വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട്

39

വാഹനാപകടത്തെത്തുടർന്ന്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലുള്ള അമലി(25)ന്‌ ചികിത്സാ പിഴവ്‌ ഉണ്ടായിട്ടില്ലെന്ന്‌ സൂപ്രണ്ട്‌ ഇൻ ചാർജ്‌ ഡോ. നിഷ എം ദാസ്‌ പറഞ്ഞു. ഫെബ്രുവരി ഒന്നിനാണ്‌ അമൽ ചികിത്സക്കായി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി  അത്യാഹിത വിഭാഗത്തിലെത്തിയത്. കാലിലെ രണ്ട്‌ എല്ലുകൾ, തുടയെല്ല്, കൈയിലെ എല്ല് എന്നിവയിൽ ഒടിവും  തലച്ചോറിൽ രക്ത സ്രാവവും ഉണ്ടായിരുന്നു. തീവ്ര പരിചരണവിഭാഗത്തിലായിരുന്ന യുവാവിനെ ഫെബ്രുവരി 22ന്‌ എല്ലുകളുടെ ശസ്ത്രക്രിയ പൂർത്തിയാക്കി. മാർച്ച്‌ മൂന്നിന്‌ വാർഡിലേക്ക് മാറ്റി. നാലുമുതൽ രോഗിക്ക് ഇടവിട്ട് പനി വന്നതിനെത്തുടർന്ന്‌ അതിന്‌ ചികിത്സയും നൽകി. ആറിന്‌ രാത്രി ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടു. രോഗി കഴിച്ച മരുന്ന് മൂലമാണ് ഈ ലക്ഷണങ്ങൾ ഉണ്ടായത് എന്നും ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ചുമയ്‌ക്ക് നൽകുന്ന സിറപ്പാണ് കഴിച്ചതെന്ന് വ്യക്തമായി. ഈ സിറപ്പ്‌ അലർജിക്കും ചുമയ്‌ക്കും നൽകുന്ന മരുന്നുമാണ്. ഏഴിന്‌ രാവിലെ രോഗിക്ക് അപസ്മാരംപോലെ ഉണ്ടാവുകയും ഉടൻ ചികിത്സ നൽകുകയും ചെയ്തു. സിറപ്പിൽ ഉണ്ടായിരുന്ന മരുന്നുകൾ മൂലം ഈ ലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടാകാൻ സാധ്യതയില്ലെന്ന് വിദഗ്‌ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡ് വിലയിരുത്തി. നിലവിൽ രോഗി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Advertisement
Advertisement