ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി നാളുകളിൽ ഭക്തർക്ക് നിയന്ത്രണങ്ങളില്ല: വഴിപാട് പായസത്തിന് പ്ലാസ്റ്റിക് കണ്ടെയ്നർ ഒഴിവാക്കും; ദേവസ്വം ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ഒരു മാസത്തിനകം ആരംഭിക്കാനും തീരുമാനം

17

മണ്ഡല മകരവിളക്ക് കാലത്ത് കൂടുതൽ തീർത്ഥാടകർക്ക് ക്ഷേത്ര ദർശനത്തിന് അനുമതി നൽകാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. പ്രതിദിനം പതിനായിരം ഭക്ലർക്ക് വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കാനാണ് തീരുമാനം. നിലവിൽ അയ്യായിരം പേർക്ക് മാത്രമായിരുന്നു ദർശനത്തിനുള്ള അനുമതി. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ദർശനത്തിന് അവസരം. ഇതിനായി www.guruvayurdevaswom.in എന്ന ദേവസ്വം വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ശബരിമല തീർത്ഥാടകർക്ക് ദർശനത്തിന് പ്രത്യേക ക്രമീകരണം തുടരും. ദർശനത്തിന് ഇവർക്ക് ഓൺലൈൻ ബുക്കിങ്ങ് നടത്തേണ്ടതില്ല. കൂടാതെ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദശമി ദിനമായ ഡിസംബർ 13നും ഏകാദശി നാളായ ഡിസംബർ 14 ദ്വാദശിയായ ഡിസംബർ 15 ദിവസങ്ങളിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും ദർശനത്തിന് സൗകര്യമൊരുക്കും. വെർച്വൽ ക്യൂ ദർശനം ബുക്ക് ചെയ്ത പതിനായിരം പേർക്ക് മുൻഗണനാക്രമത്തിൽ ദർശന സൗകര്യം ഉണ്ടായിരിക്കും.
മണ്ഡല മകരവിളക്ക് കാലത്ത് ഗുരുവായൂർ ക്ഷേത്രവും പരിസരവും പ്ലാസ്റ്റിക് വിമുക്ലമാക്കാനും ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനമായി. വഴിപാട് പായസം നൽകുന്നതിന് പ്ലാസ്റ്റിക് ഇതര കണ്ടെയ്നർ വാങ്ങും. ഇതിനായി ക്വട്ടേഷൻ ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ദേവസ്വം മെഡിക്കൽ സെന്ററിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നതിനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉടൻ ഒരുക്കും. ഒരു മാസത്തിനകം ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കാനാണ് തീരുമാനം. ഡയാലിസിസ് യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ നാല് ഡോക്ടർമാർ, സാങ്കേതിക വിദഗ്ധർ എന്നിവർക്കായുള്ള തസ്തിക സൃഷ്ടിക്കാൻ സർക്കാരിന്റെ അനുമതി തേടാനും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് അധ്യക്ഷനായിരുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ എ.വി.പ്രശാന്ത്, കെ.അജിത്, കെ.വി.ഷാജി, ഇ.പി.ആർ.വേശാല, അഡ്വ.കെ.വി.മോഹനകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ പങ്കെടുത്തു.