തൃശൂർ അതിരൂപതാംഗവും റോമിൽ ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയിരുന്ന യുവവൈദികനുമായ ഫാ. സിൻസൺ എടക്കളത്തൂർ അന്തരിച്ചു; അന്ത്യം തൃശൂരിൽ കോവിഡ് ചികിത്സയിലിരിക്കെ

141

തൃശൂർ അതിരൂപതാംഗവും യുവവൈദികനുമായ ഫാ. സിൻസൺ എടക്കളത്തൂർ അന്തരിച്ചു. മൃതസംസ്‌കാരം പിന്നീട്. റോമിൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രത്തിൽ ഡോക്ടേറേറ്റ്ട ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നാട്ടിലേക്ക് അവധിക്ക് വന്നതായിരുന്നു. കോവിഡ് ബാധിച്ച് തൃശൂർ ജൂബിലി മിഷ്യൻ മെഡിക്കൽ കോളേജിൽ ചിക്തസയിലായിരിക്കെയാണ് ആകസ്മികമായ അന്ത്യം.

മുല്ലശേരി എടക്കളത്തൂർ ഫ്രാൻസീസ് എൽസി ദമ്പതികളുടെ മകനായി 1988 ഏപ്രിൽ 25 ജനിച്ചു. ദൈവവിളി സ്വീകരിച്ച് 2005 ജൂണിൽ
തൃശൂർ മൈനർ സെമിനാരി ചേർന്ന് വൈദിക പരിശീലനം ആരംഭിച്ചു. മുളയം മേരിമാത മേജർ സെമിനാരിയിൽ തത്വശാസ്ത്ര പരിശീലനത്തിനും
ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ദൈവശാസ്ത്ര പരിശീലനത്തിനുശേഷം 2014 ഡിസംബർ 29ന് മാർ ആൻഡ്രൂസ് താഴത്തിൽ നിന്ന് മുല്ലശ്ശേരിയിൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു. തൃശൂർ മൈനർ സെമിനാരിയിൽ 2010-2011 കാലഘട്ടത്തിൽ പ്രായോഗിക പരിശീലനം നടത്തി. പുതുക്കാട് ഫൊറോന, ഒളരി, മണ്ണുത്തി, മുക്കാട്ടുക്കര എന്നിവിടങ്ങളിൽ സഹവികാരിയായി സേവനം ചെയ്തിട്ടുണ്ട്. 2016 മെയ് 30 മുതൽ അതിരൂപത കൂരിയിൽ നോട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 ആഗസ്റ്റ് 30 മുതൽ റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസത്രത്തിൽ ലൈസൻഷ്യേറ്റ് നടത്തുകയും 2020 ജൂണിൽ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ തന്നെ ദൈവശാസത്രത്തിൽ ഡോക്ടേറേറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇടവകയിൽ സേവനം ചെയ്തിരുന്നപ്പോൾ യുവജനങ്ങളെയും കുട്ടികളെയും സംഘടിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന ഫാദർ ഒരു നാടക നടനുമായിരുന്നു.

ഫ്രൻസി ജോയി, സിൻസി സുനിൽ എന്നിവർ സഹോദരിമാരാണ്. അതിരൂപതയിലെ വൈദികയുടെ ഗായക സംഘമായ ഹോളി സ്രിംഗ്സിലെ ഗായകനായിരുന്ന സിൻസൺ സാമൂഹിക മാധ്യമങ്ങളിൽ തന്റെ ഗാനങ്ങളുമായി അനേകർക്ക് പ്രചോദനമായിരുന്നു.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അവധിക്ക് വന്നപ്പോഴും വൈദികരുടെ മൃതസംസ്ക്കാര ശുശ്രൂഷകളിൽ ഗാനാലാപനങ്ങൾക്ക് നേതൃത്വം നല്കിയിരുന്നു.