ഗുണ്ടാ നേതാവ് കുരുടി ഫിജോ കാപ്പ ചുമത്തി അറസ്റ്റിൽ

34

വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരന്തരം അക്രമം, വധശ്രമം, മാരകായുധങ്ങളുമായി വീടുകയറി സ്ത്രീകളെയടക്കം ആക്രമിക്കുക എന്നീ കുറ്റകൃത്യങ്ങളിലേർപ്പെട്ട് വന്നിരുന്ന പ്രതി കുരുടി ഫിജോ അറസ്റ്റിൽ. വിയ്യൂർ പോലീസ് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച് തൃശൂർ ജില്ലാ കളക്ടർ അറസ്റ്റ് വാറണ്ടു പുറപ്പെടുവിച്ചാണ് കാപ്പ ചുമത്തി മാറ്റാമ്പുറം കുരുടി സ്വദേശി ഫിജോയെ അറസ്റ്റുചെയ്തത്. 2017 മുതൽ നിരന്തരം ഗുരുതരമായ കുറ്റകൃത്യങ്ങളിലേർപ്പെടുകയും ഓരോതവണയും കുറ്റം ചെയ്തുകഴിഞ്ഞ് കൂട്ടാളികളുമായി ഒളിവിൽ കഴിയുകയും പോലീസ് അറസ്റ്റുചെയ്ത് റിമാൻറ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാൽ വീണ്ടും അക്രമപ്രവൃത്തികളിലേർപ്പെട്ട് ജനജീവിതത്തിനു ഭീഷണിയായി കഴിഞ്ഞുവരികയായിരുന്നു. കഞ്ചാവു വില്പന നടത്തുന്നത് ചോദ്യം ചെയ്തതിലുളള വിരോധത്തിൽ സംഘം ചേർന്ന് വീടുകയറി കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്പിച്ച കേസിലും, സംഘം ചേർന്ന് വീട്ടിൽ കയറി വീട്ടമ്മയെയും മറ്റും ആക്രമിച്ചു പരിക്കേല്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത കേസിലും, പണം ആവശ്യപ്പെട്ടത് കൊടുക്കാത്തതിലുളള വിരോധം വെച്ച് വീട്ടുമുറ്റത്തേക്ക് സംഘംചേർന്ന് അതിക്രമിച്ചു കയറി വീടിന്റെ ജനൽചില്ലു തകർക്കുകയും ഗൃഹനാഥനെ മർദ്ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത കേസിലും, കഞ്ചാവുകേസ് പോലീസിന് ഒറ്റിക്കൊടുക്കുന്നയാളാണെന്ന വൈരാഗ്യത്തിൽ സംഘം ചേർന്ന് കുടുംബസമേതം കഴിഞ്ഞിരുന്ന വീട്ടമ്മയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി വസ്ത്രം വലിച്ചു കീറി മാനഹാനി വരുത്തുകയും ഭർത്താവിന്റെ കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും, അടിച്ചു പരിക്കേല്പിക്കുകയും, മുറ്റത്തിരുന്ന ബൈക്ക് കത്തിക്കുകയും ചെയ്ത കേസിലും, വീടിനുമുന്നിലൂടെ കഞ്ചാവിനും മറ്റും പോകുന്നത് തടയാൻശ്രമിച്ചതിലുളള വിരോധത്താൽ സംഘം ചേർന്ന് മാരകായുധങ്ങളായ കമ്പിപ്പാര, വടിവാൾ എന്നിവയുമായി വീട്ടിലേക്ക് അതിക്രമിച്ചുകയറി പുറത്തിറക്കി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും മോട്ടോർസൈക്കിളും, ജനൽചില്ലുകളും മറ്റും അടിച്ചു തകർക്കുകയും ചെയ്ത കേസിലും ഇയാൾ വിചാരണ നേരിട്ടു വരികയാണ്. മാറാമ്പുറം കുരുടി പ്രദേശത്തുളള പ്രവർത്തനം നിലച്ചുപോയ കരിങ്കൽ ക്വാറികളിലും അതിനോടു ചേർന്നുളള കാടുകളിലും മറ്റും ദിവസങ്ങളോളം ഒളിവിൽ കഴിയാനും പോലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അനുചരന്മാരിലൂടെ അറിയുന്നതിനും ഇയാൾക്ക് പ്രാവീണ്യമുണ്ട്. ജില്ലാ പോലീസ് മേധാവി ശ്രീ. ആർ ആദിത്യയുടെ നിർദ്ദേശപ്രകാരം ഒല്ലൂർ ACP ശ്രീ. കെ. സി. സേതുവിന്റെ മേൽനോട്ടത്തിലാണ് പ്രതിക്കെതിരേ റിപ്പോർട്ട് തയ്യാറാക്കിയത്. വിയ്യൂർ പോലീസ് ഇൻസ്പെക്ടർ ശ്രീ. സൈജു. കെ പോൾ, സിവിൽ പോലീസ് ഓഫീസർ ജയകൃഷ്ണൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Advertisement
Advertisement