ശ്രീ കേരളവർമ കോളേജിലെ മലയാളം വിഭാഗം മേധാവിയും എഴുത്തുകാരനുമായിരുന്ന ഡോ.പി.വി പ്രകാശ്ബാബു വിട പറഞ്ഞിട്ട് മൂന്ന് വർഷം. അപ്രതീക്ഷിത വിയോഗം അധ്യാപകരിലും വിദ്യാർഥികളിലും പ്രകാശ് ബാബുവിനെ കുറിച്ച് കേട്ടറിഞ്ഞട്ടുള്ളവർക്ക് പോലും ഉണ്ടാക്കിയ ആഘാതം ചെറുതല്ല. പ്രിയപ്പെട്ട മാഷ് ഇല്ലെന്ന് വിശ്വസിക്കാൻ ഇപ്പോഴും പ്രയാസപ്പെടുന്നവരുമുണ്ട്. വേർപാടിന്റെ മൂന്നാം വർഷത്തിൽ ഡോ. പ്രകാശ് ബാബുവിനെ ഓർക്കുകയാണ് ശ്രീകേരളവർമയിൽ പ്രകാശ് ബാബുവിന്റെ സഹപ്രവർത്തകയും ഇപ്പോൾ വിവേകാനന്ദ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്.
ഓർമ്മയിൽ പെറ്റുപെരുകുന്ന ഒരാൾ
‘ അലാറം ഇത്ര പെട്ടെന്നടിച്ചോ? മക്കൾക്ക് സ്കൂളിൽ പോകാറായോ? ‘ എന്ന ആന്തലോടെ എണീറ്റ് മൊബൈലെടുത്ത് നോക്കിയപ്പോഴാണ് മണി ഒന്നല്ലേ കഴിഞ്ഞുള്ളൂ എന്ന് കണ്ടത്. ‘സെലീനേച്ചി പ്രകാശ് മാഷ്’ എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നും 7 മിസ് കോൾ വന്നു കിടക്കുന്നു. ഏഴാമത്തെ വിളിയിലാവണം ഞാനെണീറ്റിട്ടുണ്ടാകുക. അപ്പോഴേക്കും അത് നിലച്ചുകാണണം. ഇതെന്തിനാവണം സെലീനേച്ചി ഈ പാതിരായ്ക്ക് എന്നെ വിളിച്ചതെന്നോർക്കുമ്പോഴേക്കും വീണ്ടും കോൾ. വിളിച്ചത് സെലീനേച്ചിയല്ല.. പ്രിയയാണ്..
സ്വപ്നമോ യാഥാർത്ഥ്യമോ എന്ന അവ്യക്തതയിൽ പാതിബോധത്തിൽത്തന്നെയാണ് ആ ഫോണെടുത്തത്.
‘ഹലോ’ന്ന് പറയുമ്പോഴേക്കും അപ്പുറത്ത് പ്രിയ ആർത്തലച്ച് നിലവിളിച്ച് അവ്യക്തമായി എന്തൊക്കെയോ പറയുകയാണ്. എനിക്കൊന്നും വ്യക്തമാകുന്നില്ലായിരുന്നു.”എന്താ.. എന്താ.. എന്താ.. ” ന്ന് ആവർത്തിച്ച് ഞാനും പരിഭ്രമിക്കുന്നുണ്ടായിരുന്നു.പരിഭ്രമത്തിനിടയിൽ ഫോൺ പെട്ടെന്ന് കട്ടായി. തിരിച്ചുവിളിച്ചപ്പോഴാണ്, ”നമ്മടെ പ്രകാശിന് എന്തോ അപകടം പറ്റീന്ന് പറഞ്ഞ് മിഥുൻ വിളിച്ചു ദീപേ. .. ഒന്ന് വിളിച്ചോക്കോ .. പ്രകാശിനെ വിളിച്ചിട്ട് കിട്ടുന്നില്ല ദീപേ ” എന്നും പറഞ്ഞ് പ്രിയ അലതല്ലിയത്.

‘ഞാൻ വിളിച്ചോക്കട്ടേ പ്രിയേ” ന്നും പറഞ്ഞ് ഫോൺ കട്ടാക്കിയപ്പോഴും വിചാരിച്ചില്ല മാഷങ്ങ് പോയിക്കഴിഞ്ഞെന്ന്.പ്രകാശ് മാഷിന് വല്ല ആക്സിഡന്റും പറ്റി ആശുപത്രിയിലായിരിക്കുമെന്നും, ഏറി വന്നാൽ കയ്യോ കാലോ ഒടിഞ്ഞിട്ടുണ്ടാകുമെന്നതിനപ്പുറം ചിന്തിക്കാനുള്ള ശേഷിയൊന്നും മനസ്സിനില്ലായിരുന്നു.
സെലീനേച്ചിയുടെ നമ്പറിലേക്ക് തിരിച്ചുവിളിച്ചപ്പോൾ ഒരപരിചിതനാണ് ഫോണെടുത്തത്.ഫോണെടുത്ത പാടെ, ഞാനെന്തെങ്കിലും അങ്ങോട്ട് ചോദിക്കും മുമ്പേ വളച്ചുകെട്ടലുകളില്ലാതെ അയാൾ പറഞ്ഞ, “ടീച്ചറേ, നമ്മുടെ പ്രകാശ് മാഷ് പോയി “എന്ന ഒറ്റവാചകത്തിൽ ഈ ഭൂമിയങ്ങ് നിശ്ചലമായിപ്പോയതുപോലെ എനിക്കു തോന്നി. മൊബൈൽ ചെവിയിൽ നിന്ന് മാറ്റാൻ പോലുമാകാതെ ഞാൻ വിറങ്ങലിച്ചു നിന്നു..
രണ്ടു കുട്ടികൾ ഗാഢമായി ഉറങ്ങുന്ന ഒരു വീട്ടിൽ ആ മരണവാർത്തയുടെ തണുപ്പിൽ വിറങ്ങലിച്ച് ഞാനിരുന്നപ്പോഴും ഉള്ളിൽ ഒരു മന്ത്രം പോലെ ഉരുവിട്ടത് ”കേട്ടതു സത്യമാവല്ലേ..സത്യമാവല്ലേ” എന്നായിരുന്നു..
ആര്യക്കുട്ടിയേയും ധ്യാനൂനേയും കുലുക്കി വിളിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ച് എന്റെ ചുറ്റും പടർന്ന മരണത്തണുപ്പിൽ നിന്നും കുതറി മാറാൻ ഞാൻ കുറേ നോക്കി.. സംഭവിച്ചതൊന്നുമറിയാതെ രണ്ടു പേരും ഉണരാൻ മടിച്ച് അവിടെത്തന്നെ കിടന്നു.. ഉറക്കെ വിളിക്കാനോ ബലം പ്രയോഗിച്ച് അവരെ ഉണർത്താനോ ഉള്ള ശക്തി പോലും നഷ്ടപ്പെട്ട് എന്തുചെയ്യണമെന്നറിയാതെ ഞാൻ ആ രാത്രിയിലേക്ക് നോക്കി വിറങ്ങലിച്ച് കുറേനേരമിരുന്നു..
ഒടുവിലെങ്ങനെയോ കോളേജിലെ പെൺകുട്ടികൾക്ക് താമസിക്കാൻ പുറത്ത് ഹോസ്റ്റൽ നടത്തുന്ന രാമേട്ടനെ വിളിച്ച് ”കുട്ടികളെ ഒന്നിവിടം വരെ പറഞ്ഞയക്കോ രാമേട്ടാ.. ഞാനൊറ്റക്കാണ് …” എന്ന് പറയുമ്പോഴേക്കും എനിക്ക് ശ്വാസമെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

****
മരണവാർത്തയറിഞ്ഞ് കരഞ്ഞ് വീർത്ത കണ്ണുകളോടെ ജാസ്മിനും സ്വാതിയും നേഹയും ഗൗരിയും ആ പാതിരാവിൽ വീട്ടിലേക്ക് കടന്നു വന്നു.അവർ പറഞ്ഞതനുസരിച്ച് ഗോകുൽ ഓട്ടോയുമായി അപ്പോഴേക്കും പുറത്തെത്തി.. പെരുമഴയായിരുന്നു അപ്പോൾ.. പുറത്തെ മഴയിൽ മുന്നിൽ നിർത്തിയിട്ട ഓട്ടോയിലേക്ക് ഞാനും നേഹയും കയറിയപ്പോഴേക്കും പ്രിയ വിളിച്ചു. ‘ഒന്നിച്ച് പോകാ’മെന്ന് പറഞ്ഞു.
കോളേജിനകത്തെ ലേഡീസ് ഹോസ്റ്റലിനു മുമ്പിൽ ഓട്ടോയിൽ നിന്നിറങ്ങി തുറക്കാത്ത ഗേറ്റും പിടിച്ച് ആ മഴയത്ത് ചോർന്നൊലിച്ച് ഞാൻ പ്രിയയെയും കാത്തു നിന്നു.
പെരുമഴയത്ത് കുടയില്ലാതെ തനിച്ചൊരു നിൽപ്പ്! അത് അക്ഷരാർത്ഥത്തിൽ സത്യമായിരുന്നു. മാഷില്ലാത്ത കേരളവർമ്മയാണ്. കുടയില്ലാതെ തനിച്ചു നിൽക്കണം ഇനിയെന്ന് ആ നിൽപ്പെന്നെ ഓർമ്മപ്പെടുത്തുക തന്നെയായിരുന്നു.
ഏതു സങ്കടങ്ങളിലും തനിച്ചല്ലെന്ന് അതിശക്തമായി പറയാതെ പറഞ്ഞിരുന്നു പ്രകാശ് മാഷ്. മറ്റാരും ശാസിക്കാത്ത വിധം അസാമാന്യ ശാന്തതയോടെ ശാസിക്കുമായിരുന്നു. തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കുമായിരുന്നു. പിഴവുകളൊക്കെ ചൂണ്ടിക്കാണിക്കുമായിരുന്നു.”നിനക്ക് എത്ര വയസ്സായി ദീപേ ” ന്ന് ഓർമ്മിപ്പിച്ച് എന്റെ അപക്വതയെ പലപ്പോഴും പരിഹസിക്കുമായിരുന്നു. ”നിനക്ക് ചില സമയത്ത് വർത്തമാനം പറയാനറിയില്ല. അത് ദോഷം ചെയ്യു” മെന്ന് നിരന്തരം ഓർമ്മിപ്പിക്കുമായിരുന്നു.
”മനുഷ്യന്മാരല്ലേ ദീപേ. പിഴവുകളുണ്ടാവില്ലേ? നിനക്കും കുറവുകളില്ലേ”ന്ന് ഓർമ്മിപ്പിച്ച് എല്ലാ പിണക്കങ്ങളും മായ്ച്ച് കളഞ്ഞ് എല്ലാ മനുഷ്യരേയും ഗാഢമായി ആശ്ലേഷിക്കാനും സ്നേഹിക്കാനും മാഷ് പഠിപ്പിച്ചിരുന്നു.സങ്കടങ്ങൾ പറയുമ്പോൾ അതിലും വലിയ സങ്കടത്തോണി തുഴഞ്ഞ കഥകൾ പറഞ്ഞ് മനുഷ്യസങ്കടങ്ങളെ ലഘൂകരിക്കാനുള്ള അസാധ്യശേഷി പ്രകാശ് മാഷിനുണ്ടായിരുന്നു..
ആ മനുഷ്യനാണ് കടന്നു പോയത്..
കൊടുങ്കാറ്റിൽപ്പെട്ട പുൽക്കൊടി പോലെ ആടിയുലഞ്ഞ് നിസ്സഹായയായി ആ മഴയത്ത് കേരളവർമ്മയിൽ നിൽക്കുമ്പോൾ ചുറ്റും ഇരുട്ടായിരുന്നു.. കനത്ത നിശ്ശബ്ദതയായിരുന്നു..

