ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് ആക്ഷേപം: കോവിഡ് രോഗി മരിച്ചു

45

ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ യഥാസമയം ആശുപത്രിയിലെത്തിക്കാത്തതിനാല്‍ മരണം സംഭവിച്ചെന്ന് ആക്ഷേപം. കിഴക്കുംപാട്ടുകര ഗോപുരത്തിങ്കല്‍ കാര്‍ത്തികേയന്‍ (63) ആണ് ഇന്നലെ വൈകീട്ട് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. ഈമാസം 14 ന് കൊവിഡ് ബാധിച്ച് കുട്ടനെല്ലൂര്‍ സി.എഫ്.എല്‍.ടിയിലായിരുന്ന ഇയാളെ 24 ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് അയച്ചിരുന്നെങ്കിലും രോഗാവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. ഇന്നലെ വൈകീട്ട് കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് ആരോഗ്യ വകുപ്പില്‍ അറിയിച്ചെങ്കിലും ആംബുലന്‍സ് ലഭ്യമായില്ല. അരമണിക്കൂറിലേറെ കാത്തുനിന്നിട്ടും ആംബുലന്‍സ് വന്നില്ല. തുടര്‍ന്ന് പി.പി.ഇ കിറ്റ് ധരിച്ച് കാര്‍ത്തികേയനെ കാറിലാക്കി കോര്‍പ്പറേഷന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ജോണ്‍ ഡാനിയല്‍ ബൈക്കില്‍ അതിനെ പിന്തുടര്‍ന്ന് തൃശൂര്‍ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും കാര്‍ത്തികേയന്‍ മരിച്ചിരുന്നു. കാളത്തോട് ആയുര്‍വേദ കട നടത്തുകയായിരുന്ന കാര്‍ത്തികേയന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണ്. പുഷ്പയാണ് ഭാര്യ. മക്കള്‍: മായ, മോഹിനി. കാര്‍ത്തികേയന്റെ മൃതദേഹം ഇന്ന് രാവിലെ 11 മണിക്ക് ലാലൂര്‍ ശ്മശാനത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിക്കും.