തലപ്പിള്ളി തലശേരിയിൽ പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: മകന്റെ ജാമ്യാപേക്ഷ തള്ളി

22

കുടുംബ കലഹത്തെ തുടർന്ന് തലപ്പിള്ളി തലശേരിയിൽ പിതാവിനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തലപ്പിള്ളി തലശ്ശേരി വില്ലേജ് ശൗര്യംപറമ്പില്‍ ജമാലിന്റെ (31) ജാമ്യാപേക്ഷയാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.ജെ. വിന്‍സെന്റ് തള്ളിയത്.
ഈ വർഷം ഏപ്രില്‍ 14ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. കുടംബകലഹത്തെത്തുടര്‍ന്ന് പ്രതിയുടെ പിതാവായ മുഹമ്മദിനെ വീട്ടിൽ ബെഡ് റൂമില്‍ വെച്ച് കഴുത്തില്‍ നിരവധി തവണ വാളു കൊണ്ട് വെട്ടിയാണ് പ്രതി കൊലപ്പെടുത്തിയത്. പിതാവിനെ കൊലപ്പെടുത്തിയ പ്രതിയുടെ ക്രൂരകൃത്യത്തിനെതിരെ നാട്ടില്‍ അതിശക്തമായ പ്രതിഷേധമുണ്ടെന്നും, അതിനാല്‍ ജാമ്യത്തിലിറങ്ങിയാല്‍ പ്രതിക്കെതിരെ ആക്രമണം നടക്കാനിടയുണ്ടെന്നും, പ്രതിയുടെ ജീവന് ഭീ‍ഷണിയുണ്ടെന്നും കൂടാതെ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതി ശ്രമിക്കുമെന്നും പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വൃദ്ധനായ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് യാതൊരു കാരണവശാലും ജാമ്യമനുവദിക്കരുതെന്നും ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും മറ്റുമുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബുവിന്റെ വാദങ്ങള്‍ സ്വീകരിച്ചാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്