*
ആ വ്യാഴാഴ്ച ദിവസം, ഡിപ്പാർട്ട്മെന്റിൽ നിന്നും വർത്തമാനം പറഞ്ഞ് ചിരിച്ചുകൊണ്ട് ഒന്നിച്ചു പടിയിറങ്ങി, ഡിപ്പാർട്ട്മെന്റ് പൂട്ടിയിട്ടില്ലേന്ന് ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കി ഉറപ്പുവരുത്തി, മുണ്ടിന്റെ ഒരറ്റമൊന്നുയർത്തിപ്പിടിച്ച് നീണ്ട കാൽവെപ്പുകളോടെ ഓഫീസിലേക്ക് നടന്ന്, പോകുന്ന വഴിയിൽ എല്ലാ കുട്ടികളോടും വിശേഷം പറഞ്ഞ്,അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട്, എടുക്കാത്ത കാഷ്വൽ ലീവ് മൊത്തം കണക്കു കൂട്ടി, “ഞാനിനി മൊത്തം ലീവായിരിക്കും” എന്ന് തമാശ പറഞ്ഞ് തലയൊന്നു കുലുക്കി ആ തമാശ സ്വയമൊന്നാസ്വദിച്ച് ചിരിച്ച് യാത്ര പറഞ്ഞു പോയ ആളാണ്..
പി ജി അഡ്മിഷൻ്റെ സമയമായതിനാൽ കോളേജീന്ന് പോരാൻ വൈകിയിരുന്നു അന്ന്.ഡിപ്പാർട്ട്മെൻ്റിൽ അമൃതുമുണ്ടായിരുന്നു.. അവൻ എം എ ക്ക് ചേരാൻ വന്നതാണ്.. ഡിഗ്രിക്ക് അമൃത് അവിടെത്തന്നെയാണ് പഠിച്ചത്.. മനോഹരമായി പാടുകയും താളവാദ്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുമായിരുന്ന കുട്ടിയായിരുന്നു.ക്ലാസ് റൂമിൽ പൊതുവെ സൗമ്യനായിരുന്ന അമൃത്, ബി എ ക്കാരുടെ ടൂറിൻ്റെ സമയത്താണ് തൻ്റെ വൈദഗ്ധ്യം മുഴുവൻ പുറത്തെടുത്തത്.. ഞാനും മാഷുമായിരുന്നു ഡിപ്പാർട്ട്മെൻറിൽ നിന്നും കുട്ടികളോടൊപ്പം പോയത്.. പതിവുപോലെ മാഷിനോടൊപ്പം സെലീനേച്ചിയും മോളുമുണ്ടായിരുന്നു..
ടൂറിൻ്റെ അവസാനദിവസത്തെ ക്യാമ്പ്ഫയറിൽ നിയോൺ ബൾബുകളുടെ വെളിച്ചത്തിൽ ഒരു റബ്ബർ പന്തുപോലെ ചാടുന്ന അമൃതിനെ പ്രകാശ് മാഷാണ് എനിക്കു കാട്ടിത്തന്നത്.. പ്രകാശ് മാഷും സെലീനേച്ചിയും ഞാനും അതുകണ്ട് പൊട്ടിച്ചിരിച്ചു.” രാമനാഥന് നൃത്തോം വശണ്ടല്ലേ ” ന്ന് പറഞ്ഞ് ചിരിച്ച് ആ ടൂറിൽ മാഷവനെ ചേർത്തു പിടിച്ചു.. ബസ്സിൽ അടുത്തിരുത്തി അമൃതിനെക്കൊണ്ട് പാട്ടുകൾ പാടിച്ചു.അമൃതിന് എം എ ക്ക് അഡ്മിഷൻ കിട്ടിയപ്പോൾ ഏറെ സന്തോഷിച്ചത് മാഷാണ്.പിറ്റേ ദിവസത്തേക്ക് വെക്കാതെ “ഇതും കൂടി അവസാനിപ്പിച്ചിട്ട് പോകാംന്നേ.. നിങ്ങള് നിക്ക് ” എന്നു പറഞ്ഞ് മാഷ് എന്നെയും പ്രിയയേയും അവിടെ പിടിച്ചിരുത്തി.. ഫീസ് മുഴുവനും കയ്യിലില്ലെന്ന് പറഞ്ഞപ്പോൾ സ്വന്തം പോക്കറ്റിൽ നിന്നും പൈസയെടുത്ത് “നീയിത് കൊണ്ടോയി അടച്ചിട്ട് വാ ” എന്നു പറഞ്ഞു.. അന്നു തന്നെ അമൃതിൻ്റെ അഡ്മിഷൻ പൂർത്തിയാക്കണമെന്നൊരു നിർബന്ധം മാഷിനുള്ള പോലെ തോന്നി..

ആര്യക്കുട്ടി സ്കൂൾ വിട്ട് ഓട്ടോ ഇറങ്ങുന്നത് കോളേജിലാണ്.. അവളും കൂടെയുണ്ട്. അവൾക്ക് മാഷെ വലിയ ഇഷ്ടമാണ്.പ്രകാശ് മാഷ് കമ്പ്യൂട്ടറിൽ അമൃതിൻ്റെ അഡ്മിഷൻ ഡീറ്റയിൽസ് അപ് ലോഡ് ചെയ്യുമ്പോൾ മോൾ മാഷിൻ്റെ തോളിൽ പിടിച്ച് അതു നോക്കി നിന്നു.. അത്രയ്ക്കടുപ്പത്തോടെയും സ്വാതന്ത്ര്യത്തോടെയും ഒരു കൊച്ചുകുട്ടിയെപ്പോലും തന്നോട് ചേർത്തു നിർത്താനുള്ള അസാമാന്യരാസവിദ്യ മാഷെവിടെ നിന്നായിരിക്കും പഠിച്ചിട്ടുണ്ടാവുകയെന്നോർത്ത് ഞാനാ കാഴ്ച നോക്കി ഡിപ്പാർട്ട്മെൻ്റിലിരുന്നു..
എത്ര സമയമായിക്കാണും ഇതെല്ലാം കഴിഞ്ഞിട്ട്?ഞാൻ കണക്കു കൂട്ടി നോക്കി.. ഏഴോ എട്ടോ മണിക്കൂറുകൾ… അതിനിടയിൽ എന്തൊക്കെ സംഭവിച്ചു!
ബാക്കിയുണ്ടായിരുന്ന ലീവൊക്കെ ബാക്കിവെച്ച് മാഷിതെങ്ങോട്ടാണ് പോയത്!
ആ ഇരുട്ടിൽ നിൽക്കുമ്പോൾ എനിക്ക് മാഷിനോട് ദേഷ്യം വന്നു! കരഞ്ഞ് കരഞ്ഞ് കരഞ്ഞ് ഒടുവിൽ കരച്ചിൽ അമർഷവും ശാന്തതയും ഒക്കെയായി രൂപാന്തരം പ്രാപിച്ചു..
അപ്പോഴേക്കും പ്രിയയും ബിബിനും കാറുമായി എത്തി.. ഞാനതിൽ കയറിയിരുന്നു… ” പ്രമോദെവിടെ ?” എന്നന്വേഷിച്ചപ്പോൾ, “വന്നില്ല.. അവനെന്തൊക്കെയോ പറയുന്നു.. അവനിതുൾക്കൊള്ളാനായിട്ടില്ല.” എന്ന് ബിബിൻ മറുപടി പറഞ്ഞു.. പ്രമോദ് സഹപ്രവർത്തകനാണ്.. പ്രകാശ് മാഷുമായി ഏറെ അടുപ്പമായിരുന്നു പ്രമോദിന്.
എലൈറ്റ് ഹോസ്പിറ്റലിനുള്ളിൽ വണ്ടി നിർത്തി ഞങ്ങളിറങ്ങി.. ആരൊക്കെയോ അടുത്തേക്ക് വന്നു. സെലീനേച്ചി ഇരിക്കുന്നിടത്തേക്ക് ആരോ ഞങ്ങളെ കൊണ്ടുപോയി…
ആ വരാന്തയിൽ ഒരു നിറം മങ്ങിയ ചുരിദാറുമിട്ട് അവരിരിപ്പുണ്ടായിരുന്നു.. മുടിയാകെ പാറി, അകലേക്ക് ആരെയോ പ്രതീക്ഷിച്ച് നിർജീവമായ ഒരിരിപ്പ്… ഞാനും പ്രിയയും അടുത്തേക്കു ചെന്നപ്പോഴേക്കും സെലീനേച്ചി ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചു…
“വാ.. നമുക്ക് പ്രകാശിൻ്റടുത്തേക്ക് പോവാം.. ഇവരാരും എന്നെ കൊണ്ടുപോവുന്നില്ല പ്രിയ ടീച്ചറേ… ഒന്ന് പറ ദീപേ..പ്രകാശിനെന്തോ പറ്റീന്നൊക്കെ ഇവര് കള്ളം പറയുന്നു.. എനിക്കറിഞ്ഞൂടേ.. ഞാൻ വിളിച്ചാ എൻ്റെ പ്രകാശ് എണീറ്റിങ്ങ് വരൂല്ലേ.. ” എന്ന് പറഞ്ഞ് സെലീനേച്ചി കൈയിൽ പിടിച്ചു വലിച്ചു.. ഞങ്ങളിരുവരും സെലീനേച്ചിയെ പിടിച്ച് അവിടിരുത്തി.കാറിൽ നിന്നിറങ്ങുമ്പോൾ ബിബിൻ ആവർത്തിച്ചു പറഞ്ഞ , ”കരയരുത്.. കരഞ്ഞ് അവരെ കൂടുതൽ വിഷമിപ്പിക്കരുത് ” എന്ന ശാസന ഞങ്ങളെ നിശ്ശബ്ദരാക്കി. ദയനീയമായി ഞങ്ങൾ മൂവരും ചേർന്നിരുന്നു. ഞങ്ങളുടേയും സെലീനേച്ചിയുടേയും കണ്ണുനീർ ആലിംഗനത്തിനിടയിൽ പരസ്പരം കലർന്നു..
അവിടവിടെയായി കോളേജിലെ കുട്ടികൾ നിൽപ്പുണ്ടായിരുന്നു.. ആ പാതിരാവിൽ എലൈറ്റ് ഹോസ്പിറ്റലിലെ നിശ്ശബ്ദതയെ പ്രതിരോധിച്ചു കൊണ്ട് അടക്കിപ്പിടിച്ച കരച്ചിൽച്ചീളുകൾ പലരുടേയും കണ്ഠങ്ങളിൽ നിന്ന് കുതറിച്ചാടി.. ആർക്കും ആരെയും ആശ്വസിപ്പിക്കാനാവില്ലായിരുന്നു.. ആത്മദുഃഖത്തിൻ്റെ അഗാധതയിൽ എല്ലാവരും തനിച്ചായിരുന്നു.
ആശുപത്രിവരാന്തയിൽ സെലീനേച്ചിയോടൊപ്പമിരിക്കുമ്പോൾ നാലുമണിക്കുണരാനായി മൊബൈലിൽ തലേന്ന് മാഷ് വെച്ച അലാറമടിച്ചപ്പോൾ അവരത് ചൂണ്ടി ദീനമായി തേങ്ങി.. “എൻ്റെ പ്രകാശ് എണീക്കണ സമയാണ് ” എന്നു പറഞ്ഞ് യാഥാർത്ഥ്യത്തിൻ്റെയും വിഭ്രമത്തിൻ്റേയും ഭിന്നലോകങ്ങളിൽ അവർ വ്യാപരിച്ചു.. ഏതലാറമടിച്ചാലും മാഷിനി മടങ്ങി വരില്ലെന്ന് അവർക്കും മനസ്സിലായിക്കാണണം.. സെലീനേച്ചിയുടെ കരച്ചിൽ ഉച്ചത്തിലായി..

