തിമിംഗലത്തിന്റെ ആംബര്‍ഗ്രീസ് വിൽപ്പനക്കെത്തിച്ച പ്രതികളുടെ ജാമ്യാപേക്ഷ തൃശൂർ കോടതി തള്ളി

7

നിരോധിതവസ്തുവായ തിമിംഗലത്തിന്റെ ആംബര്‍ഗ്രീസ് കൈവശം വെച്ച കേസില്‍ പ്രതികളായ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി പണ്ടാരത്തില്‍ കറുത്തവീട്ടില്‍ റംഷാദ് (30), എറണാകുളം പള്ളുരുത്തി മുണ്ടേക്കല്‍ വീട്ടില്‍ ബിനോജ് (30) എന്നിവരുടെ ജാമ്യഹര്‍ജി തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.ജെ. വിന്‍സെന്റ് തള്ളി.

ഈ മാസം അഞ്ചിന് തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്. നിയമപ്രകാരം കൈവശം സൂക്ഷിക്കാനവകാശമില്ലാത്ത 5.1 കിലോഗ്രാം ആംബര്‍ഗ്രീസാണ് പ്രതികളുടെ കയ്യിലുണ്ടായിരുന്ന ബാഗുകളില്‍ നിന്ന് തൃശൂര്‍ ഈസ്റ്റ് പോലീസ് കണ്ടെടുത്തത്. വന്യജീവിസംരക്ഷണനിയപ്രകാരമുള്ള പ്രസ്തുത കേസ് തുടരന്വേഷണത്തിന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് കൈമാറിയിരുന്നു.

അന്താരാഷ്ട്രവിപണിയില്‍ 5 കോടി വിലവരുന്ന ആംബര്‍ഗ്രീസാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത് എന്നും നിയവ്യവസ്ഥയെ മറികടന്നാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും യാതൊരു കാരണവശാലും ജാമ്യമനുവദിക്കരുതെന്നുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബുവിന്റെ വാദങ്ങള്‍ സ്വീകരിച്ചാണ് കോടതി ജാമ്യഹര്‍ജി തള്ളി ഉത്തരവായത്.