Home special തൃശൂർ പൂരം: മാനവികതയുടെ മഹാഗോപുരം

തൃശൂർ പൂരം: മാനവികതയുടെ മഹാഗോപുരം

0
തൃശൂർ പൂരം: മാനവികതയുടെ മഹാഗോപുരം

പൂരങ്ങളുടെ സംഗമമാണ് തശൂര്‍പൂരം. സംഗമക്ഷേത്രം തൃശൂര്‍ വടക്കുന്നാഥന്റെ തട്ടകം തേക്കിന്‍കാട് മൈതാനം. ഘടകപൂരങ്ങളുടെ ക്ഷേത്രങ്ങളില്‍ പൂരത്തിന് ഒരാഴ്ച മുമ്പ് കൊടിയേറ്റ് നടത്തും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളാണ് പ്രധാനികള്‍.

eiVDS5M1482

മുറിച്ചെടുത്തു വൃത്തിയാക്കിയ വലിയ കവുങ്ങിന്‍തടിയില്‍ ആലിലയും മാവിലയും വെച്ചുകെട്ടിയതാണ് കൊടിമരം. കൊടിയേറ്റ് കഴിയുന്നതോടെ പ്രദേശവാസികളുടെ ഹൃദയതാളം ഉണരുകയായി. എന്തെല്ലാം ഒരുക്കാനിരിക്കുന്നു. നാടും വീടും വിട്ടു പാര്‍ക്കുന്നവരെ ഔപചാരികമായി ക്ഷണിക്കണം. ഓണം വിട്ടാലും പൂരം വിടില്ലെന്ന് കണക്കാക്കിയിരിക്കുന്നവരാണ് ഇപ്പോഴത്തെ പ്രവാസികള്‍.

ei1QXKD28560

ലോകമലയാളികളില്‍ സൗകര്യമുള്ളവര്‍, ആനച്ചൂരു മണത്ത് വാദ്യമേളങ്ങള്‍ ആസ്വദിച്ച് വെടിമരുന്നിന്‍ ജാലം കണ്ടുമടങ്ങാന്‍ ഓടിയെത്തും. ഒരിക്കലെങ്കിലും പൂരം കണ്ടവരാണെങ്കില്‍ ആ ദിനം അവരുടെ മനസ്സുകള്‍ പൂരപ്പറമ്പില്‍ മേയാനെത്തും.


പൂരമഹിമ

FB IMG 1682748754760


ഇരുമുടിക്കെട്ടുമേന്തി ശബരിമലയ്‌ക്കോ തെച്ചിപ്പൂമാലയും വാളുമായി കൊടുങ്ങല്ലൂരിലേക്കോ നീങ്ങുന്ന തീര്‍ഥാടകപ്രവാഹം പോലെയല്ല, ജനങ്ങള്‍ തൃശ്ശൂര്‍പൂരം കാണാനെത്തുന്നത്. ദൃശ്യനാദ വിസ്മയങ്ങളുടെ വലിയ വിരുന്നുകളാണവരെ കാത്തിരിക്കുന്നത്. നെറ്റിപ്പട്ടം കെട്ടിയ മസ്തക
ത്തില്‍ കോലമേന്തി, ആലവട്ടവും വെഞ്ചാമരവും വീശുന്നവരെ വഹിച്ചു
നീങ്ങുന്ന ഗജവീരന്മാര്‍, മഠത്തില്‍ വരവും ഇലഞ്ഞിത്തറ മേളവും തീര്‍ക്കുന്ന നാദത്തിന്റെ അലമാലകള്‍, അസ്തമയസൂര്യന്റെ ചെങ്കതിരുകളേറ്റു തിളക്കമേറുന്ന കുടമാറ്റത്തിന്റെ മഴവില്‍ഭംഗി, അടുത്ത പുലര്‍ച്ചെ മൂന്നു മണിക്കു തുടങ്ങുന്ന കരിമരുന്നുകളുടെ ആകാശപൂരവും എന്തിന്, പൂരപ്പിറ്റേന്ന് പ്രധാന ദേവതകള്‍ വടക്കുന്നാഥന്റെ പടിഞ്ഞാറേ നടയില്‍നിന്ന് ഉപചാരം ചൊല്ലിപ്പിരിയുന്ന വേളയില്‍പ്പോലും പതിനായിരക്കണക്കിന് മനുഷ്യര്‍ സാക്ഷികളായുണ്ടാകും. 15-20 ലക്ഷത്തോളം പേര്‍ ഓരോ വര്‍ഷവും പൂരം കാണാനെത്തുന്നതായാണ് അനൗദ്യോഗിക കണക്ക്.