വെളുപ്പിന് നാലുമണിക്ക് ഒന്നിച്ചുണർന്ന് ഒന്നിച്ചടുക്കളയിൽ കയറുന്ന, അഞ്ചരക്കുള്ള ട്രെയിനിൽ നേരത്തെ പോകുന്ന ഭാര്യയ്ക്കു വേണ്ടി സ്നേഹത്തോടെ ചോറ്റുപാത്രം നിറച്ച് ബാഗിൽ വെക്കുന്ന, അരി കഴിയാറായല്ലോന്നും ഗ്യാസ് തീരാറായല്ലോന്നും ഓർമ്മിപ്പിക്കുന്ന,പാരസ്പര്യത്തിന്റെയും കരുതലിന്റേയും പങ്കുവെക്കലിന്റേയും സുന്ദരമായ ആ ദാമ്പത്യം ആ കരച്ചിലിനിടയിൽ അവരോർത്തെടുത്ത് പതം പറഞ്ഞ് കരയുന്നുണ്ടായിരുന്നു..
പെട്ടെന്ന് കരച്ചിൽ നിർത്തി ഒരു വാശിയോടെ,”എനിക്കെൻ്റെ പ്രകാശിനെ കാണണം.. കണ്ടേ പറ്റൂ” എന്നു ശഠിച്ച് അസാമാന്യകരുത്തോടെ സെലീനേച്ചി എഴുന്നേറ്റപ്പോൾ ” കാണിക്കാം..” എന്നാരോ പറഞ്ഞു..
അവരുടെ കയ്യിൽ പിടിച്ച് ഞാനും പ്രിയയും മോർച്ചറിക്കരികിലേക്ക് നടന്നു.. ആര് ആരെയാണ് താങ്ങുന്നതെന്നറിയാതെ ഒരു ഭീകരഭാരവും പേറി ഞങ്ങൾ നടന്നു..
മോർച്ചറിത്തണുപ്പിൽ ഒരു ടേബിളിൽ വെള്ളത്തുണിയിൽപ്പൊതിഞ്ഞ ഒരു ശരീരം… മുഖത്തേക്ക് നോക്കാൻ തോന്നിയില്ല.. നോക്കിയാലും ഒന്നും കാണാനാവാത്തവിധം നീർ വന്നു മൂടി.. ഞാൻ മാഷിന്റെ കാലുകൾ ഇരുകൈകൾ കൊണ്ടും തൊട്ടു.. അപ്പോഴും ആ കാലുകൾക്ക് എന്ത് ചൂടായിരുന്നു !
ഞാൻ ജീവിതത്തിൽ പരിചയപ്പെട്ടിട്ടുള്ള ഏറ്റവും കരുത്തുള്ള സ്ത്രീകളിലൊരാളായ സെലീനേച്ചി തകർന്ന് തരിപ്പണമായി
‘ വാ പ്രകാശേ .. എണീറ്റ് വാ’ന്നും പറഞ്ഞ് ആർത്തലച്ച് പിടിച്ചു വലിച്ചപ്പോൾ അവിടെ ‘മരിച്ച പോലെ കിടന്ന’ മാഷിനോടെനിക്ക് ശരിക്കും ദേഷ്യം വന്നു ..
എന്തിനാണ് ആരോടും പറയാതിങ്ങനെ മനുഷ്യർ ജീവിതത്തിൽ നിന്നും കടന്നു കളയുന്നത്.. ജീവിച്ചിരിക്കുന്നവർ എന്തു ചെയ്യും പിന്നെ?
കോളേജ് വിട്ടാൽ സെലീനേച്ചിയില്ലാത്ത വീട്ടിലേക്ക് തനിച്ചു പോകാൻ മടിയായിരുന്നു മാഷിന്.. “കുറച്ചു നേരം കൂടി ഇരുന്നിട്ട് പോകാം ” എന്ന് പറഞ്ഞ് മാഷ് കുറേക്കൂടി നേരം കോളേജിൽത്തന്നെയിരിക്കുമായിരുന്നു..അളക, ബ്രണ്ണൻ കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ വീട്ടിൽ മാഷെ കാത്തിരിക്കാൻ മറ്റാരുമില്ലായിരുന്നു.. സെലീനേച്ചി എറണാകുളം സെൻ്റ് തെരേസാസിലാണ് ജോലി ചെയ്യുന്നത്.. ട്രെയിൻ യാത്ര കഴിഞ്ഞ് വീട്ടിലെത്താൻ വൈകും..വൈകുന്നേരം സെലീനേച്ചി വരുമ്പോഴേക്കും കട്ടൻചായയും കപ്പ പുഴുങ്ങിയതുമായി അന്നുവരെ അവർക്കായി കാത്തിരുന്ന ഒരാളാണ് ആരോടും പറയാതെയങ്ങ് പോയിക്കളഞ്ഞത്..എൻ സി സി പരേഡ് കഴിഞ്ഞ് ക്ഷീണിച്ചു വരുന്ന പ്രിയപ്പെട്ടവളുടെ കാൽപ്പാദങ്ങൾ മണിക്കൂറുകളോളം ഒരു മടുപ്പുമില്ലാതെ ഉഴിഞ്ഞു കൊടുക്കുന്ന കരുതലിനെപ്പറ്റി പറഞ്ഞ് അവരങ്ങനെ നിർത്താതെ പെയ്യുമ്പോൾ ഒന്നും മിണ്ടാതെ ആ മോർച്ചറിത്തണുപ്പിൽ കിടക്കാൻ മാഷിനെങ്ങനെയാണ് പറ്റുന്നത്?
എനിക്ക് മാഷിനോട് കടുത്ത അമർഷം തോന്നി..
സെലീനേച്ചിയുടെ കരച്ചിൽ എലൈറ്റ് ഹോസ്പിറ്റലിലെ നിശ്ശബ്ദതയെ കീറിമുറിച്ചു കൊണ്ട് ആ മോർച്ചറിച്ചുവരിൽ തട്ടി പ്രതിധ്വനിച്ചു.. പതംപറഞ്ഞുള്ള ആ കരച്ചിലിൽ മാഷുണ്ടായിരുന്നു.. അവരുടെ അന്നോളമുള്ള ജീവിതമുണ്ടായിരുന്നു..

മുറ്റത്തെ മുല്ലപ്പൂക്കളിറുത്തും താഴെ വീണവ പെറുക്കിയും പ്രിയപ്പെട്ടവൾക്കായി കാത്തുവെക്കുകയും രാത്രികളിൽ ‘പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ’ എന്ന ബാബുരാജിൻ്റെ വിഷാദാർദ്രമായ ഈണത്തിൽ മുഴുകുകയും ചെയ്യുന്ന പ്രകാശ് ബാബു എന്ന നിത്യപ്രണയിയെ ഞങ്ങൾക്ക് പരിചയമില്ലായിരുന്നു …
ഞങ്ങൾക്ക് പരിചയം മറ്റൊരാളെയായിരുന്നു..
ശാന്തമായി, പതിഞ്ഞ്, അൽപ്പം ചിലമ്പിച്ച ഒച്ചയിൽ, എതിരാളികളിൽ പോലും ബഹുമാനമുയർത്തും വിധം യുക്തിഭദ്രമായി സംസാരിക്കുന്ന, ആഴത്തിൽ തുളച്ചുകയറുന്ന നർമ്മം കൊണ്ട് അന്തരീക്ഷം പ്രകാശമാനമാക്കിയ ഒരാളെ കണ്ടായിരുന്നു ഞങ്ങൾക്ക് പരിചയം..
എല്ലാവരുടെ ജീവിതത്തിലും പല പല അടരുകളുണ്ടായിരിക്കും. റോളുകളുണ്ടായിരിക്കും..അതിൽ ചില റോളുകളിലൊക്കെ നമുക്ക് എ പ്ലസ് കിട്ടും. ചിലതിൽ പാസ് മാർക്ക് പോലും കിട്ടാതെ നമ്മൾ ദയനീയമായി പരാജയപ്പെടും.
പ്രകാശ് മാഷങ്ങനെയല്ലായിരുന്നു.
നല്ല സുഹൃത്താവേണ്ടതെങ്ങനെ? നല്ല സഖാവാകേണ്ടതെങ്ങനെ?നല്ല അധ്യാപകനാകേണ്ടതെങ്ങനെ?സർഗ്ഗാത്മകമായി കലഹിക്കേണ്ടതെങ്ങനെ?കുടുംബത്തിനകത്ത് ഒരു പുരുഷൻ ജനാധിപത്യപരമായി ഇടപെടേണ്ടതെങ്ങനെ? എന്നീ ചോദ്യങ്ങൾക്കെല്ലാം ഒറ്റവാക്കിലുള്ള ഉത്തരമായിരുന്നു പ്രകാശ് മാഷ്.
മകൻ,കാമുകൻ, ഭർത്താവ്,അച്ഛൻ, സുഹൃത്ത്, സഖാവ്, അധ്യാപകൻ.. എല്ലാ റോളുകളും മാഷിന്റെ കൈകളിൽ ഭദ്രമായിരുന്നു…
എനിക്ക് അത്ഭുതവും കടുത്ത അസൂയയും തോന്നിയിട്ടുണ്ട് മാഷോട്. പ്രകാശ് മാഷിന്റെ ക്ലാസു കഴിഞ്ഞ് അടുത്ത പിരീഡ് ആ ക്ലാസിലേക്കു കയറുമ്പോൾ അന്തരീക്ഷമാകെ ഒരു പ്രസരിപ്പ് തങ്ങി നിൽക്കുന്നതു പോലെ തോന്നാറുണ്ട്.ആ പ്രസരിപ്പിലേക്കാണ് നമ്മൾ പ്രവേശിക്കുക.
ഒരു നല്ല അധ്യാപകന് കുട്ടികളിൽ ആവശ്യബോധവും താൽപ്പര്യവും ജനിപ്പിക്കാൻ കഴിയുമെന്നതിന് മാഷോളം നല്ല ഉദാഹരണം വേറെയില്ല.ഓരോ കുട്ടിയുടേയും ശക്തിയും ദൗർബല്യവും തിരിച്ചറിഞ്ഞ് അവരെ ഉൾക്കൊള്ളാൻ മാഷിനാവുമായിരുന്നു.
നമ്മുടെ ‘ഗുരു’സങ്കൽപ്പം അടിമത്തത്തെ പുനരുൽപ്പാദിപ്പിക്കുന്നതാണെന്ന് പറഞ്ഞത് എം എൻ വിജയനാണ്.ജ്ഞാനത്തിന്റെ സർവ്വജ്ഞപീഠം കയറിയ ഗുരു ജ്ഞാനം ഛർദ്ദിച്ചുകൊടുക്കുമ്പോൾ തിത്തിരിപ്പക്ഷിയായി മാറി അത് കൊത്തിക്കുടിച്ച് തൈത്തിരീയോപനിഷത്തുണ്ടാക്കുന്ന ശിഷ്യരെയാണ് പലരും പ്രതീക്ഷിക്കുന്നത്.
മാഷങ്ങനെയല്ലായിരുന്നു.
അപകർഷതാബോധം കൊണ്ടു ചൂളി ഒരു കുട്ടിക്കും മാഷിന്റെ ക്ലാസ്സിൽ ഇരിക്കേണ്ടി വന്നിട്ടില്ലായിരുന്നു. അച്ചടക്കത്തിന്റെ വാൾ വീശി വിദ്യാർത്ഥികളെ നിർവ്വീര്യമാക്കുന്ന രീതി മാഷിനില്ലായിരുന്നു.
ബി എ ക്കാരുടെ സെൻ്റോഫിന് മൈക്കിനു മുന്നിൽ രണ്ടുനിമിഷം കണ്ണടച്ചു നിന്ന് ഓർമ്മകളിൽ നിന്ന് ഓരോ കുട്ടിയുടേയും പേരുകൾ അവർ ക്ലാസ്സിലിരിക്കുന്ന അതേ ക്രമത്തിൽ പറഞ്ഞ് ഞങ്ങളെ വിസ്മയിപ്പിച്ച്, “പോയി വരൂ.. നിങ്ങളെല്ലാം ഭദ്രമായി ഇവിടുണ്ട് ” എന്നു പറഞ്ഞ് കടന്നുപോകുന്നവരെല്ലാം തന്റെ നെഞ്ചിൽ ഭദ്രമായിരിപ്പുണ്ടെന്ന് പറഞ്ഞ് അവരെ സാന്ത്വനിപ്പിച്ച പ്രകാശ് മാഷ് എന്തൊരു സുന്ദരസ്മരണയാണ്!

