കൊച്ചി രാജാവിന്റെ നീരാട്ട് കടവിൽ തിരുവിതാംകൂർ മഹാറാണി:
അശോകേശ്വരം ക്ഷേത്രവും വടക്കേച്ചിറയും സന്ദർശിച്ച് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതിതിരുന്നാൾ ഗൗരി ലക്ഷ്മിഭായ്

37

കൊച്ചിരാജ കുടുംബത്തിന്റെ നീരാട്ട്കടവിൽ തിരുവിതാംകൂർ മഹാറാണിയെത്തി. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടിയാണ് കൊച്ചിരാജകുടുംബത്തിന്റെ നീരാട്ട് കടവായ വടക്കേച്ചിറയിലെത്തിയത്. രാജകുടുംബം നിത്യസന്ദർശനം നടത്തിയിരുന്ന സ്വന്തം ക്ഷേത്രമായി അറിയപ്പെടുന്ന അശോകേശ്വരം ക്ഷേത്രത്തിൽ ദർശനം നടത്തിയും മണിക്കൂറുകളോളം നേരം വിവരങ്ങൾ അന്വേഷിച്ചും ചരിത്രം പറഞ്ഞു ക്ഷേത്രത്തിലും കൊട്ടാരം പരിസരത്തും നടന്നു. ഏറെ നാൾ മുമ്പാണ് തിരുവിതാംകൂർ രാജകുടുംബം അശോകേശ്വരം ക്ഷേത്രവും വടക്കേച്ചിറയും കാണണമെന്ന ആഗ്രഹം കൊച്ചിൻ ദേവസ്വം ബോർഡിനെ അറിയിച്ചത്. സ്വാഗതമറിയിച്ച് ദേവസ്വം രാജകുടുംബത്തിന് മറുപടിയും നൽകി. കഴിഞ്ഞ ദിവസമാണ് തൃശൂരിലെത്തുന്നുണ്ടെന്നും ക്ഷേത്ര ദർശനത്തിന് കഴിയുമോയെന്നും ചോദിച്ച് വീണ്ടും ബന്ധപ്പെട്ടത്. സൗകര്യമേർപ്പെടുത്തിയതായി ദേവസ്വം മറുപടി നൽകി. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് ലക്ഷ്മിഭായ് തമ്പുരാട്ടി ക്ഷേത്രത്തിലെത്തിയത്. ബോർഡ് പ്രസിഡണ്ട് വി. നന്ദകുമാർ അംഗങ്ങളായ എം.ജി. നാരായണൻ, വി.കെ. അയ്യപ്പൻ എന്നിവർ പൂർണ്ണകുംഭത്തോടെ സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷമാണ് കൊച്ചിരാജാവിൻരെ നീരാട്ട് കടവ് (വടക്കേച്ചിറ) കാണാൻ എത്തിയത്. വായിച്ചും കേട്ടുമറിഞ്ഞ വടക്കേച്ചിറയുടെ സൗന്ദര്യവും നഗരമധ്യത്തിലെ നീർത്തടാകം സംരക്ഷിക്കുന്നതും ഏറെ സന്തോഷം തോന്നുന്നതായി ലക്ഷ്മിഭായ് പറഞ്ഞു. പിന്നീടായിരുന്നു കൊച്ചി രാജ കുടുംബവും തിരുവിതാംകൂർ രാജകുടുംബവും തമ്മിലുള്ള ബന്ധവും അവർ പറഞ്ഞു. കൊച്ചി രാജകുടുംബത്തിൻറെ ക്ഷേത്രമായ പഴയന്നൂർ ക്ഷേത്രവും ബ്രഹ്മസ്വം മഠവും കാണാനെത്തുമെന്നും അറിയിച്ചാണ് അവർ മടങ്ങിയത്. പി.ബാലചന്ദ്രൻ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി. നന്ദകുമാർ, ബോർഡ് അംഗങ്ങളായ എം.ജി. നാരായണൻ, വി.കെ. അയ്യപ്പൻ, ദേവസ്വം കമ്മീഷണർ എൻ. ജ്യോതി, തൃശൂർ ഗ്രൂപ്പ് അസി. കമ്മിഷണർ എം.ജി. ജഗദീഷ്, അശോകേശ്വരം ദേവസ്വം ഓഫിസർ ജി. ശ്രീരാജ്, ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളും തിരുവിതാംകൂർ രാജകുടുംബത്തെ സ്വീകരിക്കാനെത്തിയിരുന്നു.

Advertisement
Advertisement