തൃശൂരിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം വിട്ടു കൊടുക്കൽ വിവാദം

91

തൃശൂരിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം വിട്ടു കൊടുക്കൽ വിവാദം. വിവരമറിഞ്ഞ പോലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പെരിഞ്ഞനം വെസ്റ്റ് സ്വദേശി പുലാക്കൽ വീട്ടിൽ രാധാകൃഷ്‌ണൻ്റെ മകൻ അഭിലാഷിൻ്റെ മൃതദേഹമാണ് അധികൃതർ പോസ്റ്റുമോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ട് കൊടുത്തത്. ഏപ്രിൽ മൂന്നിന് വാടനാപ്പള്ളിയിൽ വെച്ചുണ്ടായ അപകടത്തിലാണ് അഭിലാഷിന് പരിക്കേറ്റത്. ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അഭിലാഷ് മരിച്ചത്. മരണ വിവരം പോലീസിനെ അറിയിക്കാതെയും പോസ്റ്റുമോർട്ടം നടത്താതെയും ആശുപത്രി അധികൃതർ മൃതദേഹം  ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചതിന് ശേഷം ബന്ധുക്കളാണ് പോലീസിൽ വിവരം അറിയിച്ചത്. ഇതോടെ പോലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടം നിർദേശിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ചയാണ് വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ച് പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ട് നൽകി, സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടയിൽ തിരിച്ചെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്. ഈ സംഭവത്തിൽ ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

Advertisement
Advertisement