* * * * *
ഞങ്ങളുടെ ഇന്റർവ്യൂ ദിവസമാണ് മാഷെ ആദ്യമായി കാണുന്നത്.ദേവസ്വം ബോർഡിലെ ഏതോ ജീവനക്കാരൻ എന്നു കരുതാൻ മാത്രം മനുഷ്യരെപ്പറ്റിയുള്ള മുൻവിധികൾ അന്നെനിക്കുണ്ടായിരുന്നിരിക്കണം..
ഉദ്യോഗാർത്ഥിയുടെ പരമ്പരാഗത അച്ചടക്കങ്ങളൊന്നുമില്ലാതെ ചുളിഞ്ഞ മുണ്ടും നിറം മങ്ങിയ ഷർട്ടും അവിടവിടെയായി നരച്ച താടിയും മീശയുമായി അലസമായ മന്ദഹാസത്തോടെ പരിസരങ്ങളെ നിഷ്പ്രഭമാക്കുന്ന, നിരാർഭാടമായ ചലനങ്ങളോടെ മുന്നിൽ വന്നിരുന്ന ആ മനുഷ്യനായിരുന്നു ഞങ്ങളുടെ ഇൻറർവ്യൂവിൽ ഒന്നാമൻ.
പി വി പ്രകാശ്ബാബു എന്ന പേര് ആരോ വിളിച്ചപ്പോൾ ഒരു ഫയലുമായി തിടുക്കത്തിൽ എഴുന്നേറ്റ് മാഷ് അകത്തേക്കു നടന്നത് ഇന്നലെ കഴിഞ്ഞപോലെ ഓർമ്മയിലുണ്ട്.
മാഷന്ന് ഫറൂഖ് കോളേജിലെ അധ്യാപകനാണ്. അവിടെ സ്ഥിരാധ്യാപകനായ ഒരാളെന്തിനാണ് ഞങ്ങളുടെ അവസരം കളയാൻ ഇങ്ങോട്ടു വന്നതെന്ന ഈർഷ്യയോടെയാണ് അന്ന് മാഷെ നോക്കിയത്.
ആ ഈർഷ്യയ്ക്ക് അന്നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.
ഇൻ്റർവ്യൂ കഴിഞ്ഞ് കേരളവർമ്മയിൽ കോളേജിൽ ജോയിൻ ചെയ്ത ദിവസം, ഡിപ്പാർട്ട്മെൻറിലേക്ക് ചെന്നപ്പോൾ “വാ ദീപേ ക്ലാസ്സിൽ പോകാം.. നാൽപ്പത്തിരണ്ടാണ് ക്ലാസ്സ് റൂം” എന്നു പറഞ്ഞ് മാഷ് സെക്കൻ്റ് ലാംഗ്വേജ് ക്ലാസ്സിലേക്ക് പോകാനിറങ്ങി..
എനിക്കാണെങ്കിൽ കേരളവർമ്മയുടെ മുക്കും മൂലയും വരെ അറിയാം.. ഏഴു വർഷം ഞാൻ പഠിച്ച കോളേജാണ്. ആ എന്നെയാണ് മാഷ് നാൽപ്പത്തിരണ്ടാം നമ്പർ ക്ലാസ്സിലേക്ക് കൊണ്ടു പോകുന്നത്…
“എനിക്കറിയാം” എന്ന് പറയാൻ തോന്നാതെ, ഞാനാ വിളിയെ നിഷേധിക്കാതെ കൂടെ ചെന്നു. ആ വിളി
അത്രയ്ക്കും ഹൃദ്യമായിരുന്നു.. ഒരപരിചിതത്വവുമില്ലാതെ, ആദ്യമായി പരിചയപ്പെടുന്ന ഒരാളെ ” വാ ദീപേ ” എന്ന് വിളിക്കുക..
പിന്നീട് പലപ്പോഴും ആ ‘വാ’ വിളി ഞാൻ കേട്ടിട്ടുണ്ട്.. “വാ.. ക്ലാസ്സീപ്പോകാ”മെന്നു പറഞ്ഞ് ‘കുട്ടികളെ തോളിൽ കയ്യിട്ട് ക്ലാസ്സിലേക്ക് കൊണ്ടു പോകുന്നത് കണ്ടിട്ടുണ്ട്…
ഓരോ കുട്ടിയുടേയും പേര് ഓർത്തുവെക്കുമായിരുന്നു പ്രകാശ് മാഷ്.. പലപ്പോഴും ക്ലാസ്സിലെ നിശ്ശബ്ദസാന്നിധ്യങ്ങളെ അധ്യാപകർ മറന്നു പോകും.. ഓരോ ക്ലാസ്സിലുമുണ്ടാകും അങ്ങനെ പലരും.. ആരവങ്ങൾക്കിടയിൽ അവരുടെ ശബ്ദം ആരും കേൾക്കില്ല.. നമ്മൾ പോലുമറിയാതെ നമ്മൾ മറന്നു പോകുന്ന, നമ്മളാൽ അവഗണിക്കപ്പെടുന്ന ചില മനുഷ്യരുണ്ടെന്നും അവരെക്കൂടി പരിഗണിക്കുമ്പോഴേ അധ്യാപനം പൂർണമാകൂ എന്നും മാഷിനറിയാമായിരുന്നു ..
കരുതലിൻ്റെ കലയാണ് അധ്യാപനമെന്ന ബോധ്യം മാഷിനുണ്ടായിരുന്നു..

ഒന്നിച്ച് ജോലി ചെയ്ത സന്ദർഭങ്ങളിലൊരിക്കൽപ്പോലും ഒന്ന് മുഷിഞ്ഞു സംസാരിക്കേണ്ടി വന്നിട്ടില്ല. ഡിപ്പാർട്ട്മെൻറ് മേധാവി എന്ന നിലയിൽ കർശനമായ തീരുമാനങ്ങൾ നടപ്പിലാക്കുന്ന സമയത്തു പോലും മാഷ് ശാന്തനായിരുന്നു. അധികാരിയുടെ സ്വരം ഒരിടത്തും മാഷ് പ്രയോഗിച്ചതായി കണ്ടിട്ടില്ല. വിയോജിപ്പുകളെ ഇത്ര സഹിഷ്ണുതയോടെ ഉൾക്കൊള്ളുന്ന ഒരു മനുഷ്യൻ എന്നും ഒരത്ഭുതമായിരുന്നു.
സഖാവ് പ്രകാശ് ബാബുവിനെ എനിക്കത്ര പരിചയമില്ലായിരുന്നു.പ്രകാശ് ബാബു എന്ന സുഹൃത്തിനെ – അധ്യാപകനെ – സഹപ്രവർത്തകനെ – കണ്ടൊക്കെയായിരുന്നു എറെ പരിചയം.
മാഷ് പോയപ്പോൾ മാഷെപ്പറ്റി പലയിടങ്ങളിലും പലരും പറഞ്ഞ വാക്കുകളിൽ മാഷിന്റെ ഉജ്ജ്വലമായ മറ്റൊരു മുഖം കൂടി കണ്ടു.
അടിയേറ്റു ചോരയിൽ കുളിച്ചു കൊണ്ട് ഇളകിയ പല്ലുമായി തളർന്നു വീണപ്പോഴും പിന്നെയും ‘ഇൻക്വിലാബ്’ വിളിച്ചെഴുന്നേറ്റ് കൂട്ടുകാരെ പൊതിഞ്ഞു പിടിച്ചിരുന്ന സഖാവ് പി വി പ്രകാശ് ബാബു!
സമരതീക്ഷ്ണമായ മുദ്രാവാക്യങ്ങളിൽ സർഗ്ഗാത്മകതയുടെ മിന്നൽപ്പിണരുകൾ സൃഷ്ടിച്ച് ഒപ്പമുള്ളവരിൽ ആവേശമുണർത്തിയ അവരുടെ പ്രകാശേട്ടൻ..
വി കെ എന്റെ ‘അധികാരം’ എന്ന നോവൽ സിലബസ്സിൽ നിന്നും പിൻവലിച്ചപ്പോൾ എം എൻ വിജയൻ മാഷോടൊപ്പം നിരാഹാരമനുഷ്ഠിച്ച് അധികാരക്കസേരകൾ വിറപ്പിച്ച സമരനേതാവ്..
ഞങ്ങൾക്ക് ആ പ്രകാശ്ബാബുവിനെ അത്ര പരിചയമില്ലായിരുന്നു.
മാഷേ,
മേഘം പോലെ നിങ്ങൾക്ക് എത്രയെത്ര നിറഭേദങ്ങളായിരുന്നു!!

