തൃശൂർ അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. ജോർജ്ജ് ചിറമ്മേൽ അന്തരിച്ചു

34

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. ജോർജ്ജ് ചിറമ്മേൽ (82) അന്തരിച്ചു. സംസ്കാരം പിന്നീട്.

ഇരിങ്ങാലക്കുട രൂപത കൽപ്പറമ്പ് ഇടവകയിലെ പരേതരായ ആന്റണി- തെരേസ ദമ്പതികളുടെ മകനായി 1939 ആഗസ്റ്റ് 16 ന് ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, മദ്രാസിലെ പൂനമല്ലി സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനം പൂർത്തിയാക്കിയശേഷം 1967 ഡിസംബർ 19 ന് ആർച്ച് ബിഷപ്പ് അരുളപ്പയിൽ നിന്ന് പൂനമല്ലിയിൽ വെച്ച് തിരുപ്പട്ടം സ്വീകരിച്ചു.

ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുകാരനായി ദൈവജനത്തിനായി ​ഗുഹാത്തി രൂപതയിലെ ഷിലോങ്ങ് മിഷനിലെ മാർബിസു ഇടവകയിൽ സഹവികാരിയായി അജപാലനശുശ്രൂഷ ആരംഭിച്ച അദ്ദേഹം ഷിലോങ്ങിലെ സെന്റ് പോൾ സ്ക്കൂളിലെ പ്രൻസിപ്പാളായി പതിനൊന്ന് വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തുടർന്ന് തൃശൂർ രൂപതയിലെ ഒല്ലൂർ ഇടവകയിൽ അസി. വികാരിയായും, പടവരാട്, ബ്രഹ്മകുളം എന്നിവടിങ്ങളിൽ ആക്ടിങ്ങ് വികാരിയായും, പേരാമം​ഗലം, നന്ദിപുലം, നന്ദിപുലം നോർത്ത്, അരിമ്പൂർ, ആർത്താറ്റ്, ചെമ്മണൂർ, പാലയൂർ, മുല്ലശ്ശേരി, ഇടക്കളത്തൂർ എന്നിവിടങ്ങളിൽ വികാരിയായും മഡോണ തൊഴിലഭ്യസനപീഠം പ്രിൻസിപ്പാൾ, മഡോണ റീട്രീറ്റ് സെന്റർ ഡയറക്ടർ, കുരിയച്ചിറ സെന്റ് ജോസഫ് ഇം​ഗ്ലീഷ് മീഡിയം ഹൈസ്ക്കൂൾ മാനേജറും പ്രിൻസിപ്പാളും, ആർത്താറ്റ് സിബിഎസ്ഇ സ്ക്കൂൾ സ്ഥാപകനും പ്രഥമ പ്രിൻസിപ്പാളും, ഒല്ലൂർ ഹോളി ഏയ്ഞ്ചൽസ് സ്ക്കൂളിലെ അ​ധ്യാപകൻ, പേരാമം​ഗലം വിജയമാത കോളേജ് പ്രിൻസിപ്പാൾ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാന‍ഡ‍യിലെ വാൻകൂവർ രൂപതയിൽ ഒരു വർഷം അജപാലന ശുശ്രൂഷ ചെയ്തിട്ടുണ്ട്. ​ഗുഹാത്തി യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രപഠനത്തിൽ അദ്ദേഹം മാസറ്റർ ബിരുദ്ദം നേടിയിട്ടുണ്ട്.

2013 ഫെബ്രുവരി 6 മുതൽ തൃശൂർ സെന്റ് ജോസഫ് വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. പൗലോസ് (പരേതൻ), ദേവസി (പരേതൻ), റോസ (പരേത), അന്നക്കുട്ടി (പരേത), കുഞ്ഞിലക്കുട്ടി (പരേത), സി. ബാപ്സ്റ്റിറ്റ (പരേത), മാത്തിരിക്കുട്ടി (പരേത) എന്നിവർ സഹോദരങ്ങളാണ്.