്യക്ക് കരാർ നൽകുന്ന വിഷയത്തിൽ അഴിമതിയാണ് നടക്കുന്നത്. കുടിവെള്ള വിതരണം നടത്തിയത് മോട്ടോർ സൈക്കിൾ രെജിസ്ട്രേഷൻ നമ്പർ ഉള്ള വാഹനത്തിനാണ് എന്ന് ഓഡിറ്റ് ഒബ്ജക്ഷൻ കൂടി മുൻ വർഷം വന്നിരുന്നു.

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്നും ഗ്രാമപ്പഞ്ചായത്തിന്റെ കെടുകാര്യസ്ഥത ഒഴിവാക്കണമെന്നും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സുബൈദ മുഹമ്മദ് പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെ പറഞ്ഞു.

വാടാനപ്പള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.വി സിജിത്ത് അധ്യക്ഷത വഹിച്ച സമരത്തിൽ ഇ ബി ഉണ്ണികൃഷ്ണൻ, സി എം രഘുനാഥ്‌, ഐ പി പ്രഭാകരൻ, പി.കെ ഉസ്മാൻ, സി.എം രഘുനാഥ്‌, പരമേശ്വരൻ തിരിയാടത്ത്, രാജേഷ് വൈക്കാട്ടിൽ, എ.എം എം നൂറുദ്ധീൻ, പി.വി ഉണ്ണികൃഷ്ണൻ, ടി.കെ രഘു, സുനിൽ ഇത്തിക്കാട്ട്, ഖാദർ ചേലോഡ്, മോഹൻദാസ് വെണ്ണാരത്തിൽ, പീതാംബരൻ വാലത്ത്, സി ജി ലക്ഷ്മണൻ, കെ.എം.എ റഫീക്ക്, അർജുനൻ വി.വി, അൻസാർ പി.യൂ, ഷാഫി പി.കെ, ഹസീന താജു, ശിവരാമൻ ചിറമ്പത്ത്, അഹമ്മദുണ്ണി പി.എം, മുഹമ്മദ്ഷാഫി, ബഷീർ എ.എ, ഷൗക്കത്തലി എം.കെ, സുജാത, ശോഭന സുകുമാരൻ എന്നിവർ സംബന്ധിച്ചു.

കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തിരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നിവേദനവും നൽകിയിട്ടുണ്ട്

Advertisement