* * * *
മാഷ് പോയപ്പോൾ കേരളവർമ്മയിലെ വിദ്യാർത്ഥിയായിരുന്ന വിഷ്ണുവാണ് ഫേസ്ബുക്കിലെഴുതിയത്. “മാഷെ ഭൂതകാലത്തിനു വിട്ടുകൊടുക്കാൻ ഞങ്ങൾക്കു മനസ്സില്ല…ആ ചിരി…അതങ്ങനെ തന്നെ നിൽക്കട്ടെ.
ഇനി വരാനിരിക്കുന്ന ഏതെങ്കിലുമൊരു ഡിസോൺ രാത്രിയിൽ മകളുമായി കയറി വരുന്ന മാഷെ നോക്കി ഞാനിരിക്കും. കേരളവർമ്മയിരിക്കും.
നമ്മൾ ജയിക്കുമ്പോൾ, നമുക്കു നോവുമ്പോൾ, നമ്മൾ കരയുമ്പോൾ..
എനിക്കുറപ്പുണ്ട്…വരാതിരിക്കാൻ ആ മനുഷ്യനാകില്ല.” എന്ന്.
ആ വരികൾ പല കുട്ടികളും ഏറ്റെടുത്തു.. പ്രിയ എഴുതിയ പോലെ, പ്രപഞ്ചത്തിൽ തൻ്റെ ആകൃതിയിലൊരു തുള വീഴ്ത്തിക്കൊണ്ട് കടന്നു പോയ ഒരാളുടെ നഷ്ടം കേരളവർമ്മയുടെ വിദ്യാർത്ഥികളോളമറിഞ്ഞവർ മറ്റാരുണ്ട്?
അതിരുകളില്ലാത്ത കരുണയും സ്നേഹവുമെന്തെന്ന് അവരെ പഠിപ്പിച്ചത് മാഷല്ലേ?
ഓരോ കുട്ടിയുടെയും വിജയം സ്വന്തം വിജയമായി കരുതി ഊറ്റം കൊള്ളുന്നതോടൊപ്പം ഓരോ കുട്ടിയുടെയും പരാജയം കൂടി സ്വന്തം പരാജയമായി ഏറ്റുവാങ്ങിയിരുന്ന അധ്യാപകനായിരുന്നു പ്രകാശ് മാഷ്.
ഒരിക്കൽ മാത്രമേ പരീക്ഷിണനായി തകർന്നിരിക്കുന്ന പ്രകാശ് മാഷെ ഞാൻ കണ്ടിട്ടുള്ളൂ.കോളേജിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ചാറു കുട്ടികളെ ഒരുമിച്ച് പുറത്താക്കിയപ്പോഴാണ് മാഷ് ഒരു പരാജിതൻ്റെ ശരീരഭാഷയിൽ ആ ഡിപ്പാർട്ട്മെൻ്റിൽ തളർന്നിരുന്നത്..
ഞാനടക്കമുള്ളവർ അന്ന് നിശ്ശബ്ദരായിരുന്നു..
ഒച്ച വെച്ചാൽ ഒറ്റപ്പെടുമെന്ന് കണ്ടാൽ നമ്മൾ ചിലപ്പോൾ മിണ്ടാതിരിക്കില്ലേ.. ഒരു തരം ‘സേഫ് സോൺ കളി ‘.. അതു തന്നെ.. ഇന്നതോർക്കുമ്പോൾ ലജ്ജയുണ്ട്..
മാഷങ്ങനെയായിരുന്നില്ല.
സ്വന്തം അഭിപ്രായം ഉറച്ച ശബ്ദത്തിൽ ജനറൽ മീറ്റിങ്ങിൽ വെച്ച് മാഷ് തുറന്നു പറഞ്ഞിരുന്നു.. ഫലം കണ്ടില്ല.. കുട്ടികൾ പുറത്താക്കപ്പെട്ടു.. പിന്നീട് അതിനെ ന്യായീകരിച്ചു കൊണ്ട് പലരും പലതും പറഞ്ഞപ്പോൾ, അതിനെ എതിർത്തു കൊണ്ട് അൽപ്പം ക്ഷുഭിതനായി മാഷ് പറഞ്ഞു: –
“ക്യാമ്പസ്സിൽ സംഘർഷമുണ്ടാക്കിയതിൻ്റെ പേരിൽ കോളേജീന്ന് പുറത്താക്കുകയാണെങ്കിൽ ഞാനൊന്നും ഈ കസേരയിലിരിക്കില്ലായിരുന്നു.. പതിനെട്ടാം പത്തൊമ്പതും വയസ്സുള്ള കുട്ടികളുടെ അപക്വതയെ തിരുത്താം..പക്ഷേ അതിങ്ങനെയല്ല.. ഇങ്ങനെയാകരുത് “
കുട്ടികളെ പുറത്താക്കാനല്ല, ജീവിതത്തിൻ്റെ അകത്തേക്ക് ആനയിക്കാനാണ് അധ്യാപകൻ യത്നിക്കേണ്ടതെന്ന ഉത്തമബോധ്യമുള്ള ഒരധ്യാപകനായിരുന്നു പ്രകാശ് മാഷ്..
പിന്നീടൊരിക്കൽ വേദനയോടെ മാഷ് പറഞ്ഞു കേട്ടിട്ടുണ്ട്, അന്ന് കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട പഠിക്കാൻ മിടുക്കനായിരുന്ന ഒരു കുട്ടി തൻ്റെ വീട്ടിലേക്ക് കിണറു പണിക്ക് വന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന കാര്യം. പ്രൈവറ്റായി ചേരാനുള്ള കാര്യമന്വേഷിക്കാമെന്ന് പറഞ്ഞപ്പോൾ, അവൻ സമ്മതിച്ചില്ലെന്ന് പറഞ്ഞ് മാഷന്ന് നിരാശപ്പെട്ടു. പരീക്ഷയിൽ തോറ്റ കുട്ടിയെപ്പോലെ തലകുനിച്ചിരുന്നു..
സ്വന്തം കാമ്പസ് കാലത്തെപ്പറ്റിയാകണം മാഷന്ന് ചിന്തിച്ചിരിക്കുക.. ചേർത്തു പിടിച്ച കരങ്ങളെയാകണം ഓർത്തിരിക്കുക…
കടന്നു പോയപ്പോഴാണ് മാഷേ ആ വെളിച്ചം എന്തൊരു വെളിച്ചമായിരുന്നെന്ന് ഞങ്ങൾ ആഴത്തിൽ തിരിച്ചറിയുന്നത്…
മാഷ് പോയപ്പോൾ പക്ഷികൾ പോലുമുപേക്ഷിച്ച ഒരു വൻമരം കണക്കേ കേരളവർമ്മ എത്ര നാൾ വിറങ്ങലിച്ചു നിന്നു !
കണ്ണീരിന്റെ നിബിഡവനത്തിൽ എത്ര മനുഷ്യർ മാഷെപ്പറ്റിയോർത്ത് കണ്ണീർ വാർത്തു!
ഇപ്പോഴും മാഷെപ്പറ്റി പറയുമ്പോൾ കുട്ടികളുടെ കണ്ഠമിടറും..
ജീവിച്ചിരിക്കുമ്പോഴേ ചില അധ്യാപകർ വിദ്യാർത്ഥിമനസ്സിൽ മരിക്കും…. മറ്റു ചിലർ മരിച്ചാലും അവരുടെ ഹൃദയത്തിൽ ജീവിക്കും… മാഷെപ്പോലെ..

****
“വിരഹം പ്രണയത്തെയെന്നപോലെ, മൗനം ശബ്ദത്തെയെന്ന പോലെ, മരണം ജീവിതത്തെത്തന്നെയാണ് അടയാളപ്പെടുത്തുന്നത്.. രക്തസാക്ഷിത്വമായി നാമതിനെ വാഴ്ത്തുന്നു. ആത്മഹത്യയെന്ന് അയിത്തം കൽപ്പിക്കുന്നു. അകാലമൃത്യുവിനെയോർത്ത് ഞെട്ടുകയും വൃദ്ധവിയോഗങ്ങളെ സ്വാഭാവികമെന്നവഗണിക്കുകയും ചെയ്യുന്നു…………
……………….. മരണം അർദ്ധവിരാമമോ അനുസ്യൂതിയോ ആണ്..വിരാമമല്ല!” എന്നെഴുതിയത് മാഷാണ്.
മരണത്തെപ്പറ്റി മാഷെഴുതിയതിനേക്കാൾ നന്നായി ഇനിയെന്തെഴുതാനാണ്..?
മാഷവസാനമെഴുതിയ പുസ്തകത്തിലെ ആ വരികൾക്കിപ്പോ ഒരുപാടാഴമുണ്ടെന്ന് തോന്നുന്നു. ‘അലോസരങ്ങൾ അർദ്ധവിരാമങ്ങൾ’ എന്ന ആ തലക്കെട്ടു പോലും മാഷിൻ്റെ ജീവിതത്തെ സംബന്ധിച്ച് എത്ര ആഴമുള്ളതാണ്!
ജീവിതത്തിന് അർദ്ധവിരാമമിട്ടാണ് മാഷ് കടന്നുപോയത്.. പ്രിയപ്പെട്ടവരിൽ അതിതീവ്രമാം വിധം അലോസരമുയർത്തിയ അർദ്ധവിരാമം !
ഇപ്പോഴും മാഷിൻ്റെ പ്രിയപ്പെട്ടവർക്കത് ഉൾക്കൊള്ളാനായിട്ടില്ലല്ലോ..
അതുകൊണ്ടല്ലേ ഒരുവർഷത്തിനിപ്പുറം നിന്ന് മാഷിൻ്റെ ഓർമ്മദിവസം മാഷെപ്പറ്റി സംസാരിക്കുമ്പോൾ,
”അനാസക്തിയുടെ മന്ദസ്മിതവുമായി മണ്ണടരുകൾക്കുള്ളിൽ പ്രിയപ്പെട്ട സുഹൃത്തേ, നീയുറങ്ങിക്കിടപ്പാണോ?നിനക്ക് സുഖമാണോ?” -എന്ന് ചോദിച്ചപ്പോൾ വിജു മാഷ് വാക്കുകളിടറി നിശ്ശബ്ദനായത്..
മാഷിൻ്റെ അനുസ്മരണപരിപാടി നടക്കുമോ എന്ന് ഞങ്ങളെല്ലാം ഭയക്കും വിധം ഒരന്തരീക്ഷത്തിലായിരുന്നു അന്ന് കേരളവർമ്മ.. സമരമുഖരിതമായിരുന്ന ആ ദിവസം ഞങ്ങളെ ആശങ്കയിലാഴ്ത്തി.. എങ്കിലും മാഷെപ്പറ്റി പറയാൻ, മാഷെപ്പറ്റി കേൾക്കാൻ കുട്ടികളും മാഷിൻ്റെ പ്രിയപ്പെട്ടവരും കേരളവർമ്മയുടെ ഓഡിറ്റോറിയത്തിൽ നിറഞ്ഞു.. ആ ഹാൾ നിറയാൻ ആരും ഓടിനടക്കേണ്ടി വന്നില്ല.. തല ചൊറിയാനല്ല, മുദ്രാവാക്യം വിളിക്കാനായി മുഷ്ടിയുയർത്തി അനീതികളോട് കലഹിച്ച ഒരാളുടെ അനുസ്മരണത്തിന് ഏറ്റവും അർത്ഥവത്തായ സ്വാഗതം കുട്ടികളുടെ അന്നത്തെയാ മുദ്രാവാക്യം വിളികൾ തന്നെയായിരുന്നു..
“പൊൻകോലം കേറ്റുവാൻ
കുമ്പിട്ടീലല്ലോ നിൻ്റെ മസ്തകം
ഇരുമ്പു കൂച്ചാൽ
ബന്ധിക്കപ്പെട്ടീലല്ലോ പദങ്ങളും!
നീയിന്നാ മേഘരൂപൻ്റെ
ഗോത്രത്തിൽ ബാക്കിയായവൻ!
ഏതോ വളകിലുക്കം കേ-
ട്ടലയും ഭ്രഷ്ടകാമുകൻ!”
എന്ന ആറ്റൂർ വരികൾ പാടി വിജു മാഷ് തൻ്റെ പ്രഭാഷണം അവസാനിപ്പിച്ചപ്പോൾ ‘മേഘരൂപനി’ലെ ആ വരികൾ പ്രകാശ്മാഷിനായി മാത്രം എഴുതപ്പെട്ടതാണെന്നു തോന്നി.