FB IMG 1682042822017

പൂരദിവസം രാവിലെ അഞ്ചുമണി മുതല്‍ തുടങ്ങുന്ന ഘടകപൂരങ്ങളുടെ വരവോടെ ഉണരുന്ന പൂരമൈതാനം നീണ്ട മുപ്പത്തിയാറു മണിക്കൂര്‍ ഉണര്‍ന്നിരിക്കും. ഇടവേളകളില്ലാത്ത ദൃശ്യചാരുതയോടെ!
വടക്കുന്നാഥന്റെ ക്ഷേത്രം കേന്ദ്രസ്ഥാനമായ ഒരു ആംഫി തിയേറ്റര്‍ കണക്ക് അര്‍ധവൃത്താകൃതിയില്‍ പുരുഷാരം നിറഞ്ഞുനില്‍ക്കും. കെട്ടിടങ്ങളായ കെട്ടിടങ്ങളൊക്കെ ജനങ്ങളായിരിക്കും. വെടിക്കെട്ടിനു തൊട്ടുമുമ്പുള്ള ഉദ്വേഗഭരിതമായ നിമിഷങ്ങളൊഴിച്ചാല്‍ ഒഴുക്കാണ് തൃശൂര്‍പൂരത്തിന്റെ ബലതന്ത്രം.


പൂരപ്പിറവി

FB IMG 1682748722684


കാര്‍ഷിക സംസ്‌കൃതിയുടെ സംഘാടനമാണ് ആറാട്ടുപുഴയിലെ ദേവസംഗമത്തിന്റേതെങ്കില്‍, ആധുനിക വ്യാപാരവ്യവസായ സംസ്‌കൃതിയി
ലേക്കു വളരുന്ന ഒരു ജനസമൂഹത്തെ മുന്‍കൂട്ടിക്കണ്ടതാണ് തൃശ്ശൂര്‍പൂരം. വിവിധ തൊഴില്‍ വിദഗ്ധരെയും ക്രിസ്ത്യാനികളായ വര്‍ത്തകപ്രമാണി
മാരെയും തൃശ്ശൂര്‍ ദേശത്തിന്റെ പല ഭാഗത്തായി കുടിയിരുത്തിയശേഷം ഉള്‍നാടുകളില്‍നിന്ന് ജനപ്രവാഹഗതി കേന്ദ്രീകരിക്കുന്നതിന് നിമിത്തമായി തൃശ്ശൂര്‍പൂരം. പ്രശസ്ത ബ്രാഹ്മണഗ്രാമങ്ങളിലൊന്നായ പെരുവനത്തിന്റെ മേല്‌ക്കൈയിലാണ് ആറാട്ടുപുഴ പൂരം. തൃശ്ശൂര്‍ വിഭാഗത്തെ അയിത്തം കല്പിച്ച നടപടിയില്‍ പ്രതിഷേധിച്ചു തുടങ്ങിയ തൃശ്ശൂര്‍പൂരം നടത്തിപ്പില്‍ ശൂദ്രജനതയ്ക്കാണ് ആധിപത്യം.


മതപരമായ ആചാരാനുഷ്ഠാനങ്ങളല്ല, മനുഷ്യക്കൂട്ടായ്മയുടെ മഹാഗോപുരമാണ് തൃശൂര്‍പൂരം.

