ഗുരുവായൂര്‍ ക്ഷേത്രത്തിൽ പ്രസാദകഞ്ഞി കുടിയ്ക്കാന്‍ കുട്ടികളുമായെത്തിയ ഭക്തരെ ദേവസ്വം ഉദ്യോഗസ്ഥ, ഭക്ഷണം കഴിയ്ക്കാനിരുന്നിടത്ത് നിന്നും എഴുന്നേൽപ്പിച്ച് പുറത്താക്കി. തെക്കേനടയിലെ ആറാം നമ്പര്‍ കൗണ്ടറിലാണ് ഉച്ചയ്ക്ക് ഇരിപ്പിടത്തില്‍ നിന്നും ഭക്തരെ പിടിച്ചിറക്കിയ സംഭവമുണ്ടായത്. ഭക്ഷണം കഴിയ്ക്കാന്‍ നിലവിലുള്ള ക്യൂ സംവിധാനത്തെ കുറിച്ച് അറിയാത്ത പലരും കയറിപോകുന്നതിനാലാണ് ആ വഴിയിലൂടെ കയറിയത്. ആ വഴിയിലൂടെ വന്ന് പ്രസാദകഞ്ഞി കഴിയ്ക്കാനുള്ള കസേരയില്‍ കുടുംബമായ് എത്തി ഇരുപ്പുറപ്പിച്ചത് കണ്ട രോഷാകുലയായ ഉദ്യോഗസ്ഥ, ഇരുന്നിടത്തുനിന്നും അവരെ എഴുന്നേല്‍പ്പിച്ച് പുറത്താക്കുകയായിരുന്നു. തെക്കേനടയിലെ നടവഴിയില്‍ നിന്നിരുന്ന മറ്റ് ഭക്തർ ഉദ്യോഗസ്ഥയുടെ ഈ നടപടിയില്‍ പ്രതിഷേധമുയർത്തിയതോടെ ഏറെ നേരം തർക്കത്തിനിടയാക്കി. വിവരമറിഞ്ഞെത്തിയ ദേവസ്വം ചെയര്‍മാന്‍ സ്ഥലത്തെത്തി പുറത്താക്കിയ കുടുംബത്തോട് മാപ്പുപറയാന്‍ ഉദ്യോഗസ്ഥയോട് പറഞ്ഞെങ്കിലും താൻ ക്ഷേത്രത്തിൽ നിന്ന് ഒന്നും മോഷ്ടിച്ചില്ല ജീവിക്കുന്നത് എന്ന ധാർഷ്ട്യം നിറഞ്ഞ മറുപടിയാണ് ദേവസ്വം മാനേജർ കൂടിയായ ഉദ്യോഗസ്ഥ നല്കിയതെന്ന് പറയുന്നു.
കുടുംബത്തിനോട് ചെയര്‍മാന്‍ തന്നെ നേരിട്ട് മാപ്പുപറഞ്ഞു. നടപടിയിൽ പ്രതിഷേധിച്ച് നിരവധി ഭക്തർ പ്രസാദ ഊട്ടിന് നിൽക്കാതെ മടങ്ങി.