മേഘരൂപങ്ങൾ പലതാണല്ലോ…
ഡോ. സി ജി രാജേന്ദ്രബാബു അനുസ്മരണ പ്രഭാഷണത്തിനിടയിൽ ഞങ്ങൾക്ക് തീർത്തും അപരിചിതനായ മദ്രാസ്കാലഘട്ടത്തിലെ പ്രകാശ്മാഷെ വരച്ചിട്ടു. മെറീനബീച്ചിലൂടെ അലസമായി നടന്നുനീങ്ങുന്ന പ്രകാശ് മാഷിനേയും സെലീന ടീച്ചറേയും ആ വാക്കുകളിലൂടെ ഞങ്ങൾക്ക് കാണാമായിരുന്നു.
‘ജീവിച്ചിരിക്കുന്നവരാൽ ഉഴുതുമറിക്കപ്പെട്ട്,പ്രതിമകളിൽ കുടിയിരുത്തി വർഷാവർഷം ഫലകമേർപ്പെടുത്തി അനുസ്മരണാഘോഷ’ങ്ങളിലൂടെ ഓർക്കപ്പെടേണ്ട ഒരു പേരല്ല പി.വി പ്രകാശ് ബാബു എന്ന ധാരണ അന്നാ ഹാളിൽ ചേർന്നിരുന്നിരുന്ന എല്ലാ മനുഷ്യർക്കുമുണ്ടായിരുന്നു..ഒരു അനുസ്മരണ പരിപാടിയുടെ പതിവ് ജഡത്വങ്ങളും ആഴമില്ലായ്മയും അതുകൊണ്ടുതന്നെയാവണം ആ പരിപാടിക്കില്ലായിരുന്നത്..
‘സ്വയംപൂർണമായ ഒരു ജീവിതത്തിൻ്റെ സ്വാഭാവികപര്യവസാനമാണ് മരണ’മെന്ന വാചകം പോലെ എത്ര പൂർണതയുള്ള ജീവിതമായിരുന്നു മാഷിൻ്റേത്…
എത്ര കുട്ടികൾ തങ്ങളുടെ വാക്കുകളിൽ ഇപ്പോഴും അവരുടെ പ്രിയപ്പെട്ട പ്രകാശ്മാഷിനെ വരച്ചിടുന്നു!
ക്ലാസ്സിലെ ഓരോ കുട്ടിയുടേയും ശക്തിയും ദൗർബല്യവും തിരിച്ചറിഞ്ഞ് ചേർത്തുനിർത്താൻ കഴിഞ്ഞിരുന്ന പി ബി എന്ന രണ്ടക്ഷരം!
ഒറ്റപ്പെടുന്നവരുടെ കൂടെ നിരുപാധികം ചേർന്നു നിന്ന സ്നേഹ സമുദ്രം..
മരണം നമ്മെ അന്യവത്കരിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമെന്ന സാർത്രിൻ്റെ അഭിപ്രായമൊക്കെ മാഷെപ്പറ്റി പറയുമ്പോൾ മായ്ച്ചെഴുതേണ്ടി വരുന്നു. ഒറ്റപ്പെടാതെ, അന്യവത്കരിക്കാതെ മാഷിൻ്റെ കുട്ടികൾ മാഷെ നെഞ്ചോടു ചേർത്ത് ഇപ്പോഴും പിടിക്കുമ്പോൾ അന്യവത്കരണം എന്ന വാക്കിന് എന്ത് പ്രസക്തി?
“നമ്മളില്ലാതായാൽ ദൂരെ നമ്മളെയോർത്ത് സങ്കടപ്പെട്ട് ഒരു രാത്രി ഉറങ്ങാതിരിക്കാൻ ഒരാളെങ്കിലുമുണ്ടെങ്കിൽ അപ്പോഴാണ് നമ്മുടെ ജീവിതം സാർത്ഥകമാകുന്ന”തെന്ന പ്രേംകുമാർ മാഷിന്റെ വാക്കുകൾ എത്ര സത്യം!

ഡിപ്പാർട്ട്മെന്റിൽ ആ കസേരയിപ്പോഴും തൊട്ടടുത്ത് ഒഴിഞ്ഞു കിടപ്പാണ്..
ധൈഷണികജാഢ്യങ്ങളില്ലാത്ത ധിഷണയുടെ ആ മാനവികമുഖം!
പോയപ്പോഴാണ് മാഷവശേഷിപ്പിച്ച ശൂന്യതയുടെ ആഴമറിയുന്നത്!
“പലനാളടുത്താലു,മങ്ങയെയൊരു താക്കോൽ
പ്പഴുതിലൂടെന്നപോൽ മാത്രമേ കണ്ടൂ ഞങ്ങൾ!”-
എന്ന കവിവാക്യം പോൽ മാഷെ അറിയാൻ ഇനിയും എത്രയോ അടരുകൾ!
പലമകളായിരുന്നു പ്രകാശ് മാഷ്..
****
മരിക്കുന്നതിൻ്റെ രണ്ടു ദിവസം മുമ്പ് ശ്രീകൃഷ്ണ കോളേജിൽ പേപ്പർവാല്വേഷന് ഞാനും പ്രിയയും പ്രകാശ് മാഷും ഒന്നിച്ചു പോയ ആ ദിവസം..
പേപ്പറെടുത്ത് വരും വഴി പുഴയ്ക്കൽ പാടത്തുള്ള കുടുംബശ്രീ ക്യാൻറീനിലിരുന്ന് ഊണ് കഴിച്ച് ഇറങ്ങുമ്പോഴാണ് അകലേക്ക് നീണ്ടു കിടക്കുന്ന മനോഹരമായ ആ വഴി നോക്കിക്കൊണ്ട് പ്രകാശ്മാഷ് എന്നോടും പ്രിയയോടുമായി പറഞ്ഞത്… “ഇതിനപ്പുറം കാണണ്ടേ?” എന്ന ആ ജീവബിന്ദുവിന്റെ വിളിയിൽ മൂന്ന് പേരും കൂടി ആ നട്ടുച്ചവെയിലിനെ വകഞ്ഞു മാറ്റി നടന്നു… നടന്ന് നടന്ന് കാലു കഴച്ചിട്ടും ഞങ്ങൾ നടന്നു… ഒരിക്കലും പതിവില്ലാത്ത ആവേശത്തിൽ എൻ്റെയും പ്രിയയുടേയും ചിത്രങ്ങൾ മാഷന്ന് എടുത്തു കൂട്ടിയതോർക്കുമ്പോൾ അത്ഭുതം തോന്നുന്നു..
‘ദാ ദീപേ, നിന്റെ ജീവനുള്ള പടം’ എന്നും പറഞ്ഞ് എൻ്റെ എത്രയെത്ര പടങ്ങൾ എടുത്തു മാഷേ അന്ന്.. ‘ഇതത്ര നന്നായിട്ടൊന്നൂല്ലാ’ന്ന് ഞാൻ പറഞ്ഞപ്പോൾ, ”നിനക്കറിയാണ്ടാണ് ഈ ചിത്രത്തിന്റെ ഭംഗി. ഇതാണ് നിൻ്റെ ഏറ്റവും നല്ല പടം” എന്ന വാചകത്തിനിപ്പോൾ എന്ത് മൂർച്ചയാണ് മാഷേ..

എത്ര ചിരിച്ചാണ് നമ്മളന്ന് മടങ്ങിയത്…
മടങ്ങിവരും വഴിയാണ് സ്വാതിയുടെ അമ്മ കൊടുത്തയച്ച ഉണ്ണിയപ്പത്തെപ്പറ്റി ഞാനോർത്തത്. “എങ്കിലത് വാങ്ങീട്ടു പോകാ”മെന്ന് പറഞ്ഞ് മാഷ് കാറു തിരിച്ചു.. രാമേട്ടൻ്റെ ഹോസ്റ്റലിനു മുമ്പിൽ ഗൗരീടെ ചോറ്റുപാത്രത്തിൽ ഉണ്ണിയപ്പം നിറച്ച് സ്വാതിയും ജാസ്മിനും നേഹയും കാത്തു നിന്നു. “ടീച്ചർക്കു കൊടുക്കുന്നില്ല..മുഴുവനും ഞാൻ തിന്നോളാം.. അല്ലെങ്കി നിൻ്റെ അമ്മക്കു വിഷമമാവും” എന്നു കളി പറഞ്ഞ് മാഷാണ് ആ പാത്രം വാങ്ങിയത്.. എനിക്കു നേരെ പാത്രം നീട്ടിയപ്പോൾ ഞാനതീന്ന് രണ്ടെണ്ണമെടുത്ത് മാഷിനെത്തന്നെ തിരിച്ചേൽപ്പിച്ചു.. “ഞാനിത് വാങ്ങീല്ലെങ്കി ദീപയ്ക്ക് വിഷമമാവും പ്രിയേ ” എന്നു കേട്ട് പ്രിയ കുലുങ്ങിച്ചിരിച്ചു..
വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് ശ്രദ്ധിച്ചത് .. ഞാനെടുത്ത ഉത്തരക്കടലാസിൻ്റെ കെട്ട് മാറിപ്പോയിരിക്കുന്നു. നോക്കി കൊണ്ടുകൊടുത്ത ഉത്തരക്കടലാസ് തന്നെ തിരിച്ചെടുത്തോണ്ടു പോന്നിരിക്കുകയാണ്.”എന്റെ പേപ്പറ് മാഷിൻ്റെ വണ്ടീലുണ്ടോന്ന് നോക്കോ”ന്ന് ദയനീയമായി ഞാൻ വിളിച്ചു ചോദിച്ചപ്പോൾ “എന്റെ ദീപേ. ” എന്നും പറഞ്ഞ് ഉറക്കെയുറക്കെ മാഷ് ചിരിച്ചു.. ” ഇല്ലെ”ന്നു കേട്ട നിരാശയിൽ ഞാനിരിക്കുമ്പോൾ മൊബൈലിലേക്ക് മാഷ് ആ പഴയ ഓഷോ തമാശയയച്ചു..
മൂന്നു പണ്ഡിതന്മാർ റെയിൽവേ സ്റ്റേഷനിലിരുന്ന് തർക്കിച്ച കഥ. തർക്കിക്കുന്നതിനിടെ ട്രെയിൻ വന്നതും തർക്കം തുടർന്നതും ട്രെയിൻ നീങ്ങിത്തുടങ്ങിയതും അപ്പോൾ മൂന്നാളും വെപ്രാളത്തോടെ ഓടിക്കയറാൻ നോക്കിയതും രണ്ടു പേർ ഒരു വിധം അതിൽക്കയറിപ്പറ്റിയപ്പോൾ മൂന്നാമൻ നിരാശനായി പ്ലാറ്റ്ഫോമിൽ നോക്കി നിന്നതും “സാരമില്ല.. അവരെങ്കിലും കയറിയല്ലോ ” എന്നു പറഞ്ഞ് ആശ്വസിപ്പിക്കാനായി അടുത്തുചെന്ന ആളോട് ” അതാണ് കൂടുതൽ സങ്കടം. അവർ രണ്ടാളും എന്നെ വണ്ടി കയറ്റാൻ വന്നതായിരുന്നു എന്ന് പറഞ്ഞതുമായ ആ കഥ വായിച്ചപ്പോൾ എന്റെ നിരാശ പൊട്ടിച്ചിരിയായി മാറി…
അതായിരുന്നു ഞങ്ങളുടെ അവസാനത്തെ യാത്ര..
തലേന്ന് കൊണ്ടുപോയ ആ ചോറ്റുപാത്രം പിറ്റേന്നു തന്നെ മറക്കാതെ ഡിപ്പാർട്ട്മെൻ്റിൽ വെച്ച് മാഷ് തിരിച്ചേൽപ്പിച്ചു.”അവൾക്ക് കൊടുക്കണം.അവൾക്ക് ചോറെടുക്കാനുള്ള പാത്രമാവും” എന്ന് കരുതലോടെ ഓർമ്മിപ്പിച്ചു.
ചുറ്റുമുള്ള ഓരോ മനുഷ്യജീവിയേയും മാഷ് അത്രയ്ക്കാർദ്രമായി പരിഗണിച്ചിരുന്നു…
പരിചയപ്പെടുന്ന ഓരോ മനുഷ്യർക്കും ‘ഇയാളെൻ്റെയാണെ’ന്ന് തോന്നിപ്പിക്കും വിധം അസാധ്യമായൊരു ഹൃദയസംവേദനശേഷി മാഷിനുണ്ടായിരുന്നു
****
മാഷ് പോയതിൻ്റെ പിറ്റേന്ന് സെലീനേച്ചിയോടൊന്നിച്ച് ആ മുറിയിലിരിക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടി… ഓരോന്ന് പറഞ്ഞ കൂട്ടത്തിൽ ”പ്രകാശത് വായിച്ചോണ്ടിരിക്കുകയായിരുന്നൂ ” ന്ന് സെലീനേച്ചി ഒരു പുസ്തകം ചൂണ്ടിക്കൊണ്ട് എന്തോ പറഞ്ഞപ്പോഴാണ് ഞാനാ പുസ്തകം ശ്രദ്ധിച്ചത്.