ഒരു ജനതയുടെ ആത്മാവിലോളം അതു വേരുപടര്‍ത്തിക്കഴിഞ്ഞു. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലൂടെ പ്രതിഭാശാലികള്‍ സൂക്ഷ്മവും കൃത്യവുമായ ചലനഭംഗിയില്‍ അതിനെ സംവിധാനം ചെയ്തിരിക്കുന്നു. കൊടിയേറ്റ്, പൂരപ്പന്തലുകള്‍, പ്രദര്‍ശനം, ഒരു ദിവസം മുമ്പേ നടത്തുന്ന സാമ്പിള്‍ വെടിക്കെട്ട്, ആനച്ചമയം തുടങ്ങി പൂരനാളില്‍ മൈലുകള്‍ താണ്ടി എട്ടു ഘടകപൂരങ്ങള്‍ പുലര്‍ച്ചെ ആറുമണി മുതല്‍ നിശ്ചിത സമയക്രമത്തില്‍ വാദ്യങ്ങളുടെ അകമ്പടിയോടെ നഗരത്തില്‍ പ്രവേശിക്കുന്ന ദേശവലത്ത് ഇവകളോടെ നഗരം പൂരലഹരി
യിലേക്കു കാലെടുത്തുവെയ്ക്കുകയായി. പിന്നെയാണ് മുഖ്യ ആകര്‍ഷണ
ങ്ങളായ മഠത്തില്‍ വരവ്, ഇലഞ്ഞിത്തറ മേളം, കുടമാറ്റം, വെടിക്കെട്ട് എന്നിവ.


പൂരപ്പെരുമ

FB IMG 1682747906266


കൊച്ചി രാജ്യത്ത് കൊടുങ്ങല്ലൂര്‍ ഭരണിക്കും ചിറ്റൂര്‍ കൊങ്ങന്‍പടയ്ക്കും ലഭിച്ചിരുന്ന പ്രശസ്തിയെ മറികടന്ന് വലിയ ജനസ്വീകാര്യതയിലേക്ക് തൃശ്ശൂര്‍
പൂരം വളര്‍ന്നുകഴിഞ്ഞു. ജാതി, മതം, പ്രായം, ധനസ്ഥിതി എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള വ്യത്യാസങ്ങളെയും പൂരം വെട്ടിമാറ്റുന്നു. പരസ്പരം സ്പര്‍ശിക്കുന്ന മനുഷ്യശരീരങ്ങള്‍ സമദര്‍ശിതയുടെ ആധുനികമൂല്യം പങ്കുവെയ്ക്കുന്നു. ഇലഞ്ഞിത്തറമേളം കാണാനും കേള്‍ക്കാനും എല്ലാ
വിഭാഗം ജനങ്ങളും ക്ഷേത്രതില്‍ക്കെട്ടിനകത്തു കയറാറുണ്ട്. മതേതരത്വ
മാണ് പൂരത്തിന്റെ ബലം. പൂരവിജയത്തിന് നഗരത്തിലെ ധനിക
ക്രിസ്ത്യാനികളുടെ സാമ്പത്തികസഹകരണം ശക്തന്‍ തമ്പുരാന്റെ കാലം മുതലേയുള്ളതാണ്. അതവര്‍ അതിസന്തോഷത്തോടെ, കൃതാര്‍ഥത
യോടെയാണ് നിര്‍വഹിച്ചുപോരുന്നതും.
കാര്‍ണിവെല്‍ പോലുള്ള പാശ്ചാത്യ ഉത്സവങ്ങളിലേതുപോലെ മുറകള്‍ തെറ്റിക്കുന്നതോ സമൂഹമര്യാദകള്‍ ലംഘിക്കുന്നതോ ആയ അരാജകത്വത്തിന്റെ ആഘോഷങ്ങള്‍ പൂരത്തിനിടയില്‍ അപൂര്‍വമാണ്. എങ്കിലും ഇപ്പോഴും തിരക്കും ജനങ്ങളുടെ ഒഴുക്കും പൂരത്തെ മുഖ്യമായും പുരുഷന്മാരുടേതാക്കിത്തന്നെ നിലനിര്‍ത്തുന്നു. സ്ത്രീകള്‍ കൂട്ടത്തോടെ പൂരം കാണാനെത്തുന്നത് ഒരു സ്വപ്നമായി നില്ക്കുന്നു.
ഒരു പൂരത്തിന് വേണ്ടതെല്ലാം തൃശൂര്‍പൂരത്തിലുണ്ട്. ഇവിടെയില്ലാ
ത്തത് മറ്റു പൂരങ്ങളില്‍ അപൂര്‍വമത്രെ. സാമ്പിള്‍ വെടിക്കെട്ടും കുടമാറ്റവും വാദ്യവുമെല്ലാം മറ്റു പൂരങ്ങളിലേക്കും മറ്റു മതവിഭാഗങ്ങളുടെ പെരുന്നാളു
കളിലേക്കും വരെ സംക്രമിക്കുന്നതായാണ് കാണുന്നത്.


