ഹരിത സുന്ദര നഗരം ലക്ഷ്യം: തൃശൂർ കോർപറേഷന് 565.75 കോടിയുടെ ബഡ്ജറ്റ്, മാലിന്യ സംസ്കരണത്തിന് മാത്രം 120 കോടി, കുടിവെള്ളത്തിന് 75 കോടി, പശ്ചാത്തലമേഖലക്ക് 350 കോടി, കോർപറേഷൻ ആസ്ഥാനം ഹെറിടേജ് മ്യൂസിയമാക്കും, മൃഗങ്ങളുടെ മൃതദേഹസംസ്കാരത്തിന് അനിമൽ ക്രിമിറ്റോറിയം സ്ഥാപിക്കും

26
9 / 100

കോർപറേഷന്റെ 2021-22 വർഷത്തേക്കുള്ള ബജറ്റ് ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അവതരിപ്പിച്ചു.565.75 കോടി രൂപയുടെ പദ്ധതികളാണ് കോർപറേഷൻ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണ പദ്ധതി, കുടിവെള്ള വിതരണം ഉറപ്പാക്കൽ എന്നിവക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണു അവതരിപ്പിച്ചത്.

ഹരിത സുന്ദര നഗരം – മാലിന്യ സംസ്കരണവും തുടർന്ന് മാലിന്യത്തെ സമ്പത്ത് ആക്കുന്ന പദ്ധതിക്കായി 120 കോടി രൂപ വകയിരുത്തി. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം ‘ആശയം മുൻനിർത്തി നിരവധി പദ്ധതികൾ നഗരത്തിൽ നടപ്പിലാക്കും.കുടിവെള്ള പദ്ധതിക്കായി 75 കോടി രൂപ നീക്കി വെച്ചു. എല്ലാ വീടുകളിലും കിണറുകളുടെ റീ ചാർജിങ് നടപ്പാക്കും. പുതിയ പൈപ്പ് ലൈനുകൾ, കുടിവെള്ള ടാങ്കുകൾ, ജലവിതരണത്തിന് കൂടുതൽ ലോറികൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാകും.കൂടാതെ കരുവന്നൂർ പുഴയിൽ നിന്നുള്ള കുടിവെള്ള പദ്ധതിയും നടപ്പിലാക്കും.

ലൈഫ് പദ്ധതിക്ക് 25 കോടി രൂപ വകയിരുത്തി.അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 22 കോടി, പ്രളയം, വീണ്ടെടുക്കൽ എന്നിവക്ക് 50 കോടി, ചിയ്യാരം സ്റ്റാഫ്‌ ക്വാർട്ടേഴ്‌സ് നിർമ്മാണത്തിനു 20 കോടി, ലാലൂർ ഐ എം വിജയൻ സ്പോർട്സ് കോംപ്ലക്സ്കിന് 50 കോടി രൂപയും ബജറ്റിൽ വകയിരുത്തി.

സമഗ്ര റോഡ് ജംഗ്ഷൻ വികസനത്തിനായി 50 കോടി രൂപ അനുവദിച്ചു. ഇതിന്റെ ഭാഗമായി എം ജി റോഡ്, കുരിയച്ചിറ, തലോർ സംസ്ഥാന റോഡുകൾ ഉൾപ്പെടെ 116 റോഡുകളുടെ വികസനം ഉറപ്പാക്കും.

ടാഗോർ സെന്റിനറി ഹാൾ നിർമാണം 30 കോടി രൂപ വിനിയോഗിച്ച് പൂർത്തിയാക്കും.15 കോടി രൂപ ചിലവിൽ കോലോതുംപാടം ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം പൂർത്തിയാക്കും.8 കോടി രൂപ കാളത്തോട് കല്യാണ മണ്ഡപത്തിനായി അനുവദിച്ചു. ചിയ്യാരത്ത് സാംസ്ക്കാരിക സമുചയം നിർമ്മിക്കാൻ 50 കോടി രൂപ വകയിരുത്തി.

ഭക്ഷ്യസുരക്ഷാ പദ്ധതിക്ക്‌ 8 കോടി രൂപ വകയിരുത്തി. പച്ചക്കറി ഉൾപ്പാദനം 50% വർധിപ്പിക്കാനും, മുട്ട, പാൽ മാംസം എന്നിവയുടെ ലഭ്യത 25% വും വർധിപ്പിക്കും. നഗര പരിധിയിലെ 80,000 വീടുകളിലും സോളാർ പദ്ധതി നടപ്പിലാക്കാൻ 5 കോടി, വിദ്യാഭ്യാസ മേഖലയിലെ വികസന. പ്രവർത്തനങ്ങൾക്ക് 2 കോടി, അംഗനവാടി കെട്ടിടങ്ങൾക്ക് 2.5 കോടി, വഞ്ചിക്കുളം പാർക്ക്‌ ആൻഡ് ടൂറിസം പദ്ധതിക്ക്‌ 3 കോടി, ശക്തൻ ആകാശ പാതക്ക്‌ 3 കോടി രൂപയും ബജറ്റിൽ നീക്കി വെച്ചു.

പുഴയ്ക്കൽ മണ്ണുത്തി ഉപഗ്രഹ നഗരം പദ്ധതിക്ക് 1 കോടി,കാനകളുടെയും, ഓടകളുടെയും സംരക്ഷണം, കുടുംബ ശ്രീ ആസ്ഥാന മന്ദിരം,100 വയോജന ക്ലബ്‌ രൂപീകരണവും, പകൽവീടും, ഒല്ലൂർ പി എച്ച് സി ക്ക്‌ പുതിയ കെട്ടിടം, സാന്ത്വന ചികിത്സ പദ്ധതി, ബഡ്‌സ് സെന്റർ, കുരിയച്ചിറ, മാറ്റാംപുറം മീറ്റ് പ്രൊസസ്സിംഗ് യൂണിറ്റ് എന്നിവക്കും 1 കോടി രൂപ വീതവും 2021-22 വാർഷിക ബജറ്റിൽ തുക വകയിരുത്തി.

5657585411രൂപ വരവും,
5392100244 രൂപ ചിലവും,265485167 മിച്ചവുമുള്ള ബജറ്റിനാണ് കോർപറേഷൻ കൗൺസിൽ അംഗീകാരം നൽകിയത്. ബജറ്റ് ചർച്ചയിൽ മേയർ എം കെ വർഗീസ്, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വർഗീസ് കണ്ടംകുളത്തി, പി കെ ഷാജൻ, ജോൺ ഡാനിയേൽ, എൻ എ ഗോപകുമാർ, ലാലി ജെയിംസ്, ഷീബ ബാബു, സാറാമ്മ റോബ്സൺ, കൗൺസിലർമാർ, സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, സൂപ്രണ്ടിങ് എഞ്ചിനീയർ ഷൈബി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.