‘സൂസന്നയുടെ ഗ്രന്ഥപ്പുര’
ആ പുസ്തകത്തിൽ മാഷ് വായിച്ചു നിർത്തിയ ഭാഗം അടയാളം വെച്ചിരുന്നത് ഞാൻ മറിച്ചു നോക്കി.. നൂറ്റിപ്പതിനെട്ടാം പേജിലെ, കാന്റോ ജനറലിലെ ആ വരികളാണ് ആദ്യം കണ്ണിലുടക്കിയത്.
“Good bye to the minute speck of mountains,that gathered in eyes every afternoon !”
‘അപരാഹ്നത്തിന്റെ കൺകളിൽ ശേഖരിച്ചു വെച്ച പർവ്വതത്തിന്റെ ഓരോ മൺതരിക്കും വിട!’
മാഷാ വരിയായിരിക്കുമോ വായിച്ചു നിർത്തിയിരിക്കുക?
പാതിയിൽ ബാക്കി നിർത്തിയ ഒരുജ്ജ്വലപുസ്തകമായിരുന്നല്ലോ മാഷേ നിങ്ങൾ. ഇനിയെത്ര ഏടുകൾ മറിയാനിരിപ്പുണ്ടായിരുന്നു.
അളക സങ്കടങ്ങൾ അകത്തേക്കൊഴുക്കി കരുത്തോടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു…അഞ്ചാം ക്ലാസ്സ് മുതൽ മാഷിന്റെ കൈയും പിടിച്ച് ഡിപ്പാർട്ട്മെന്റിൽ വന്നിരിക്കാറുള്ള അളക നീണ്ട മുടി മാടിക്കെട്ടി വെച്ചിരിക്കുകയാണ്.. അവൾ ഡിഗ്രിക്കാരിയായത് എത്ര പെട്ടെന്നാണ് !
“അളക എപ്പോഴും മുടി ഇങ്ങനാ കെട്ടാ?” എന്ന് പണ്ട് ചോദിക്കുമ്പോൾ, “ഇതെന്റെ അച്ഛൻ മെടഞ്ഞിട്ടു തരണതാ ” ന്ന് നുണക്കുഴിച്ചിരിയോടെ പറഞ്ഞിരുന്ന ആ കുഞ്ഞുപെൺകുട്ടിയെ ഞാനോർത്തു..
അവളുടെ കയ്യും പിടിച്ച് വീണു കിടക്കുന്ന മുണ്ടിൻ്റെ തലപ്പ് ഒരു കയ്യാൽ ഉയർത്തിപ്പിടിച്ച് ഡിപ്പാർട്ടുമെൻ്റിൻ്റെ പടി കയറി വന്നിരുന്ന ആളിനിയില്ല എന്നോർക്കാൻ എനിക്കു വിഷമം തോന്നി…
മകൾക്കു വേണ്ടി, പ്രിയപ്പെട്ടവൾക്കു വേണ്ടി,കുടുംബത്തിനു വേണ്ടി സ്വന്തം സാംസ്കാരികജീവിതം മാറ്റി വെച്ച ഒരു പുരുഷനേയും ഇന്നോളമുള്ള ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയിട്ടില്ല..
അതൊരു നഷ്ടമായി മാഷൊരിക്കലും കണ്ടിരുന്നില്ല… ലാഭനഷ്ടങ്ങളെക്കുറിച്ചുള്ള നമ്മുടെ കണക്കെടുപ്പുകളിലാണ് പിഴവു പറ്റുന്നത്.
ഗംഭീരപ്രഭാഷകനായിരുന്നു മാഷെന്ന് കേട്ടിട്ടുണ്ട്… ഡിപ്പാർട്ട്മെൻ്റിലെ പരിപാടികളിൽ മൂന്നോ നാലോ മിനിറ്റ് സമയം മൈക്കിനു മുന്നിൽ നിൽക്കുമ്പോഴെല്ലാം ആ പ്രതിഭയുടെ മിന്നലാട്ടം പ്രകടമായിരുന്നു.. എന്നിട്ടും മാഷാ ജീവിതം മാറ്റിവെച്ചു..
അളകയ്ക്കു വേണ്ടി
സെലീനേച്ചിക്കു വേണ്ടി
മാഷിനു വേണ്ടി…

****
അവസാനത്തെ ആ വ്യാഴാഴ്ച ദിവസം പതിവുപോലെ ഒന്നിച്ചാണ് ഞങ്ങൾ ജനറൽ ക്ലാസ്സിലേക്ക് പോയത്.. വഴിനീളെ കുട്ടികളോട് കുശലം പറഞ്ഞും ചിരിച്ചും അവരുടെ പുറത്തു തട്ടിയും മാഷ് നടന്നു.. അമ്പത്തിനാലാം നമ്പർ ക്ലാസ്സ്മുറിയുടെ മുന്നിലെത്തിയപ്പോൾ എന്നെ നോക്കിക്കൊണ്ട്, “എന്റെ ക്ലാസ് നല്ലതായോണ്ട് പിള്ളാര് കൂടുതലാ.കുറച്ചു പിള്ളേരെ നിന്റെ ക്ലാസ്സിലേക്ക് വിട്ടാലോന്നാണ് ഞാനിപ്പോ ആലോചിക്കണത്” എന്നും പറഞ്ഞ് താടിയിലുഴിഞ്ഞ് ഗൗരവത്തിൽ മാഷ് നിന്നപ്പോൾ എനിക്ക് ചിരി വന്നു.. മാഷും ചിരിച്ചു..
“ഞാൻ ‘രാച്ചിയമ്മ’ എടുത്തിട്ട് വരാം.. കുട്ടികളെ സസ്പെൻസിൽ നിർത്തിയിരിക്കുകയാണ്.. ‘മനുഷ്യരല്ലേ ,നമ്മൾ മണ്ണു കൊണ്ടുണ്ടാക്കിയവരൊന്നുമല്ലല്ലോ എന്ന വാചകമൊക്കെ കേട്ട് കുട്ടികൾ രോമാഞ്ചഭരിതരായി ഇരിപ്പാണ്..” എന്നും പറഞ്ഞ് ചിരിച്ച് ‘രാച്ചിയമ്മ’ യെടുക്കാൻ ആ ജനറൽ ക്ലാസ്സിലേക്ക് പോയ ആ പോക്ക് ഓർക്കുമ്പോൾ എനിക്കിപ്പോൾ കരച്ചിൽ വരുന്നു..
അനായാസം ചിരിച്ച സന്ദർഭങ്ങൾ തന്നെ പിന്നീടോർക്കുമ്പോൾ അടക്കാൻ പറ്റാത്ത കരച്ചിലായി മാറുന്നത് എത്ര വിചിത്രമാണ്!

* * * *
ഞാനീ കുറിപ്പെഴുതുമ്പോൾ രണ്ടു വർഷമാകുന്നു മാഷ് കടന്നു പോയിട്ട്..
രാവിലെ സെലീനേച്ചിയുടെ വാട്സപ്പ് മെസേജിലാണ് നേരം പുലർന്നത്..
“വയനാട്ടിലെ കാറ്റിനിപ്പോഴും കാട്ടുപൂക്കളുടെയും കാപ്പിപ്പൂക്കളുടെയും, പണികഴിഞ്ഞ് കുളിച്ചു വരുന്ന പണിക്കാരുടെ വാസനസോപ്പുകളുടെയും വെളിച്ചെണ്ണയുടേയും മണത്തോടൊപ്പം ഒരിറ്റു പോലും മങ്ങലേൽക്കാതെ ജ്വലിച്ചു നില്ക്കുന്ന നമ്മുടെ പ്രണയ സ്നേഹചുംബനങ്ങളുടെ തീക്ഷ്ണഗന്ധവുമുണ്ട്…
പുലർച്ചകളിലും പാതിരാവുകളിലും അവിടുത്തെ കരിയിലകളെ നനയിച്ച മഞ്ഞുതുള്ളികൾ ഇപ്പോഴും
നമ്മളെ നനയിയ്ക്കുന്നുണ്ട്…
കോഴിക്കോട്ടെയും തൃശൂരിലെയും ഉത്സവപ്പകലുകളും സാംസ്ക്കാരിക രാപ്പകലുകളും നമ്മുടെ പ്രണയം കണ്ട് അസൂയപ്പെടുന്നുണ്ട്…
മദിരാശിലെ മറീനാബീച്ചിലെ മുല്ലപ്പൂക്കാരികൾ നമ്മുടെ പ്രണയം കണ്ട് നാണത്തോടെ അടുത്തുവന്ന് “മുല്ലപ്പൂ വേണോ അക്കാ?” എന്ന് കുപ്പിവളക്കൈ നീട്ടാറുണ്ട്…
കണ്ണിമാറാ പബ്ലിക് ലൈബ്രറിയിലെയും മദിരാശി സർവ്വകലാശാലാ ലൈബ്രറിയിലെയും പുസ്തക ഷെൽഫുകൾ നമ്മുടെ പ്രണയസാക്ഷികളായ് ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നുണ്ട്….
മദിരാശിയിലെ കടുത്ത ചൂടിൽ നമ്മളിപ്പോഴും, തമിഴ് പ്രണയഗാനങ്ങളുടെയും തമിഴ് സിനിമകളുടെയും ലോകത്തിലേയ്ക്ക് കൈകോർത്ത് പിടിച്ച് ഒളിച്ചോടാറുണ്ട്….
അങ്ങനെ ഒരിക്കലും വറ്റിവരളാത്ത പ്രണയ സ്നേഹങ്ങളുടെ നദിയായി നമ്മളിങ്ങനെയൊഴുകുന്നു—-
പ്രണയിച്ചു കൊണ്ടേയിരിക്കുന്നു….
ഓരോ ദിനവും നമ്മുടെ ജീവിതം തീവ്രപ്രണയ – ഗന്ധ- താളങ്ങളുടെ ശാന്തതയിൽ സുന്ദരവും അനശ്വരവുമായ് മാറുന്നു… “
മെസേജ് കണ്ടപ്പോൾ ആദ്യമൊന്ന് ഭയന്നു …സങ്കടപ്പെട്ടിട്ടാവുമോ സെലീനേച്ചി ഇതെഴുതിയിട്ടുണ്ടാവുക എന്ന് ആശങ്ക തോന്നി..
വിളിച്ചപ്പോൾ പതിവുപോലെ സെലീനേച്ചിയുടെ ചിരി.
“ദീപേ” എന്ന വിളി…
എല്ലാം പതിവുപോലെ..
“എന്തേ ഇങ്ങനെ എഴുതാൻ?” എന്ന എൻ്റെ ചോദ്യത്തിലാണ് വിറയലുള്ളത്..
“ചുമ്മാ… ഞങ്ങളിങ്ങനെ കട്ടൻ ചായേം കുടിച്ചോണ്ടിരുന്നപ്പോ പഴയ കാര്യങ്ങളൊക്കെ ഓർത്തതാ… ദീപയ്ക്കയക്കാൻ തോന്നി..”
“ആ… “
‘ഞങ്ങൾ’ എന്നു പറയുന്നത് മാഷെക്കൂടി കൂട്ടിയാണെന്ന് എനിക്കറിയാം.. ആ ‘ഞങ്ങളി’ലാണ് അവരിപ്പോഴും ജീവിക്കുന്നതെന്നുമറിയാം..

ആദ്യമൊക്കെ എനിക്ക് ഭയം തോന്നുമായിരുന്നു.
“ഒറ്റക്ക് ചെന്നൈ വരെ സെലീനേച്ചി എങ്ങനെ കാറോടിച്ച് പോകും?” എന്ന് ഞാൻ ആശങ്കപ്പെടുമ്പോൾ “ഒറ്റയ്ക്കോ? പ്രകാശില്ലേ?” എന്ന സെലീനേച്ചിയുടെ മറുപടി കേൾക്കുമ്പോൾ,
തമിഴ് പടം കാണാനായി ഒന്നിച്ച് പോകുമ്പോൾ രാഗം തിയേറ്ററിലെ ഇരുളിൽ അപ്പുറത്തെ കസേര മാഷിനായി സെലീനേച്ചി ഒഴിച്ചിടുന്നത് കാണുമ്പോൾ…
മാഷിൻ്റെ ചെരുപ്പ് എന്നും കഴുകി വീടിൻ്റെ ഉമ്മറത്തിട്ടിരിക്കുന്നത് കാണുമ്പോൾ….
മുറ്റത്തെ പേരമരത്തിലെ മുഴുത്ത പേരയ്ക്ക എത്തിച്ചു പറിക്കാൻ പരാജയപ്പെട്ട് “കയ്യെത്തുന്നില്ലല്ലോ പ്രകാശേ ” എന്ന് പരിഭവം പറഞ്ഞ് അഞ്ചാറ് ചുവട് മുന്നോട്ട് വെച്ചപ്പോഴേക്കും എന്തോ വീഴുന്ന ശബ്ദം കേട്ട് പൊടുന്നനെ തിരിഞ്ഞുനോക്കിയപ്പോൾ കൊതിച്ച പേരയ്ക്ക ഒരു പോറൽ പോലുമേൽക്കാതെ താഴെയാരോ കൊണ്ടു വെച്ചതു പോലെ മുറ്റത്തു വീണ കഥ സെലീനേച്ചി പറഞ്ഞത് കേട്ടപ്പോൾ….
മാഷിൻ്റെ ഷർട്ട് അലക്കി വിരിച്ച് മുറ്റത്തെ അയയിലിടുന്നത് കാണുമ്പോൾ..
” ഇന്ന് ഞാനും പ്രകാശും കൂടി … ” എന്നു തുടങ്ങിക്കൊണ്ടുള്ള ദൈനംദിനവിശേഷങ്ങൾ കേൾക്കുമ്പോൾ…
അപ്പോഴൊക്കെയും എനിക്ക് ഭയം തോന്നിയിരുന്നു…
സെലീനേച്ചിക്കെന്തു പറ്റി എന്താശങ്ക തോന്നുമായിരുന്നു…
പിന്നെപ്പിന്നെ അത് കുറഞ്ഞു… തീരെ ഇല്ലാതായി…
തീവ്രപ്രണയത്തിൽ നിന്നും ഒറ്റക്കൊരാൾ കടന്നു പോകുമ്പോൾ മനുഷ്യർ ആ സങ്കടം മറികടക്കാൻ പല വഴികളും തേടും..
യുക്തിയുടെ സാക്ഷ്യങ്ങളൊന്നും അവിടെ വിലപ്പോകില്ല…
”മാഷെപ്പറ്റി സെലീനേച്ചി എഴുതൂ” എന്ന് ഞാൻ പറയുമ്പോഴെല്ലാം അവർ മനോഹരമായി ചിരിക്കും…
എന്നിട്ട് ശാന്തമായി പറയും…
“ഓർമ്മയാകുമ്പോളല്ലേ ദീപേ ഓർമ്മക്കുറിപ്പിനു പ്രസക്തി? പ്രകാശെനിക്ക് ഓർമ്മയല്ല… ഇപ്പോഴും തുടരുന്ന ജീവിതമാണ് ..”
ഞാനതു കേട്ട് നിശ്ശബ്ദയാകും..

****
അധ്യാപകവൃത്തിയിൽ നിന്നും പ്രകാശ് മാഷ് വിരമിക്കുന്ന സമയത്ത് മാഷെപ്പറ്റിയുള്ള ഓർമ്മകൾ പങ്കു വെക്കേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. വിരമിക്കൽസമയത്ത് സഹപ്രവർത്തകനെപ്പറ്റി ഓർമ്മകൾ പങ്കുവെക്കുന്നത് സ്വാഭാവികമാണല്ലോ..പക്ഷേ ജീവിതത്തിൽ നിന്നും വിരമിച്ചു കടന്നു പോയ ഒരാളെപ്പറ്റിയാകുമ്പോൾ അതത്ര എളുപ്പമല്ല..
തൻ്റെ നാൽപ്പത്തിയാറാം വയസ്സിൽ മാഷിങ്ങനെ വിരമിച്ചു പോയിക്കളയുമെന്ന് ഒരിക്കലും കരുതിയിരുന്നതല്ല..
അലസമായി മൂലയ്ക്കിടേണ്ട ഒരോർമ്മയല്ല പ്രകാശ്മാഷെന്ന ബോധ്യത്തിലാണ് ഞാനിതെഴുതിത്തീർത്തത്.
അതൊരു പരസ്യജീവിതത്തിൻ്റെ സ്ഫടികസമാനമായ മുദ്രയാണ്.. അതെവിടെയെങ്കിലും അടയാളപ്പെടുത്തേണ്ടതുണ്ട്..
ഒരാളുടെ ജീവിതമൂല്യം നിർണയിക്കപ്പെടുന്നത് മരണാനന്തരം മറ്റു മനുഷ്യർ അയാളെ എങ്ങനെ ഓർക്കുന്നു എന്നതിൻ്റെ കൂടി അടിസ്ഥാനത്തിലാണ്. ഓരോ മനുഷ്യനും ആർക്കെങ്കിലുമൊക്കെ വേണ്ടപ്പെട്ടവരായിരിക്കും.. പ്രിയപ്പെട്ടവരായിരിക്കും..പക്ഷേ പരിചയപ്പെട്ട എല്ലാവർക്കും പ്രിയങ്കരനായ ഒരാളാവുക എന്നത് അത്യപൂർവ്വമാണ്.. യൗവ്വനത്തിലെ സമരതീക്ഷ്ണമായ പോരാട്ടവഴികളിൽ എതിരാളികളിൽപ്പോലും ബഹുമാനമുയർത്തും വിധമൊരു വ്യക്തിത്വമുണ്ടാവുക എന്നത് നിസ്സാരകാര്യമല്ല.. പലർക്കും സാധിക്കാത്ത കാര്യമാണത്.. വാക്കുകൾ കൊണ്ട് പ്രാണനിൽ പരിക്കേൽപ്പിക്കാനുള്ള യത്നത്തിലെ മുൻനിരപ്പോരാളികളാണ് നമ്മിൽ പലരുമെന്നോർക്കുമ്പോൾ ഇടയ്ക്ക് ആത്മനിന്ദയാൽ ചൂളിച്ചുരുങ്ങും….

രണ്ടു തരം മരണങ്ങളുണ്ടെന്ന് എവിടെയോ വായിച്ചതോർക്കുന്നു..
ഒന്ന്, ഒരു ചെറുകാറ്റടിച്ചാൽ പതിരുപോലെ പറന്നു പോകുന്ന മരണം..
മറ്റൊന്നുണ്ട്..
കൊടുങ്കാറ്റുകൾ ആഞ്ഞടിച്ചാലും ഇളകാതിരിക്കുന്ന മഹാമേരു പോലുള്ള കനമുള്ള മരണം…
അവർ കടന്നുപോയാലും മറ്റുള്ളവരുടെ സ്മരണകളിൽ തെളിഞ്ഞു മിന്നും.. വരും തലമുറയ്ക്ക് ഊർജ്ജമാകും..
ഒ എൻ വി ഒരിക്കലെഴുതി :- “ഒരു ദിവസം ഭൂമിയെന്ന ഈ വാടകവീട് ഞാനൊഴിഞ്ഞു പോകുമ്പോൾ എൻ്റെ ഏറ്റവും ചൈതന്യവത്തായ ഒരംശം ഞാനിവിടെ ഉപേക്ഷിച്ചു പോകും.. അതാണ് എൻ്റെ ഏറ്റവും നല്ല കവിത!”
തൻ്റെ ചൈതന്യവത്തായ ഒരംശം ഈ ഭൂമിയിൽ നിക്ഷേപിച്ചിട്ടാണ് പ്രകാശ് മാഷ് കടന്നു പോയിട്ടുള്ളത്.
വിജയൻ മാഷിൻ്റെ പ്രശസ്തമായ ആ വാചകം ഓർമ്മ വരുന്നു..
“തീ പിടിപ്പിക്കാൻ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീർന്നാലും തീ പിന്നെയും വ്യാപിച്ചു കൊണ്ടേയിരിക്കും… ചിന്തയുടെ അഗ്നിപാതയിൽ ആത്മനാശത്തിൻ്റെ അംശമുണ്ട്.. പക്ഷേ അതിനർത്ഥം നിങ്ങൾ മറ്റുള്ളവരിൽ പടരുകയാണെന്നോ, സ്വയം ഇല്ലാതായിട്ട് മറ്റുള്ളവരിൽ ജീവിക്കുന്നുവെന്നോ ആണ്…”

മാഷിൻ്റെ ഫേസ്ബുക്ക് വാളിൽ മാഷെഴുതിയിട്ട ചില വരികളുണ്ട്..
അനാർഭാടവും ലളിതവുമായ സ്വന്തം ജീവിതത്തെക്കുറിച്ച്, പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ വരുംകാലഭാവിയിൽ ഇങ്ങനെ പെറ്റുപെരുകാൻ പോകുന്നതിനെക്കുറിച്ച് ഒരു ക്രാന്തദർശിയെപ്പോലെ മാഷ് കോറിയിട്ട ആ വരികൾ കൂടി ചേർത്ത് ദീർഘമായ ഈ ഓർമ്മക്കുറിപ്പ് ഞാനവസാനിപ്പിക്കുകയാണ്…
മുക്കുറ്റി
ആരും ലാളിക്കാറില്ല
പൂക്കടയിലോ
പൂമുഖത്തോ കാണില്ല
ഇല വിരിഞ്ഞോ പൂ വിരിഞ്ഞോ
എന്ന ആകാംക്ഷകളില്ലാതെ
അവ വളരുന്നു.
തൊടിയിൽ
പൊതുവഴികളിൽ.
നിരന്തരം അവമതിക്കപ്പെടുന്നതിനാൽ
നിലം പതിഞ്ഞ ജൻമങ്ങൾ.
ഭൂമിയെ അളന്നെടുക്കുന്ന
മാനവ(വാമന)പാദങ്ങൾ
വീണ്ടും വീണ്ടും അവയെ
മണ്ണിലേയ്ക്ക്ചവിട്ടിത്താഴ്ത്തുന്നു.
ഫേസ്ബുക്കിലില്ല
പ്രണയസന്ദേശങ്ങളിലില്ല
പഴയ മനുഷ്യരുടെെ ഓർമ്മകളിൽമാത്രം
പെറ്റുപെരുകുന്നു
എങ്കിലും
അവ അതിജീവിക്കുന്നു
കൊടുങ്കാറ്റുകളേയും
പേമാരികളേയും…..
എന്തെന്നാൽ
അത്രമേൽ ലളിതമാണ്
അവയുടെ ജീവിതദർശനം…
അത്രമേൽ ലളിതമാണ്
അവയുടെ ജീവിതദർശനം…
ദീപ നിശാന്ത്
വിവേകനന്ദയിൽ ഡോ. പി. വി പ്രകാശ് ബാബു അനുസ്മരണം ആഗസ്റ്റ് ഒന്നിന്

ശ്രീകേരളവർമയിലെയും ശ്രീ വിവേകാനന്ദ കോളേജിലെയും മലയാളം വിഭാഗം അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ.പി.വി പ്രകാശ് ബാബുവിന്റെ മൂന്നാമത് അനുസ്മരണം ‘പ്രകാശം 2022’ ആഗസ്റ്റ് ഒന്നിന് കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജിൽ നടക്കും. രാവിലെ 10.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണത്തിൽ കോളേജിലെ അധ്യാപകരും വിദ്യാർഥികളും കൂടാതെ പൂർവ്വവിദ്യാർത്ഥികൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരും പങ്കെടുക്കും. അനുസ്മരണത്തോടനുബന്ധിച്ച് ‘മാർത്താണ്ഡന്റെ സ്വപ്നങ്ങൾ’ എന്ന നാടകത്തിന്റെ അവതരണവും നടക്കും.