പൂരത്തര്‍ക്കങ്ങള്‍

eiHP0XB3028


പൂരത്തിനൊപ്പം പിറന്നതാണ് പൂരത്തര്‍ക്കങ്ങളും. കരിയും കരിമരുന്നും എല്ലായിപ്പോഴും പൂരപ്രേമികളെ പലനിലയ്ക്കും മുള്‍മുനയില്‍ നിര്‍ത്താ
റുണ്ട്. ആനപീഡനവും ശബ്ദഘോഷത്തോടെയുള്ള വെടിക്കെട്ടും നിരോധി
ക്കണമെന്ന ആവശ്യം സുപ്രീംകോടതിവരെയുള്ള കോടതികളില്‍ വ്യവഹാരത്തിന് കാരണമായിട്ടുണ്ട്. ഇപ്പോഴത്തെ ഘടനയില്‍ എവിടെ വിള്ളല്‍ വീണാലും പൂരച്ചന്തത്തിന് കോട്ടംതട്ടുമെന്നതിനു സംശയമില്ല. അതേസമയം, ആപത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിക്കാനും സാധ്യമല്ല.
പൂരത്തിന്റെ നവീനാസൂത്രകര്‍ അതിനും പരിഹാരം കാണേണ്ടതുണ്ട്. ജെല്ലിക്കെട്ടു നിരോധനമുണ്ടായപ്പോള്‍ തമിഴ് മക്കള്‍ ഇളകിമറിഞ്ഞു. ഭരണകൂടവും കോടതിയും അന്തംവിട്ടു. രണ്ടായിരത്തിയഞ്ഞൂറു വര്‍ഷത്തെ പൈതൃകമാണ് അവരെ വൈകാരികമായി ഇളക്കിമറിച്ചത്. പൂരം പിറന്നിട്ട് രണ്ടേകാല്‍ നൂറ്റാണ്ടാകുന്നതേയുള്ളൂ. എന്നിട്ടുപോലും വകഞ്ഞുമാറ്റാനാവാത്ത വികാരമാണ് മലയാളികള്‍ക്ക്.
മഴ കാരണവും മറ്റുമായി ചടങ്ങായി പൂരം ചില വര്‍ഷങ്ങളില്‍ നടത്തിയിട്ടുണ്ട്. 1962-ലെ ഇന്ത്യ-ചൈന യുദ്ധവും 1963-ല്‍ പൂരം പ്രദര്‍ശനത്തിന്റെ വിഹിതം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കവും കാരണം പൂരം മുടങ്ങിപ്പോയി. തുടര്‍ച്ചയായി രണ്ടാംവര്‍ഷവും മുടങ്ങിയപ്പോള്‍ മാതൃഭൂമി പത്രാധിപര്‍ കെ.പി. കേശവമേനോന്‍ ഇടപെട്ട് പ്രധാനികളെ ഇപ്രകാരം ഓര്‍മിപ്പിച്ചതായി കേട്ടറിവുണ്ട്. ”തൃശ്ശൂര്‍ പൂരത്തിന്റെ മഹിമ നിങ്ങള്‍ക്കറിയില്ലെങ്കിലും ഞങ്ങള്‍ക്കറിയാം, അതു മുടക്കരുത്.”

FB IMG 1682746573702

(കേരള കലാമണ്ഡലം മുൻ രജിസ്ട്രാറും നിലവിൽ ഭരണസമിതി അംഗവുമാണ് ലേഖകൻ)

LEAVE A REPLY

Please enter your comment!
Please enter your name here