ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം: ഇരിങ്ങാലക്കുടയിൽ കൂറ്റൻ ഫ്ളക്സ് ബോർഡ് വൈദ്യുതി ലൈനിലേക്ക് വീണു, വ്യാപകമായി വൈദ്യുതി വിതരണം തടസപ്പെട്ടു; ഇന്നും മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

50

രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. ഇരിങ്ങാലക്കുട മേഖലയിൽ ക്രൈസ്റ്റ് കോളേജിന് സമീപം സ്ഥാപിച്ചിരുന്ന കൂറ്റൻ ഫ്ലക്സ് ബോർഡ് മറിഞ്ഞ്  വൈദ്യുതി ലൈനിലേക്കും സമീപത്തെ കടയുടെ മുകളിലേക്കും വീണു. ഇവിടെ തന്നെ താൽക്കാലികമായി നിർമിച്ചിരുന്ന പന്തലും നിലം പതിച്ചു. മേഖലയിൽ വൈദ്യുതി വിതരണം പൂർണമായി നിലച്ചു.ഒരുമനയൂരിൽ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വൈദ്യുതി കമ്പിക്കു മുകളിലേക്ക് വീണു; ചാവക്കാട്-ചേറ്റുവ ദേശീയപാതയിൽ ഗതാഗതം നിലച്ചു. തൃക്കൂര്‍ മംഗലംതണ്ടില്‍ ഇടിമിന്നലില്‍ ഒരു കുട്ടിക്ക് പരിക്കേറ്റു.  ഒരു വീട് ഭാഗികമായി തകര്‍ന്നു.  പുല്ലുപറമ്പില്‍  വിനിതയുടെ വീടാണ്  തകര്‍ന്നത്. തേവര്‍പാടം മോഹനന്‍ മകന്‍ ശ്രീരാഗിന്  ഇടിമിന്നലില്‍  പരിക്കേറ്റു. 20 ഓളം റബ്ബര്‍ മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞു വീണു. ജില്ലയുടെ വിവിധ മേഖലകളിലും കാറ്റ് വ്യാപകമായി നാശം വിതച്ചിട്ടുണ്ട്. ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Advertisement
Advertisement