കോവിഡിന് പിന്നാലെ ഇരുട്ടടി: തൃശൂർ കോർപ്പറേഷൻ കടമുറികളുടെ വാടക വർധിപ്പിക്കുന്നു

24

തൃശൂർ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടകനിരക്കുകൾ പരിഷ്കരിക്കാൻ നീക്കം. കോവിഡ് കാലത്തിനും മുമ്പാണ് കടമുറികളുടെ വാടകനിരക്കുകൾ പുതുക്കിയിരുന്നത്. കോവിഡ് കാലത്ത് വാടക സൗജന്യമാക്കുകയും ചെയ്തിരുന്നു. ഓരോ മൂന്നു വർഷം കൂടുമ്പോഴും നഗരപ്രദേശങ്ങളിലുള്ള കോർപ്പറേഷൻ കെട്ടിടങ്ങളിൽ പത്ത് ശതമാനവും, കോർപ്പറേഷനോട് കൂട്ടിചേർക്കപ്പെട്ട അയ്യന്തോൾ, കൂർക്കഞ്ചേരി, ഒല്ലൂർ, ഒല്ലൂക്കര, വിൽവട്ടം മേഖലകളിലുള്ള കെട്ടിടങ്ങളിലെ വാടകക്കാരിൽ നിന്നും ഏഴ് ശതമാനവും വാടക വർധിപ്പിക്കുന്നതാണ് നിലവിലുള്ള വ്യവസ്ഥ.  വരുമാനത്തിൽ വൻ കുറവ് നേരിട്ട സാഹചര്യത്തിലും കോവിഡ് മാറി വിപണി സജീവമായതും കണക്കിലെടുത്താണ് നിരക്ക് വർധനവ് പരിഷ്കാരത്തിന് ആലോചന തുടങ്ങിയിരിക്കുന്നത്. വാടകക്കുടിശികക്കാർക്ക് കോർപ്പറേഷൻ നോട്ടീസും നൽകിത്തുടങ്ങിയിട്ടുണ്ട്. അതേ സമയം വാടക വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ടെനൻറ്സ് ഫെഡറേഷൻ രംഗത്തെത്തി. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക തകർച്ച പരിഗണിച്ച് വാടക വർധിപ്പിക്കുവാനുള്ള നീക്കം അടുത്ത മൂന്ന് വർഷത്തേക്ക് ഉപേക്ഷിക്കണമെന്ന് ടെനൻ്റസ് ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗംകോർപ്പറേഷൻ അധികൃതരോടാവശ്യപ്പെട്ടു. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക ബുദ്ധിമുട്ട് നിമിത്തം വാടകക്കാർക്ക് വാടകയും, ബാങ്ക് വായ്പകളും തിരിച്ചടക്കുവാനാകാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും നീക്കം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടെനൻ്റ്സ് ഫെഡറേഷൻ പ്രസിഡൻ്റ് പി.എ.ഹസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, ഭാരവാഹികളായ എം.പി.അനിൽകുമാർ, വി.ആർ. സുകുമാർ, കെ.കെ.അമൂല്യൻ, ജോസ് പനംകുളം, ബിജു പുവ്വത്തിങ്കൽ, സെബി വി.പി., അമീർ അലി, പി.എ.സാദത്ത് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement